തമിഴ്നാട്ടിലെ അരിയല്ലൂരിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിച്ചു; കവര്‍ച്ച ചെയ്തത് 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍; ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ 'ആര്‍ട്ട് ഓഫ് ദി പാസ്റ്റ്' വഴി എല്ലാം വിറ്റു; ശബരിമലയിലും സുഭാഷ് കപൂര്‍ കണ്ണുവച്ചോ? നോട്ടമിട്ട വിഗ്രഹം പൊക്കും ക്രിമിനലിന്റെ കഥ

Update: 2025-11-06 01:43 GMT

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ അന്താരാഷ്ട്ര ബന്ധം കൂടി അന്വേഷിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ പ്രത്യേക അന്വേഷണ സംഘത്തിന് അതിന് പരിമിതികളുണ്ടെന്നതാണ് വസ്തുത. സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം (എസ്.ഐ.ടി.) സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നത്. രാജ്യത്ത് നിന്നുള്ള അമൂല്യ വസ്തുക്കള്‍ കടത്തുന്ന സുഭാഷ് കപൂറിന്റെ റാക്കറ്റ് പോലുള്ള വലിയ അന്താരാഷ്ട്ര റാക്കറ്റുകള്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടോ എന്നും കണ്ടെത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയിലാണ് എല്ലാം തുടങ്ങുന്നത്. പോറ്റിയുടെ ശബരിമലയിലെ ഒരു പ്രധാന സ്‌പോണ്‍സര്‍ രാജ്യത്തെ പ്രധാന സ്വര്‍ണ്ണ കടമുതലാളിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ കേരളത്തില്‍ വേരുകളുള്ള ഈ വ്യക്തിയിലേക്ക് അന്വേഷണം എത്തുന്നില്ല. കേരളാ പോലീസിന് ഈ വ്യക്തിയെ കൊണ്ട് ആംബുലന്‍സ് അടക്കം പോറ്റി സംഭാവന ചെയ്തിരുന്നു. ഈ ഉന്നത ബന്ധം പോലും അന്വേഷിക്കുന്നില്ല. ഇതിനിടെയാണ് അന്താരാഷ്ട്ര ബന്ധങ്ങളിലേക്ക് ഹൈക്കോടതി വിരല്‍ ചൂണ്ടുന്നത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചില പ്രധാന നിരീക്ഷണങ്ങള്‍ നടത്തവേ ഹൈക്കോടതിയാണ് സുഭാഷ് കപൂറിനെ പരാമര്‍ശിച്ചത്. 'ക്ഷേത്രങ്ങളിലെ അപൂര്‍വമൂല്യമുള്ള വസ്തുക്കളുടെ പകര്‍പ്പുകളെടുക്കുന്നതിന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കും കൂട്ടര്‍ക്കും ആവശ്യമായ സഹായം ദേവസ്വം ബോര്‍ഡ് അധികൃതര്‍ നല്‍കുകയുണ്ടായി എന്ന് വ്യക്തമാണ്. ക്ഷേത്രവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നു എന്ന ഭാവത്തില്‍ ഇത്തരം പകര്‍പ്പുകളെടുക്കുകയും രാജ്യാന്തര വിപണിയില്‍ വന്‍വിലയ്ക്ക് വില്‍ക്കുകയും ചെയ്യാം. അപൂര്‍വ വസ്തുക്കളും മറ്റും കള്ളക്കടത്തു നടത്തുന്നവര്‍ക്കിടയില്‍ ഇത് പതിവാണ്. അത്തരത്തില്‍ കുപ്രസിദ്ധനായ കള്ളക്കടത്തുകാരന്‍ സുഭാഷ് കപൂറിന്റെ പ്രവൃത്തികളോടാണ് ഇതിനു സാദൃശ്യം തോന്നിയത്', ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെയാണ് സുഭാഷ് കപ്പൂറിലേക്കും സംഘത്തിലേക്കും സംശയം എത്തുന്നത്. കപ്പൂര്‍ ജയിലിലാണെങ്കിലും കപ്പൂറിന്റെ സംഘം സജീവമാണ്. ഈ സംഘവുമായി ബന്ധപ്പെട്ട തെളിവുകള്‍ എസ് എ ടിയ്ക്ക് കിട്ടിയെന്ന സൂചനകളുമുണ്ട്. ഏതായാലും ശബരിമലയില്‍ കേസ് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുകയാണ്. ഇതിന് വഴിയൊരുക്കുന്നതാണ് ഹൈക്കോടതി നിരീക്ഷണം.

വിഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള പുരാതന വസ്തുക്കള്‍ മോഷ്ടിച്ചതിനും അനധികൃതമായി കയറ്റുമതി ചെയ്തതിനും തമിഴ്‌നാട്ടിലെ ഒരു വിചാരണ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 10 വര്‍ഷം തടവിന് ശിക്ഷിച്ച ഇന്ത്യന്‍ വംശജനായ യുഎസ് പൗരനാണ് സുഭാഷ് കപൂര്‍. തമിഴ്നാട്ടിലെ അരിയല്ലൂര്‍ ജില്ലയിലെ വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ നിന്ന് 19 വിഗ്രഹങ്ങള്‍ മോഷ്ടിക്കുകയും നിയമവിരുദ്ധമായി കയറ്റുമതി ചെയ്തത് ഉള്‍പ്പെടെ 800 കോടിയിലധികം വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ് സുഭാഷ് കപൂര്‍. ഈ വ്യക്തിയെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം ശബരിമലയിലും സംശയ നിഴലിലാക്കുന്നത്. ന്യൂയോര്‍ക്കിലെ തന്റെ ആര്‍ട്ട് ഗാലറിയായ 'ആര്‍ട്ട് ഓഫ് ദി പാസ്റ്റ്' വഴിയാണ് മോഷ്ടിച്ച വസ്തുക്കള്‍ സുഭാഷ് കപൂര്‍ വിറ്റിരുന്നത്. 1970കളില്‍ സുഭാഷ് കപൂര്‍ ഇന്ത്യയിലെ ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളില്‍ നിന്ന് (പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ) പ്രതിമകളും സ്റ്റോണ്‍ വിഗ്രഹങ്ങളും മോഷ്ടിച്ചു കടത്തി. ക്ഷേത്രങ്ങളില്‍ നിന്ന് ഉള്‍പ്പെടെ മോഷ്ടിച്ച വസ്തുക്കള്‍ തെറ്റായ ഉത്ഭവരേഖകള്‍ സൃഷ്ടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിറ്റിരുന്നത്.

സുഭാഷ് കപൂറിന്റെ അമേരിക്കയിലെ ആര്‍ട്ട് ഗാലറിയില്‍ റെയിഡ് നടത്തിയ യുഎസ് അധികാരികളുടെ കണക്കനുസരിച്ച് 1,193 കോടി രൂപയുടെ 2,500ലധികം വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. ഏകദേശം 33 കോടി രൂപ വിലമതിക്കുന്ന 307 പുരാവസ്തുക്കള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് തിരികെ നല്‍കുമെന്ന് 2022 ഒക്ടോബറില്‍ മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആല്‍വിന്‍ എല്‍. ബ്രാഗ് ജൂനിയര്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 23ന് വാഷിംഗ്ടണില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ ആശയവിനിമയത്തിനിടെ ഇന്ത്യയില്‍ നിന്ന് മോഷ്ടിക്കപ്പെട്ട 100 പുരാവസ്തുക്കള്‍ കൂടി തിരികെ നല്‍കാന്‍ യുഎസ് സര്‍ക്കാര്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2011 ഒക്ടോബറില്‍ ജര്‍മനിയില്‍ വെച്ച് അറസ്റ്റിലായ സുഭാഷ് കപൂര്‍ നിലവില്‍ ഇന്ത്യയിലെ തമിഴ്‌നാട്ടിലെ ട്രിച്ചിയിലുള്ള സെന്‍ട്രല്‍ ജയിലിലാണ്. 10 വര്‍ഷത്തെ തടവ് പൂര്‍ത്തിയാക്കിയെങ്കിലും കോടതി ചുമത്തിയ പിഴ അടയ്ക്കാത്തതിനാല്‍ സുഭാഷ് ജയിലില്‍ തന്നെ തുടരുന്നു.

ശബരിമലയില്‍ 2018 മുതലുള്ള എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നും ഹൈക്കോടതി എസ്.ഐ.ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 മുതല്‍ 2025 വരെയുള്ള ദേവസ്വം ബോര്‍ഡ് ഭരണസമിതികളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടല്‍. ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കണം. സ്വര്‍ണപ്പാളികളുടെ അടക്കം 'റെപ്ലിക്ക' എടുത്ത് തട്ടിപ്പിനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും അപരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ദേവസ്വം ബോര്‍ഡിന്റെ മരാമത്ത് വകുപ്പ് ചെയ്യേണ്ടതിനു പകരം, ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒരു പരമാധികാരിയാക്കി മാറ്റി കാര്യങ്ങള്‍ ഏല്‍പ്പിക്കുകയായിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് സന്നിധാനത്ത് ഇത്രയും വലിയ ഒരാളായി മാറാന്‍ സഹായിച്ച, അദ്ദേഹത്തെ അവിടെ അവതരിപ്പിച്ച യഥാര്‍ത്ഥ 'മൂര്‍ത്തി' (സ്പോണ്‍സര്‍) ആരാണെന്ന് കണ്ടെത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ശബരിമലയില്‍ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി പറഞ്ഞു കഴിഞ്ഞു. ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. നേരത്തേ വിജയ് മല്യ തനിത്തങ്കം പൂശിയ വാതില്‍പ്പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടതില്‍ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ പരമസ്വാതന്ത്ര്യം നല്‍കിയെന്നും ഇതിന് പിന്നിലാരാണെന്നും അവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

ബുധനാഴ്ച രാവിലെ അടച്ചിട്ട കോടതിമുറിയിലാണ് എസ്ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചത്. എസ്ഐടി സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അദ്ദേഹത്തോട് കോടതി നേരിട്ട് സംശയങ്ങള്‍ ചോദിച്ചു. ആദ്യഘട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇനി പുറത്തുവരേണ്ടത് ഗൂഢാലോചനയാണെന്ന് കോടതി പറഞ്ഞിരുന്നു. പത്തുദിവസത്തിനിടെ അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും കോടതി വിലയിരുത്തി. എസ്ഐടി പിടിച്ചെടുത്ത മിനിറ്റ്സ് ബുക്കും കോടതി പരിശോധിച്ചു. മിനിറ്റ്സ് രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News