'നമുക്ക് ഓസ്‌ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായന്‍ ഇപ്പോള്‍ ചോദിക്കുന്നു' എന്ന് അവള്‍ പറയുമായിരുന്നു; ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാന്‍ എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു; അല്ലാതെ അവരുടെയിടയില്‍ വേറെ ഒരു പ്രശ്‌നവുമുണ്ടെന്ന് ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ അറിയില്ല; സംശയ രോഗം പച്ചക്കള്ളം; സൂരജിന് മുന്‍കോപമുണ്ടായിരുന്നു; ബിന്‍സിയ്ക്കും സുരജിനും സംഭവിച്ചത് എന്ത്?

Update: 2025-05-03 12:47 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ മലയാളി ദമ്പതികളുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ സംശയ രോഗമാണെന്ന വാര്‍ത്തകളെ തള്ളി സുഹൃത്തുക്കള്‍. ഇരുവരും രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം തര്‍ക്കം ഉണ്ടായതായാണ് സൂചന. തുടര്‍ന്ന് സൂരാജ് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ബിന്‍സിക്കെതിരെ ചിലര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ തങ്ങളെ കടുത്ത ദുഃഖത്തിനിടയിലും ഏറെ വേദനിപ്പിക്കുന്നുവെന്ന് ബിന്‍സിയുടെ ഉറ്റ സുഹൃത്ത് പ്രതികരിച്ചു. പേര് പുറത്തു പറയാന്‍ ഇവര്‍ ആഗ്രഹിക്കുന്നുമില്ല. ഇവര്‍ ഈ കുടുംബവുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. ഈ പ്രതികരണത്തില്‍ ശരികള്‍ മാത്രമാണുള്ളതെന്നാണ് സൂചന. സൂരജ്-ബിന്‍സി ദമ്പതികളുടെ 9 വയസ്സുള്ള മകളും 6 വയസ്സുള്ള മകനും നാട്ടിലാണ് പഠിക്കുന്നത്. ഇവര്‍ക്ക് സ്‌കൂള്‍ അവധിയായതിനാല്‍ അടുത്തിടെ കുവൈത്തിലേക്ക് കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് അവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവിട്ട് സൂരജും ബിന്‍സിയും ഏപ്രില്‍ 29-ന് കേരളത്തില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുട്ടികള്‍ കേരളത്തില്‍ ബിന്‍സിയുടെ വീട്ടുകാരോടൊപ്പമാണ് ഉള്ളത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ ജാബിര്‍ ആശുപത്രിയിലെ നഴ്‌സായ കണ്ണൂര്‍ ശ്രീകണ്ഠപുരം നടുവില്‍ സൂരജ് (40), ഡിഫന്‍സ് ആശുപത്രിയില്‍ നഴ്‌സായ ഭാര്യ എറണാകുളം കോലഞ്ചേരി മണ്ണൂര്‍ കൂഴൂര്‍ കട്ടക്കയം ബിന്‍സി (35) എന്നിവരാണു മരിച്ചത്.

എനിക്ക് ബിന്‍സിയെ കഴിഞ്ഞ 10 വര്‍ഷമായി അടുത്തറിയാം. ഇടയ്ക്കിടെ സൂരജും ബിന്‍സിയും തമ്മില്‍ പിണങ്ങുമായിരുന്നുവെങ്കിലും അതപ്പോള്‍ തന്നെ തീര്‍ന്ന് സന്തോഷത്തോടെ മുന്നോട്ടുപോകും. നല്ലൊരു കുടുംബ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്. ഇണക്കവും പിണക്കവുമടക്കം എല്ലാം ബിന്‍സി എന്നോടും മറ്റു കൂട്ടുകാരികളോടും പങ്കുവയ്ക്കുമായിരുന്നു. സൂരജിന് സംശയരോഗമുണ്ടായിരുന്നുവെന്ന പച്ചക്കള്ളം പലരും പ്രചരിപ്പിക്കുകയാണ്. വളരെ നല്ല വ്യക്തിയായിരുന്നു സൂരജ്. പക്ഷേ, പെട്ടെന്ന് കോപം വരുന്ന സ്വഭാവക്കാരനായിരുന്നു. അത് ഞാന്‍ പലപ്പോഴും കണ്ടിട്ടുമുണ്ട്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാന്‍ ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമായിരുന്നു. ഇതിനായി ബിന്‍സിയുടെ കഷ്ടപ്പാടുകള്‍ ഞങ്ങള്‍ക്കറിയാം. പക്ഷേ, ഒടുവില്‍ സൂരജിന് അതിനോട് താത്പര്യമില്ലാതായി. ഇത് ബിന്‍സിയെ വല്ലതെ വിഷമിപ്പിച്ചു-ഇതാണ് ആ കൂട്ടുകാരി പറയുന്നത്. 'നമുക്ക് ഓസ്‌ട്രേലിയക്ക് പോകണമോടീ എന്നൊക്കെ ഇച്ചായന്‍ ഇപ്പോള്‍ ചോദിക്കുന്നു', എന്ന് അവള്‍ പറയുമായിരുന്നു. ഇത്രയും കഷ്ടപ്പെട്ടതല്ലേ ഞാന്‍, എന്നിട്ട് ആ അവസരം എങ്ങനെ വേണ്ടെന്ന് വയ്ക്കുമെന്ന് ചോദിക്കുമായിരുന്നു. അല്ലാതെ അവരുടെയിടയില്‍ വേറെ ഒരു പ്രശ്‌നവുമുണ്ടെന്ന് ഞങ്ങള്‍ കൂട്ടുകാര്‍ക്കിടയില്‍ അറിയില്ല. ദയവു ചെയ്ത് മരിച്ചുപോയ രണ്ടുപേര്‍ക്കെതിരെ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ഥിക്കുന്നു. ഇരുവരുടെയും ജീവിതത്തില്‍ പ്രശ്‌നങ്ങളുള്ളതായി അറിയില്ലെന്നും അവര്‍ സന്തോഷത്തോടെ ഓസ്ട്രേലിയയിലേക്ക് കുടിയേറാനുള്ള ഒരുക്കത്തിലായിരുന്നും ബിന്‍സിയുടെ സഹോദരന്‍ ബേസിലും പറഞ്ഞു.

