തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നത് 2015ല്‍; പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റതിനാല്‍ യുദ്ധം ചെയ്യാന്‍ കഴിഞ്ഞില്ല; നാട്ടിലേക്ക് മടങ്ങണം എന്ന് നിരന്തരം നിര്‍ബന്ധിപ്പിച്ചപ്പോള്‍ ഇറാഖിലെ തെരുവില്‍ ഉപേക്ഷിച്ചു; ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്‌നാട്ടില്‍ സെയില്‍സ്മാനായി; കനകമലയില്‍ അകത്തായി; അപ്പീലില്‍ സുബ്ഹാനി ഹാജയ്ക്ക് ആശ്വാസം; ഐഎസുകാരന് 2026ല്‍ ജയില്‍ മോചനം
കൊച്ചി: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവര്‍ത്തകനെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്ക് (അബു ജാസ്മിന്‍) ശിക്ഷയില്‍ ഇളവുനല്‍കി ഹൈക്കോടതി. തൊടുപുഴ മാര്‍ക്കറ്റ് റോഡിലുള്ള സുബഹാനി 2015ല്‍ തുര്‍ക്കി വഴി ഇറഖിലേക്കു കടന്ന് ഐഎസില്‍ചേര്‍ന്ന് ആയുധ പരിശീലനം നേടുകയും ഇറാഖിലെ മൊസൂളിന് അടുത്തുള്ള യുദ്ധഭൂമിയില്‍ മറ്റുള്ളവര്‍ക്കൊപ്പം വിന്യസിക്കപ്പെടുകയും ചെയ്തെന്നായിരുന്നു കുറ്റപത്രം. ജഡ്ജി പി. കൃഷ്ണകുമാറാണ് കേസില്‍ ശിക്ഷ വിധിച്ചത്. അന്ന് എഎസ്പി ആയിരുന്ന ഷൗക്കത്തലിയായിരുന്നു കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥന്‍. ഈ കേസിലായിരുന്നു ശിക്ഷയില്‍ ഇളവ് നല്‍കുന്നത്. ഇന്ത്യയ്ക്കും സൗഹൃദരാജ്യങ്ങള്‍ക്കുമെതിരെ യുദ്ധം ചെയ്തെന്ന കുറ്റം ചുമത്തി എന്‍ഐഎ എടുത്ത ആദ്യ കേസെന്ന പ്രത്യേകതയുമുണ്ട് ഇതിന്.
ജീവപര്യന്തം തടവ് 10 വര്‍ഷമായി കുറച്ചാണ് ജസ്റ്റീസ് വി. രാജ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവര്‍ ഉത്തരവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നല്‍കിയ അപ്പീലിലാണ് ഉത്തരവ്. മാനസാന്തരത്തിനടക്കമുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷയില്‍ ഇളവ് നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. 2020-ലാണ് ഹര്‍ജിക്കാരനെ എന്‍ഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഭീകരസംഘടനയുടെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള കുറ്റങ്ങള്‍ക്ക് യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരമായിരുന്നു ശിക്ഷ. പത്ത് വര്‍ഷമായി ശിക്ഷ കുറയുമ്പോള്‍ അടുത്ത വര്‍ഷം സുബ്ഹാനി ഹാജയ്ക്ക് ജയില്‍ മോചനം സാധ്യമാകും.
