യുകെയിലെ റോഡില്‍ തെന്നി വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങള്‍ 15,000ത്തിലേറെ; കഴിഞ്ഞ ദിവസം രാത്രി കവന്‍ട്രിയില്‍ മലയാളി അമ്മയും കുഞ്ഞും തെന്നി മറിഞ്ഞ കാറില്‍ നിന്നും രക്ഷപ്പെട്ടത് ഭാഗ്യത്തിന്റെ തലനാരിഴയില്‍; തണുത്തുറഞ്ഞ രാത്രിയില്‍ പതുങ്ങി എത്തുന്ന മഞ്ഞും മഴയും റോഡുകളില്‍ കാത്തിരിക്കുന്നത് അപകട രൂപത്തില്‍
കവന്‍ട്രിയില്‍ മലയാളി അമ്മയും കുഞ്ഞും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കവന്‍ട്രി: അപ്രതീക്ഷിതം അല്ലെങ്കിലും അല്‍പം നേരത്തേയെത്തിയ മഞ്ഞുവീഴ്ച യുകെയിലെ റോഡുകളെ കുരുതിക്കളമാക്കുകയാണ്. ഒപ്പം ബെര്‍ട്ട് കൊടുങ്കാറ്റ് എത്തിച്ച കാറ്റും മഴയും കാരണം സൗത്ത് വെയില്‍സ് അടക്കമുള്ള പ്രദേശങ്ങള്‍ കടുത്ത പ്രളയഭീതിയിലും. കഴിഞ്ഞ ദിവസങ്ങളിലെ മഞ്ഞുവീഴ്ചയ്ക്ക് പിന്നാലെ എത്തിയ മഴ മൂലം പരിചയ സമ്പന്നരായ ഡ്രൈവര്‍മാര്‍ പോലും അപകടത്തില്‍ പെടുന്ന സാഹചര്യത്തില്‍ മഞ്ഞില്‍ വാഹനമോടിച്ചു പരിചയം ഇല്ലാത്ത മലയാളികള്‍ പ്രത്യേക കരുതല്‍ എടുക്കണം എന്നോര്‍മ്മിപ്പിക്കുകയാണ് കഴിഞ്ഞ ദിവസങ്ങളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ മലയാളികള്‍ക്ക് നേരിട്ട അപകടങ്ങള്‍.
മിക്ക അപകടങ്ങളും വാഹനങ്ങള്‍ തെന്നി നീങ്ങി ഇടിച്ചതിനാലും പിന്നില്‍ നിന്നും എത്തിയ വാഹനങ്ങള്‍ ഇടിച്ചതിനാലും ഒക്കെ ആര്‍ക്കും കാര്യമായ പരിക്കുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സാധാരണ നിലയിലേക്കാള്‍ കൂടുതല്‍ അകലം പാലിച്ചു വാഹനങ്ങള്‍ തൊട്ടു മുന്‍പില്‍ ഉള്ള വാഹനത്തിനു പിന്നിലായി നിര്‍ത്തിയില്ലെങ്കില്‍ പിന്നില്‍ നിന്നും വേഗത്തില്‍ വന്നിടിക്കുന്ന വാഹനം മൂലം കൂട്ടയിടിക്കുള്ള സാഹചര്യവും വലുതാണ്.
ഐസ് വീണ റോഡില്‍ സാധാരണ ഗതിയില്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കരുതലോടെ ബ്രേക്ക് ചവിട്ടിയില്ലെങ്കില്‍ വാഹനം നിയന്ത്രണം നഷ്ടമാകാനും സാധ്യത ഏറെയാണ്. ഒപ്പം തേഞ്ഞു പഴകിയ ടയറുകളും വിന്റര്‍ കാലത്തെ അപകടങ്ങള്‍ക്ക് മുഖ്യ കാരണമാണ്. അടുത്ത എംഒടി വരെ വാഹനങ്ങളുടെ ടയര്‍ പരിശോധിക്കാതെ സ്വഭാവം ഉള്ളവര്‍ ശൈത്യകാലത്തു തേഞ്ഞ ടയറുകള്‍ മൂലം അപകടം ക്ഷണിച്ചു വരുത്തുന്നവര്‍ കൂടിയാണ്.
