ഇടത്തോട്ട് ചാഞ്ഞ് മരതകദ്വീപ്! ശ്രീലങ്കയ്ക്ക് ഇനി രാഷ്ട്രീയ ചുവപ്പ്; ഇടത് നേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കന്‍ പ്രസിഡന്റ്; റനില്‍ വിക്രമസിംഗക്ക് തിരിച്ചടി; വിജയിയെ പ്രഖ്യാപിച്ചത് രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷം

അനുര കുമാര ദിസനായകെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

Update: 2024-09-22 15:00 GMT

കൊളംബോ: ശ്രീലങ്കയില്‍ നാഷണല്‍ പീപ്പിള്‍സ് പവര്‍ നേതാവ് അനുരാ കുമാര ദിസനായകെയെ ശ്രീലങ്കന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ജനതാ വിമുക്തി പെരമുനയുടെ നേതാവാണ് അനുര കുമാര ദിസനായകെ. ശ്രീലങ്കയുടെ ഒമ്പതാം പ്രസിഡന്റാകും അദ്ദേഹം. 55-കാരനായ അനുര കുമാര ദിസനായകെ നാഷണല്‍ പീപ്പിള്‍സ് പവര്‍(എന്‍.പി.പി.) സഖ്യ നേതാവാണ്.

നിലവിലെ പ്രസിഡന്റ് റെനില്‍ വിക്രമസിംഗ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ തുടങ്ങിയവരെയാണ് അനുര കുമാര ദിസനായകെ പിന്നിലാക്കിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുര കുമാര ദിസനായകെയെ വിജയിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാവായിരുന്ന സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തെത്തി. റെനില്‍ വിക്രമസിംഗ ആദ്യറൗണ്ടില്‍ തന്നെ പുറത്തായി.

17 ശതമാനം വോട്ടുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. അനുര കുമാരയ്ക്ക് 42 ശതമാനം വോട്ടുകള്‍ ലഭിച്ചപ്പോള്‍ സജിത് പ്രേമദാസയ്ക്ക് 33 ശതമാനം വോട്ടുകളാണ് നേടാനായത്. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്‌സെയുടെ മൂത്തമകനും നിലവില്‍ പാര്‍മെന്റംഗവുമായ നമല്‍ രാജപക്‌സെയ്ക്ക് 2.5 ശതമാനം വോട്ടുകളെ ലഭിച്ചിട്ടുള്ളൂ.

1988ല്‍ സോഷ്യല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ ദേശീയ സംഘാടകനെന്ന നിലയില്‍ ആരംഭിച്ച് മൂന്ന് പതിറ്റാണ്ടിലേറെ നീണ്ടതാണ് ദിസനായകെയുടെ രാഷ്ട്രീയ ജീവിതം. 2001-ലാണ് അദ്ദേഹം ശ്രീലങ്കന്‍ പാര്‍ലമെന്റിലെത്തുന്നത്. 2004 നും 2005 നും ഇടയില്‍, പ്രസിഡന്റ് ചന്ദ്രിക ബണ്ഡാരനായകെ കുമാരതുംഗയുടെ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ അനുര കുമാര ദിസനായകെ കരകയറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശ്രീലങ്കന്‍ ചരിത്രത്തില്‍ ആദ്യമായി ഒരു സ്ഥാനാര്‍ഥിക്കും കേവല ഭൂരിപക്ഷമായ 50 ശതമാനം വോട്ട് ലഭിക്കാത്ത സാഹചര്യത്തില്‍ രണ്ടാം മുന്‍ഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തീരുമാനിച്ചത്. ആദ്യഘട്ട വോട്ടെണ്ണലില്‍ ജനത വിമുക്തി പെരമുന (ജെവിപി) നേതാവായ ദിസനായകെ 42.32 ശതമാനം വോട്ടും സമാഗി ജന ബലവേഗയയുടെ (എസ്‌ജെബി) സജിത് പ്രേമദാസ 32.74 ശതമാനം വോട്ടും നേടി. നിലവിലെ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ 17.26 ശതമാനം വോട്ടുനേടി മൂന്നാമതായി. രാജ്യത്തെ ആകെ 22 ജില്ലകളില്‍ 15ലും ദിസനായകെ മുന്നിലെത്തി. 56 ലക്ഷം വോട്ടാണ് അദ്ദേഹം ആദ്യഘട്ടത്തില്‍ നേടിയത്.

