മഞ്ഞുവീണ് വെള്ളപ്പരവതാനി വിരിച്ച മിഠായിത്തെരുവും മാനാഞ്ചിറയും റെയില്‍വേ സ്റ്റേഷനും; കാശ്മീരിനെപ്പോലെ കോഴിക്കോടും മഞ്ഞു വീണാലോ! പത്ത് ലക്ഷത്തിലേറെ കാഴ്ച്ചക്കാരുമായി സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോഴിക്കോടെ മഞ്ഞുകാലം; കോഴിക്കോടിന്റെ പുത്തന്‍ മൊഞ്ച് പങ്കുവെച്ച് പ്രമുഖരും
മഞ്ഞുവീണ് വെള്ളപ്പരവതാനി വിരിച്ച മിഠായിത്തെരുവും മാനാഞ്ചിറയും റെയില്‍വേ സ്റ്റേഷനും
തിരുവനന്തപുരം: കോഴിക്കോടിന്റെ മൊഞ്ചിനെക്കുറിച്ച് പറയുമ്പോള്‍ മലയാളിക്ക് നുറുനാവാണ്.വിശ്വപ്രസിദ്ധ കൃതികളില്‍ വരെ കഥാപാത്രമായ മിഠായിത്തെരവും മാനാഞ്ചിറയും ബീച്ചുമൊക്കെയായി പ്രത്യേക സൗന്ദര്യമാണ് കോഴിക്കോടിന്.ഈ കാഴ്ച്ചകളൊക്കെ ഒട്ടുമിക്ക മലയാളിക്കും സുപരിചിതവുമാണ്. എന്നാല്‍ അതേ കോഴിക്കോട് വിദേശരാജ്യങ്ങളിലേത് പോലെ മഞ്ഞുവീഴ്ച്ചയുണ്ടായാലോ..എങ്ങിനെയുണ്ടാകുമെന്ന ചോദ്യത്തിനുത്തരം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ഒരു വീഡിയോയിലുണ്ട്.കോഴിക്കോട് സ്വദേശിയായ ഫിറോസാണ് മഞ്ഞ് മൂടിയ കോഴിക്കോടിനെ നിര്‍മിത ബുദ്ധിയിലൂടെ കാണിച്ചു തരുന്നത്.
ആള്‍തിരക്കൊഴിയാത്ത മിഠായത്തെരുവില്‍ മഞ്ഞ് വീണാല്‍ ദാ ഇങ്ങനെയിരിക്കും.ബീച്ചിലാണെങ്കിലോ...ദാ ഇതുപോലെയും.വെള്ള പരവതാനി വിരിച്ച പാളയം മാര്‍ക്കറ്റിലേക്ക് പച്ചക്കറി വാങ്ങാന്‍ പോകുന്നതൊന്ന് ഓര്‍ത്തുനോക്കിയേ ? ആവി പറക്കുന്ന കോഴിക്കോടന്‍ രുചികളും സുലൈമാനിയും കൊടുംമഞ്ഞില്‍ രുചിയോടെ കഴിച്ചാല്‍ എങ്ങിനിരിക്കും..കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കമ്പിളിക്കുപ്പായം പുതച്ച് വന്നിറങ്ങുന്ന യാത്രക്കാര്‍..ബീച്ചില്‍ ഇരമ്പലോടെ അടിച്ചു കയറുന്ന ശീതക്കാറ്റ്..സരോവരത്തു മഞ്ഞില്‍ പൊതിഞ്ഞ് ഉയര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍.. ഇങ്ങനെയാണ് എ ഐ വീഡിയോ പോകുന്നത്.റെയില്‍വേ സ്റ്റേഷനും അമ്പലവും ഒക്കെ വീഡിയോയില്‍ വന്നു പോകുന്നുണ്ട്.
നിലവില്‍ ഒരിക്കലും സാധ്യത ഇല്ലാത്ത ഈ മഞ്ഞിനെ കാഴ്ച്ചയ്ക്കായി ഒരുക്കിയത് കോഴിക്കോട് സ്വദേശിയും എഞ്ചിനിയറുമായ എന്‍.വി ഫിറോസാണ്.ഫിറോസിന്റെ ആശയത്തില്‍ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ ഉടലെടുത്ത ഈ റീല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വൈറലായിക്കഴിഞ്ഞു.മഞ്ഞ് കാണാന്‍ കശ്മീരിലേക്കും മറ്റും യാത്ര ചെയ്യുന്നവാരാണ് മലയാളികള്‍.അവര്‍ക്ക് മുന്നിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട നഗരങ്ങളിലൊന്നായ കോഴിക്കോടിനെ മഞ്ഞ് പുതച്ചുകണ്ടപ്പോള്‍ അതുണ്ടാക്കിയ മനസുഖം ചെറുതൊന്നുമല്ല.കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ എഐ വിഡിയോയിലെ മഞ്ഞുകാലം കുറച്ചൊന്നുമല്ല കോഴിക്കോട്ടുകാരെ അമ്പരപ്പിച്ചത്.