പോലീസ് പിടിയില്‍ അകപ്പെട്ടാല്‍ കനത്ത പിഴയും പെനാല്‍റ്റി പോയിന്റും ഇക്കാരണത്താല്‍ തന്നെ തേഞ്ഞ ടയറുകള്‍ ഉള്ള വാഹങ്ങള്‍ക്ക് പതിവ് ശിക്ഷ നടപടിയുമാണ്. യുകെയില്‍ സംഭവിക്കുന്ന അപകടങ്ങളില്‍ ഇത്തരം വാഹനങ്ങളുടെ പങ്കു തെളിയിക്കുന്ന കൃത്യമായ കണക്ക് പോലീസില്‍ ഉള്ളതിനാലാണ് കഴിവതും അപകടം ഒഴിവാക്കാന്‍ കൂടുതല്‍ റോഡ് പിടുത്തമുള്ള ടയറുകള്‍ ശൈത്യകാലത്ത് അനിവാര്യമാണ് എന്ന് പോലീസ് പറയുന്നത്.
യുകെയില്‍ ഓരോ വര്‍ഷവും സംഭവിക്കുന്ന 15,000ത്തോളം റോഡ് അപകടങ്ങളില്‍ നല്ല പങ്കിനും റോഡില്‍ കാറും മറ്റു വാഹനങ്ങളും സ്‌കിഡ് ആകുന്നതുമായി അഭേദ്യമായ ബന്ധം ഉണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ശൈത്യകാലത്താകട്ടെ 15 ശതമാനം അധികം കാറുകള്‍ വേനല്‍കാലത്തേക്കാള്‍ അപകടത്തില്‍ ഉള്‍പ്പെടുന്നുവെന്നും കണക്കുകളില്‍ വ്യക്തമാണ്. മഞ്ഞുവീണ ശേഷമുള്ള റോഡിലെ ഡ്രൈവിംഗില്‍ പത്തു മടങ്ങു സമയമെടുത്തേ വാഹനങ്ങള്‍ ബ്രേക്ക് ചെയ്താല്‍ നിര്‍ത്താനാകൂ എന്നും പോലീസ് വ്യക്തമാക്കുന്നു. ഇതോടെ അപകടവഴികളില്‍ മഞ്ഞിനും ശൈത്യകാലത്തിനും ഉള്ള സംഭാവന വിലമതിക്കാനാകാത്തത് എന്നത് തന്നെയാണ്.
കവന്‍ട്രിയില്‍ മലയാളി അമ്മയും കുഞ്ഞും അപകടത്തില്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
അതിനിടെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച അര്‍ദ്ധ രാത്രി കവന്‍ട്രിയില്‍ മലയാളി ഡ്രൈവര്‍ പോലീസ് പിടിയില്‍ ആയതിനു പിന്നാലെ ഞായറാഴ്ച രാത്രി നടന്ന അപകടത്തില്‍ മലയാളി വനിതയും കുഞ്ഞും ഭാഗ്യത്തിന്റെ തണലില്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെടുക ആയിരുന്നു. വെള്ളിയാഴ്ച അര്‍ദ്ധ രാത്രി വല്‍സ്‌ഗ്രെയ്വ് പ്രദേശത്തു ചുവന്ന ലാന്‍ഡ് റോവര്‍ പോലീസ് തടഞ്ഞു പിടികൂടിയത് മലയാളി ഡ്രൈവറെ ആണെന്ന് പറയപ്പെടുന്നു.
