മധുരയില്‍ നിന്നും രാമേശ്വരം വഴി തിരുവനന്തപുരം: അടിപൊളി കണ്ണടയുമായി മുക്കാല്‍ മണിക്കൂറില്‍ ദര്‍ശനം പൂര്‍ത്തിയാക്കാവുന്ന ചുറ്റിയത് രണ്ടര മണിക്കൂര്‍; ഒറ്റക്കല്‍ മണ്ഡപത്തില്‍ കണ്ണ് മിന്നുന്നത് കണ്ടത് നിര്‍ണ്ണായകമായി; വലിയ തെറ്റ് ചെയ്ത ഗുജറാത്തിയെ വേഗത്തില്‍ വിട്ട പോലീസ്; പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ എത്തിയ ഷാ ആര്?

Update: 2025-07-08 01:24 GMT

തിരുവനന്തപുരം: കണ്ണടയിലുള്ള രഹസ്യക്യാമറ ഉപയോഗിച്ച് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വന്‍ സുരക്ഷാ വീഴ്ച. എന്നാല്‍ ഇയാളെ പോലീസ് വിട്ടയച്ചത് മറ്റൊരു വീഴ്ച. ഗുജറാത്ത് സ്വദേശി സുരേന്ദ്ര ഷാ(66)യെയാണ് ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഫോര്‍ട്ട് പോലീസിന് കൈമാറിയ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ഇയാളെ കുറിച്ച് പ്രാഥമിക വിവര ശേഖരണത്തിന് അപ്പുറമൊന്നും ചെയ്യാതെയാണ് വിട്ടയച്ചത്. കണ്ണട പിടിച്ചെടുത്തത് മാത്രമാണ് മിച്ചം.

അതിസുരക്ഷയുള്ള ക്ഷേത്രത്തില്‍ ഇലക്ട്രോണിക് സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ളപ്പോഴാണ് ഇയാള്‍ രഹസ്യക്യാമറയുമായി ശ്രീകോവിലിനു മുന്നില്‍ വരെയെത്തിയത്. ഇത് വലിയ സുരക്ഷാ പിഴവാണ്. സുരക്ഷാ പരിശോധനയ്ക്കായി ആധുനിക ഉപകരണങ്ങള്‍ വാങ്ങുന്നതിന് സര്‍ക്കാര്‍ തയ്യറാകുന്നില്ല. പോലീസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകള്‍ നികത്തുന്നതിനും നടപടിയില്ല. ഇതോടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷ ആശങ്കയിലാകുകയാണ്. പാത്രം മോഷണവും സ്വര്‍ണ്ണം മോഷണവുമെല്ലാം ഇവിടെ തകൃതിയായി നടക്കുന്നു. ഇതിനിടെയാണ് കണ്ണടക്കാരന്റെ വരവ്.

സുരേന്ദ്രഷാ ധരിച്ചിരുന്ന കണ്ണടയില്‍ ലൈറ്റ് മിന്നുന്നത് കണ്ട പോലീസ് ഉദ്യോഗസ്ഥനാണ് സംശയം തോന്നിയത്. ശ്രീകോവിലിന് മുന്നിലുള്ള ഒറ്റക്കല്‍ മണ്ഡപത്തിലായിരുന്നു സംഭവം. കണ്ണടയില്‍ ക്യാമറയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ റെക്കോഡ് ചെയ്യുകയാണെന്ന് ഇയാള്‍ സമ്മതിച്ചു. ഞായറാഴ്ച വൈകീട്ടാണ് സുരേന്ദ്രഷായും ഭാര്യയും സഹോദരിയും ഉള്‍പ്പെടെ നാലു സ്ത്രീകളും ക്ഷേത്രദര്‍ശനത്തിന് എത്തിയത്. രണ്ടര മണിക്കൂറോളം ക്ഷേത്രത്തിനുള്ളിലുണ്ടായിരുന്നു ഇവര്‍. ആറരയോടെയാണ് പോലീസ് പിടികൂടുന്നത്. ഗുജറാത്തില്‍ വ്യാപാരിയാണ് ഷാ. സാധാരണ നിലയില്‍ ഒരു മണിക്കൂറു കൊണ്ട് ക്ഷേത്ര ദര്‍ശനം നല്ല രീതിയില്‍ നടത്താം. പക്ഷേ ഇവര്‍ ഏറെ സമയം അകത്തുണ്ടായിരുന്നു. ഇതും ദുരൂഹമാണ്.

കൗതകംകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് പോലീസിനോട് പറഞ്ഞത്. കണ്ണടയില്‍ മെമ്മറി കാര്‍ഡുണ്ടായിരുന്നു. ക്യാമറകള്‍ മൊബൈല്‍ ഫോണുമായും ബന്ധിപ്പിച്ചിരുന്നു. വിശദമായ പരിശോധനയ്ക്കായി ഫോണും കണ്ണടയും പോലീസ് പിടിച്ചെടുത്തു. ക്ഷേത്രത്തിനുള്ളിലേക്ക് കയറുന്നതടക്കമുള്ള ദൃശ്യങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ഹാജരാകണമെന്ന് സുരേന്ദ്രഷായോട് നിര്‍ദേശിച്ചിട്ടുണ്ടെന്ന് ഫോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ ശിവകുമാര്‍ പറഞ്ഞു.

മറ്റ് ദുരൂഹതകളൊന്നുമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫൊറന്‍സിക് പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാനാവുകയുള്ളൂ. അഹമ്മദാബാദില്‍ നിന്നും രണ്ടു ദിവസം മുന്‍പാണ് സുരേന്ദ്രഷായും സംഘവും മധുരയിലെത്തിയത്. തുടര്‍ന്ന് രാമേശ്വരം സന്ദര്‍ശിച്ചശേഷമാണ് തിരുവനന്തപുരത്തെത്തിയത്. ഇവര്‍ പറഞ്ഞതിന് അപ്പുറം ഒന്നും പോലീസ് അന്വേഷിച്ചിട്ടില്ല.

മധുരയും രാമേശ്വരവുമെല്ലാം അതിസുരക്ഷയുള്ള ക്ഷേത്രങ്ങളാണ്. ഇവിടേയും ഇയാള്‍ കണ്ണട ഉപയോഗിച്ച് ദൃശ്യം പകര്‍ത്താനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചെങ്കില്‍ അതെല്ലാം വലിയ സുരക്ഷാ വീഴ്ചയാണ്.

Tags:    

Similar News