വീഡിയോയ്ക്ക് താഴെ വരുന്ന കമന്റസിലൂടെയും വീഡിയോ പങ്കുവെച്ച ആള്‍ക്കാരുടെ എണ്ണവുമൊക്കെ ഇതിന് തെളിവാണ്.രസകരങ്ങളായ നിരവധി കമന്റസും വീഡിയോയ്ക്ക് വരുന്നുണ്ട്. എത്ര ഡിഗ്രി തണുപ്പുണ്ട്, മിഠായിത്തെരുവിലെ ഉടുപ്പകള്‍ നനഞ്ഞോ? തുടങ്ങി രസകരമായ കമന്റുകളായിരുന്നു റീലിന് താഴെ വന്നതിലധികവും.മീഞ്ചന്തയിലും പന്തീരങ്കാവിലും മഞ്ഞു വീഴുന്നത് കാണാത്തതിന്റെ വിഷമമായിരുന്നു ചിലര്‍ക്ക്.കാഴ്ചകള്‍ എഐ ആണെങ്കിലും കാലാവസ്ഥ വ്യതിയാനമൊക്കെ പതിവാകുന്ന ഈ കാലത്ത് ശരിക്കും ഇങ്ങനെയൊരു മഞ്ഞുകാലം വരുമോ? എന്ന ആശങ്കയും ചിലര്‍ പങ്കിടുന്നുണ്ട്.
100 വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോട് അതുപോലെയാകുമെന്നും അപ്പോള്‍ യൂറോപ്പ് പോലെയാകുമെന്നും ചിലര്‍ പറയുന്നു.അതൊന്നും വേണ്ട ഇപ്പോഴുള്ള കോഴിക്കോട് തന്നെ മതിയെന്നാണ് മറ്റൊരു കൂട്ടരുടെ വാദം.ഇങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങളാല്‍ സമ്പന്നമാണ് വീഡിയോയുടെ കമന്റ് സെഷന്‍.
ഇത്രയും പിന്തുണ പ്രതീക്ഷിച്ചില്ലെന്ന് ഫിറോസ്.. വീഡിയോ പങ്കുവെച്ച് പ്രമുഖരും
ഫിറോസിന്റെ എഐ വീഡിയോകള്‍ക്ക് ആരാധകര്‍ ഏറെയാണ്.സ്വാതന്ത്ര്യം ലഭിച്ച ദിവസത്തെ ഇന്ത്യ എങ്ങനെയായിരുന്നുവെന്ന് എ.ഐ ഉപയോഗിച്ചുള്ള സാങ്കല്‍പിക വീഡിയോ മാത്രം കണ്ടത് 24.9 മില്യണ്‍ ആളുകളാണ്.അതിന് പിന്നാലെയാണ് കോഴിക്കോടെ മഞ്ഞുകാലവും വൈറലാകുന്നത്.വീഡിയോയ്ക്ക് ലഭിച്ച സ്വീകാര്യത കണ്ട് ഞെട്ടിയിരിക്കുകയാണ് ഫിറോസ്.നാലുമാസക്കാലത്തോളം സമയമെടുത്ത് എട്ടോളം എഐ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ചാണ് ഫിറോസ് വീഡിയോ യാഥാര്‍ത്ഥ്യമാക്കിയത്.
'കഴിഞ്ഞ ജൂലായ് മുതല്‍ ദിവസം രണ്ട് മണിക്കൂറോളം ചെലവിട്ടാണ് വീഡിയോ പൂര്‍ത്തിയാക്കിയത്.ഒരു സുഹൃത്ത് ദുബായില മഞ്ഞുകാലം ചെയ്തിരുന്നു.അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വീഡിയോ ചെയ്തത്.ആദ്യം കൊച്ചിയിലെ മഞ്ഞുകാലമാണ്
ചെയ്തത്.അത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് എന്തുകൊണ്ട് സ്വന്തം നാടിന്റെ വീഡിയോ ചെയ്തുകൂടാ എന്ന് ചിന്തിച്ചത്.ഇതിനായി പലതവണ കോഴിക്കോട്ടെത്തി പല സ്ഥലങ്ങളുടേയും വിവിധ ആങ്കിളിലുള്ള ഫോട്ടോകള്‍ എടുത്തു.മുന്‍പ് പല വര്‍ക്കുകളും ചെയ്തിട്ടുണ്ടെങ്കിലും ഈ റീച്ച് പ്രതീക്ഷിച്ചിരുന്നില്ല'- ഫിറോസ് പറയുന്നു.
വീട്ടുകാരും സുഹൃത്തുക്കളുടെയും പിന്തുണയും ഫിറോസിന്റെ ഇത്തരം പരീക്ഷണത്തിന് കരുത്താകുന്നു.വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ഫിറോസ്.മന്ത്രി മുഹമ്മദ് റിയാസും മഞ്ഞ് നിറഞ്ഞ കോഴിക്കോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തണുപ്പുകാലത്തിന്റെ ഭാഗമായി. ഡിസംബറിന്റെ വരവറിയിച്ചാണ് ഫിറോസ് ഇത്തരത്തിലൊരു വ്യത്യസ്തമായ വീഡിയോ ഒരുക്കിയത്.