വീക്കെന്‍ഡില്‍ ഡിജെ നൈറ്റ് ഉള്‍പ്പെടെ ആഘോഷ പരിപാടികള്‍ പതിവായതിനാലും വിന്റര്‍ രാത്രികളില്‍ മോഷണ ശല്യം കൂടിയതിനെ തുടര്‍ന്ന് മലയാളികള്‍ തന്നെ പോലീസ് ബ്രീഫിങ് യോഗത്തില്‍ പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ രാത്രി പട്രോളിംഗ് ശക്തമാണ്. ഇക്കാര്യം പ്രദേശത്തെ മലയാളി ടാക്‌സി ഡ്രൈവര്‍മാരും ശരിവയ്ക്കുന്നു. ഇത്തരം പട്രോളിംഗിന് ഇടയിലാണ് അര്‍ധരാത്രിയോടെ മലയാളി ഡ്രൈവറെ പോലീസ് പിടികൂടുന്നത്. ഈ കാര് പിന്നീട് പോലീസ് റിക്കവറി വാഹനം എത്തിയാണ് നീക്കം ചെയ്തത്. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു മലയാളി കുടുംബങ്ങള്‍ മോഷണത്തിന് ഇരയായിരുന്നു.
ഞായറാഴ്ച രാത്രി ഒന്‍പതു മണിയോടെയാണ് കവന്‍ട്രി ഹോസ്പിറ്റലിന് അടുത്ത് വല്‍സ്‌ഗ്രെവില്‍ അപകടം സംഭവിക്കുന്നത്. മഞ്ഞുവീണ ശേഷം മഴ പെയ്ത റോഡില്‍ പൊടുന്നനെ കാര്‍ തെന്നിമാറാന്‍ കാരണം റോഡിലെ നനവാണ് എന്ന് കരുതപ്പെടുന്നു. നാലു ഭാഗത്തേക്കും വാഹനങ്ങള്‍ തിരിയുന്ന ക്രോസ് ജംഗ്ഷനില്‍ ആണ് അപകടം ഉണ്ടായത്. ഇവിടം സ്ഥിരം അപകട പ്രദേശവുമാണ്.
നാല്‍പതു മൈല്‍ സ്പീഡില്‍ ഉള്ള അന്‍സ്റ്റി റോഡില്‍ നിന്നും വുഡ് വേ ലൈനിലേക്കും ഹോസ്പിറ്റലിലേക്കും ക്രോസ് ചെയ്തു പോകുന്ന റോഡില്‍ നേരെ പോകാന്‍ വാഹനങ്ങള്‍ക്ക് സിഗ്‌നല്‍ ലഭിക്കുമ്പോള്‍ തന്നെ നൊടിയിടയില്‍ ക്രോസ് ചെയ്യാനുള്ള സിഗ്‌നലും ഒന്നിച്ചെത്തും. ഇവിടെ പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് അപകടം സംഭവിക്കാന്‍ സാധ്യതയേറെയുമാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ചെറുപ്പക്കാര്‍ക്ക് അടക്കം ഒന്നിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഇവിടെ പുതിയ സിഗ്നലുകളും സിസിടിവി നിരീക്ഷണ ക്യാമറകളും ഒക്കെ സ്ഥാപിച്ചിട്ടും അപകടങ്ങള്‍ക്ക് മാത്രം കുറവില്ല.
ഞായറാഴ്ച രാത്രി നേരെയുള്ള റോഡില്‍ വാഹനം ഓടിച്ചെത്തിയ മലയാളി യുവതിയുടെ വാഹനം ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്ന വാഹനത്തെ കണ്ടയുടന്‍ ബ്രേക്ക് ചവിട്ടിയതാകാം അപകട കാരണം എന്ന് വിലയിരുത്തപ്പെടുകയാണ്. റോഡില്‍ തെന്നി നീങ്ങിയ കാര്‍ ചെരിഞ്ഞാണ് വീണത്. കൈക്കുഞ്ഞ് അടക്കം കാറില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. തൊട്ടു പുറകെ വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അപകടത്തിന്റെ തീവ്രത കുറയാന്‍ കാരണമായത്. അപകടം കണ്ടെത്തിയ മറ്റു ഡ്രൈവര്‍മാരാണ് കാറിന്റെ ഡോര്‍ തുറന്ന് അമ്മയെയും കുഞ്ഞിനേയും പുറത്തെടുത്തത് എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തെ തുടര്‍ന്ന് ഏറെനേരം റോഡില്‍ വാഹന യാത്ര തടസ്സമുണ്ടായി.