ബിന്‍സിയെ കൊലപ്പെടുത്തിയ ശേഷം സൂരജ് സുഹൃത്തുക്കളെ വിളിച്ച് സംഭവത്തെക്കുറിച്ച് അറിയിക്കുകയും തന്റെ വാട്‌സാപ് പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസുകളും നീക്കം ചെയ്തിരുന്നതായും പറയുന്നു. അയല്‍വാസികള്‍ ബിന്‍സിയുടെ കരച്ചില്‍ കേട്ടതായി പൊലീസിന് മൊഴി നല്‍കിയിരുന്നു. കെട്ടിട കാവല്‍ക്കാരനായ ഈജിപ്ത് സ്വദേശി വന്ന് ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കാനാവശ്യപ്പെട്ടെങ്കിലും തുറന്നില്ല. തുടര്‍ന്ന് പൊലീസെത്തി വാതില്‍ പൊളിച്ച് അകത്ത് പ്രവേശിച്ചപ്പോഴാണ് ഇരുവരെയും മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടത്. പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയോടെയാണ് വാതില്‍ പൊളിച്ച് അകത്തു കയറിയത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ബിന്‍സി കുവൈറ്റിലെ പ്രതിരോധ മന്ത്രാലയത്തിലും സൂരജ് ആരോഗ്യമന്ത്രാലയത്തിലും നഴ്സായി ജോലി ചെയ്യുകയായിരുന്നു. കാര്യമായ സാമ്പത്തിക പ്രശ്നങ്ങളും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. മൂന്നിലും ഒന്നിലും പഠിക്കുന്ന ഇവരുടെ കുട്ടികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ബിന്‍സിയുടെ മാതാപിതാക്കളുടെ അടുത്താണ്. ഇത്തവണ ഇരുവരും അവധിക്ക് നാട്ടിലെത്തിയ ശേഷം ബിന്‍സിയാണ് ആദ്യം തിരിച്ചു പോയത്. ഈസ്റ്റര്‍ അവധിക്കു ശേഷം അഞ്ചു ദിവസം മുന്‍പാണ് സൂരജ് തിരിച്ചു പോയത്. ഓസ്ട്രേലിയയ്ക്ക് പോകാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നെന്നാബ് ബന്ധുക്കളില്‍നിന്ന് ലഭിക്കുന്ന വിവരവും.

സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് അധികൃതര്‍ ഉത്തരവിട്ടു. വഴക്കിനെ തുടര്‍ന്ന് ബിന്‍സിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയതായാണ് വിവരം. പൊലീസിന്റെ ഔദ്യോഗിക വിശദീകരണം വരാനിരിക്കുന്നതേയുള്ളു. ദമ്പതികള്‍ പരസ്പരം കുത്തിക്കൊലപ്പെടുത്തി എന്നായിരുന്നു ആദ്യം പ്രചരിച്ചത്. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന അബ്ബാസിയയിലെ ജലീബ് അല്‍ ഷുയൂഖിലാണു സംഭവം. ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായും സ്ത്രീ സഹായത്തിനായി നിലവിളിച്ചതായും സമീപവാസികള്‍ പബ്ലിക് പ്രോസിക്യൂഷനു മൊഴി നല്‍കി. പൊലീസ് പലതവണ വാതിലില്‍ മുട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന്, വാതില്‍ പൊളിച്ച് അകത്തുകടക്കുകയായിരുന്നു. നൈറ്റ് ഡ്യൂട്ടിക്കു ശേഷം സൂരജ് മടങ്ങി എത്തിയതിനു പിന്നാലെയാണു വഴക്കുണ്ടായത്. ഇവര്‍ക്കിടയില്‍ ചില അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂചനയുണ്ടെങ്കിലും പെട്ടെന്നുണ്ടായ പ്രകോപനത്തിനു പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. മൃതദേഹങ്ങള്‍ തിങ്കളാഴ്ച കണ്ണൂരിലെത്തിക്കാനാണു ശ്രമം.

Tags:    

Similar News