മൂന്ന് സ്ഥാനാര്‍ഥികളുള്ള സാഹചര്യത്തില്‍, ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടാം പരിഗണനാ വോട്ടെണ്ണണമെന്നാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നിയമത്തിലെ വ്യവസ്ഥ. ഇതു പ്രകാരം കൂടുതല്‍ വോട്ടുനേടിയ രണ്ട് സ്ഥാനാര്‍ഥികളൊഴികെ വിക്രമസിംഗെ ഉള്‍പ്പെടെയുള്ള മറ്റെല്ലാവരും തിരഞ്ഞെടുപ്പില്‍നിന്ന് പുറത്തായി. പിന്നീട് പുറത്തായ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുചെയ്തവരുടെ രണ്ടാം പരിഗണനാ വോട്ടുകളെണ്ണിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

2022ല്‍ കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശ്രീലങ്കയില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ സര്‍ക്കാര്‍ വീഴുകയും പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ നാടുവിടുകയും ചെയ്തശേഷം ആദ്യം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പാണിത്. ദിസനായകെയുടെ നേതൃത്വത്തിലുള്ള 'അരഗലയ' മൂവ്‌മെന്റാണ് അന്നത്തെ ജനകീയ പ്രക്ഷോഭത്തിനു ചുക്കാന്‍ പിടിച്ചിരുന്നത്. പ്രക്ഷോഭത്തിന്റെ വിജയത്തെ തുടര്‍ന്ന് ജെവിപിയുടെയും ദിസനായകയെയുടെയും ജനപ്രീതി കുത്തനെ ഉയര്‍ന്നിരുന്നു. അഴിമതി തുടച്ചുനീക്കും, സ്വകാര്യവത്കരണം പുനഃപരിശോധിക്കും, ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കും, ക്ഷേമ പദ്ധതികള്‍ വ്യാപിപ്പിക്കും തുടങ്ങിയ വന്‍ പൊളിച്ചെഴുത്തുകളുള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളാണ് ദിസനായകെ ശ്രീലങ്കന്‍ ജനതയ്ക്ക് നല്‍കിയിട്ടുള്ളത്.

ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ തംബുട്ടെഗാമയിലെ തൊഴിലാളി കുടുംബത്തിലായിരുന്നു ദിസനായകെയുടെ ജനനം. തംബുട്ടെഗാമയില്‍നിന്ന് ആദ്യമായി കോളജ് വിദ്യഭ്യാസം നേടിയ വ്യക്തിയാണ്. കെലനിയ സര്‍വകലാശാലയില്‍നിന്ന് സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. 1987ല്‍ മാര്‍ക്‌സിസ്റ്റ് ജനത വിമുക്തി പെരമുനയില്‍ (ജെവിപി) അംഗമായി.

1998ല്‍ ജെവിപി പൊളിറ്റ് ബ്യൂറോയില്‍ ഇടം നേടിയ ദിസനായകെ 2000ല്‍ ആദ്യമായി ശ്രീലങ്കന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004ല്‍ ശ്രീലങ്ക ഫ്രീഡം പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കി കാര്‍ഷിക മന്ത്രിയായെങ്കിലും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 2005ല്‍ മന്ത്രിസ്ഥാനം രാജിവച്ചു. 2014ല്‍ ജെവിപിയുടെ നേതാവായി. 2019ലാണ് ദിസനായകെ ആദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അന്ന് വെറും 3 ശതമാനം വോട്ടു മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.

Tags:    

Similar News