ഗൗരവകരമായ കുറ്റകൃത്യമാണ് ഹര്‍ജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. എന്നാല്‍, 35 വയസുള്ളപ്പോഴാണ് ഹര്‍ജിക്കാരന്‍ കുറ്റകൃത്യം ചെയ്തതെന്നും തിരിച്ചെത്തിയ ശേഷം കുറ്റകൃത്യത്തിലൊന്നും പങ്കാളിയായിട്ടില്ലെന്നതും കോടതി കണക്കിലെടുത്തു. 2015-ലാണ് ഹര്‍ജിക്കാരന്‍ തുര്‍ക്കി വഴി ഇറാഖിലെത്തി ഐഎസില്‍ ചേര്‍ന്നത്. പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റു. അതിനാല്‍ ഐഎസിനു വേണ്ടി യുദ്ധംചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് നാട്ടിലേക്ക് മടങ്ങണം എന്ന് നിരന്തരം നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് ഐഎസ് ഇറാഖിലെ തെരുവില്‍ ഉപേക്ഷിച്ചു. 2015 സെപ്റ്റംബറില്‍ ഇന്ത്യയില്‍ മടങ്ങിയെത്തി തമിഴ്‌നാട്ടില്‍ സെയില്‍സ്മാനായി ജോലിചെയ്തു. 2016 ഒക്ടോബര്‍ അഞ്ചിന് എന്‍ഐഎ അറസ്റ്റ് ചെയ്യുന്നത്.
കണ്ണൂര്‍ കനകമലയില്‍ 2016ല്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഗൂഢാലോചന നടത്തിയ കേസിലെ പ്രതികള്‍ക്കൊപ്പമാണ് എന്‍ഐഎ സുബഹാനിയെ കസ്റ്റഡിയിലെടുത്തത്. കേരളത്തിലും തമിഴ്നാട്ടിലും ഐഎസ് പ്രവര്‍ത്തനം വ്യാപകമാക്കാനും പ്രമുഖരെ കൊലപ്പെടുത്താനും സുബഹാനി പദ്ധതിയിട്ടതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇറാഖിലെ ദൗത്യത്തിനുശേഷം ഇന്ത്യയില്‍ തിരിച്ചെത്തി സമൂഹമാധ്യമങ്ങള്‍ വഴി 15 പേരെ ഐഎസിലേക്ക് സുബഹാനി റിക്രൂട്ട് ചെയ്തതും കണ്ടെത്തിയിരുന്നു. ഫെയ്സ്ബുക്, ടെലഗ്രാം എന്നീ സമൂഹമാധ്യമങ്ങള്‍ വഴി ഐഎസ് കേന്ദ്രങ്ങളുമായി ആശയവിനിമയം നടത്തിയതായും ആരോപിച്ചിരുന്നു.
സുബഹാനി ശിവകാശിയില്‍നിന്നു സ്ഫോടക വസ്തുക്കള്‍ ശേഖരിക്കാനും ആളു കൂടുന്ന സ്ഥലങ്ങളില്‍ സ്ഫോടനം നടത്താനും പദ്ധതിയിട്ടുവെന്നെല്ലാം ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ സുബ്ഹാനി ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ചെയ്തത്. തീവ്രവാദി അല്ലെന്നും സമാധാനത്തില്‍ വിശ്വസിക്കുന്ന ആളാണെന്നും സുബ്ഹാനി പറഞ്ഞു. അക്രമത്തിന് ഒരിക്കലും സമാധാനം ഉറപ്പിക്കാനാകില്ലെന്നും ഇന്ത്യയ്‌ക്കെതിരേയോ മറ്റു രാജ്യങ്ങള്‍ക്കെതിരെയോ യുദ്ധം ചെയ്തിട്ടില്ലെന്നും സുബ്ഹാനി വാദിച്ചിരുന്നു. ഐസിസിന് വേണ്ടി യുദ്ധം ചെയ്യാന്‍ വിദേശത്ത് പോയ ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ ഏക വ്യക്തി സുബ്ഹാനി മാത്രമാണ്. ഇയാള്‍ ഇറാഖില്‍ എത്തിയ യാത്രകളെ കുറിച്ചും കോടതി വ്യക്തമായി നിരീക്ഷിച്ചിരുന്നു.
അമിതമായി മതത്തില്‍ ആകൃഷ്ടനായ സുബ്ഹാനി ഐസിസുമായി അടുത്ത ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇറാഖുമായി ആഴത്തിലുള്ള ബന്ധം വയ്ക്കണമെന്നും അവിടെ വിവാഹത്തിലൂടെ ബന്ധുക്കളുണ്ടാകുമെന്ന് സുബ്ഹാനി പ്രതീക്ഷിച്ചിരുന്നു. എന്‍ഐഎയുടെ റിപ്പോര്‍ട്ട് പ്രകാരം ചെന്നൈയില്‍ താമസിച്ചിരുന്ന സുബ്ഹാനി 2015ലാണ് ഇറാക്കിലെ മൊസൂളില്‍ എത്തിയത്. ഇസ്താബൂള്‍ വഴി അവിടേക്ക് എത്തിയ ഇയാള്‍ ഐസിസില്‍ ചേര്‍ന്ന് സിറിയയിലും ഇറാക്കിലും യുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അവിടെ നിന്ന് ഇയാള്‍ക്ക് 25 ദിവസത്തെ മത പരിശീലനവും 21 ദിവസത്തെ ആയുധ പരിശീലനവും ലഭിച്ചെന്ന് എന്‍ഐഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുധ പരിശീലനത്തില്‍ പ്രധാനമായും ഓട്ടോമാറ്റിക്ക് റൈഫിളുകളുടെ പൊളിച്ചുമാറ്റുന്നതും സംയോജിപ്പിക്കുന്നതിനെ കുറിച്ചായിരുന്നു സുബ്ഹാനി പഠിച്ചത്. ശാരീരിക പരിശീലനത്തിന്റെ ഭാഗമായി സുബ്ഹാനി വ്യായാമം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ പരിശീലനത്തിനിടെ കാലിന് മാരകമായ പരിക്കേറ്റ് സുബ്ഹാനി തളര്‍ന്നു വീഴുകയായിരുന്നു. ഇതിന് പിന്നാലെ അവിടെയുള്ള പരിശീലകര്‍ സജീവമായ യുദ്ധത്തിന് യോഗ്യനല്ലെന്ന് വിധിക്കുകയും കാവല്‍ ചുമതലയില്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
ഐസിസ് ക്യാമ്പില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെ ഒപ്പമുണ്ടായിരുന്നവര്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെടുന്നത് കണ്ടു. പിന്നാലെ തനിക്ക് നാട്ടിലേക്ക് പോകണമെന്ന് സുബ്ഹാനി ആവശ്യപ്പെട്ടു. എന്നാല്‍ അതിന് സമ്മതിക്കാതിരുന്ന അവര്‍ ഇയാളെ തടവറയില്‍ പാര്‍പ്പിച്ചു. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ഇറാഖ് അതിര്‍ത്തി കടന്ന് ഇയാള്‍ തുര്‍ക്കിയിലെത്തി. തുര്‍ക്കിയിലെ നഗരമായ ഇസ്താബൂളില്‍ എത്തിയ സുബ്ാഹനി അവിടുത്തെ കോണ്‍സുലേറ്റില്‍ അഭയം തേടി. താനൊരു ടൂറിസ്റ്റുകാരനാണെന്നും എല്ലാ രേഖകളും നഷ്ടപ്പെട്ടെന്നും ഇയാള്‍ കള്ളം പറഞ്ഞു. അങ്ങനെ 2015ല്‍ ഇയാള്‍ സുരക്ഷ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഇന്ത്യയിലേക്ക് കടന്നു. അതേസമയം, ഇയാള്‍ എങ്ങനെയാണ് തുര്‍ക്കിയിലെ കോണ്‍സുല്‍ ജനറലിനെ പറ്റിച്ചതെന്ന് കോടതി വിചാരണയ്ക്കിടെ ചോദിച്ചിരുന്നു. കനകമല ഭീകരക്യാമ്പ് കേസിലും ഇയാള്‍ പ്രതിയായിരുന്നു. പിന്നീട് ഈ കേസില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.