കൂടെ താമസിച്ചിരുന്ന പെണ്‍കുട്ടിയെന്ന 'അതിബുദ്ധി' സുകാന്തിന് തിരിച്ചടിയായി; യുവതി നിങ്ങള്‍ക്കൊപ്പമാണ് താമസിച്ചിരുന്നതെങ്കില്‍ ജീവനൊടുക്കലില്‍ ഉത്തരവാദി നിങ്ങള്‍; നീതിബോധമുള്ള ജഡ്ജിയുടെ ഈ ചോദ്യം നിര്‍ണ്ണായകം; ഐബിക്കാരുടെ ആത്മഹത്യയില്‍ ആദ്യം മറുപടി പറയേണ്ടത് സുകാന്ത്; അതിവേഗ അറസ്റ്റ് ഉണ്ടാകുമോ?

Update: 2025-04-05 03:37 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത കേസില്‍, ആരോപണവിധേയന്‍ സുകാന്തിന് ഹൈക്കോടതിയില്‍ നിന്നുണ്ടായത് വമ്പന്‍ തിരിച്ചടി. അറസ്റ്റില്‍നിന്ന് ഇടക്കാല സംരക്ഷണം നല്‍കാനാകില്ലെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കാലിക പ്രസക്തമായ നിരീക്ഷണങ്ങളും ജസ്റ്റീസിന്റെ ഭാഗത്തു നിന്നുമുണ്ടായി. കേസിനെ എല്ലാ അ്ര്‍ത്ഥത്തിലും അട്ടിമറിക്കുന്ന വാദങ്ങളാണ് സുകാന്ത് ഉയര്‍ത്തിയത്. ഇതിലെ കള്ളത്തരം കോടതിക്ക് ബോധ്യപ്പെട്ടുവെന്നാണ് നിരീക്ഷണങ്ങളില്‍ വ്യക്തമാകുന്നത്. സുകാന്തിനെ എത്രയും വേഗം അറസ്റ്റു ചെയ്യണമെന്ന സന്ദേശമാണ് കോടതിയും നല്‍കുന്നതെന്ന വിലയിരുത്തല്‍ സജീവമാണ്. എന്നാല്‍ ഐബിക്കോ പോലീസിനോ ഇയാളെ കണ്ടെത്താന്‍ ഒരു താല്‍പ്പര്യവുമില്ല. കൊച്ചിയിലെ ഐബി ഉദ്യോഗസ്ഥനായ സുകാന്തിനെതിരെ ഐബി ആഭ്യന്തര അന്വേഷണം ആരംഭിച്ചിച്ചുണ്ട്. ഇയാള്‍ യുവതി കൊല്ലപ്പെട്ടതിന് തൊട്ടടുത്ത ദിവസംമുതല്‍ അവധിയിലാണ്.

യുവതിയുമായി തീവ്രവും അടുപ്പമേറിയതുമായ ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും താന്‍ ജോലി ചെയ്തിരുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഒരു അപ്പാര്‍ട്മെന്റില്‍ ഒരുമിച്ചായിരുന്നു താമസമെന്നും സുകാന്ത് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. യുവതിയുടെ മാതാപിതാക്കള്‍ ബന്ധത്തെ എതിര്‍ത്തതിനാലാണ് യുവതി ജീവനൊടുക്കിയതെന്ന സുകാന്തിന്റെ വാദം കോടതി തള്ളുകയും ചെയ്തു. നിങ്ങള്‍ പറയുന്നു, യുവതി നിങ്ങള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്ന്. പിന്നെന്തിനാണ് അവര്‍ ജീവനൊടുക്കുന്നത്?. ഇത് നിങ്ങളുടെ തെറ്റാണ്... എനിക്ക് മനസ്സിലാക്കാനാകും യുവതി അവര്‍ക്ക് (മാതാപിതാക്കള്‍) ഒപ്പമായിരുന്നെങ്കില്‍. പക്ഷേ യുവതി നിങ്ങള്‍ക്കൊപ്പമായിരുന്നെന്ന് നിങ്ങള്‍ സമ്മതിച്ചു. ആ പെണ്‍കുട്ടി ജീവനൊടുക്കി. നിങ്ങളാണ് ഉത്തരവാദി... ഒരു സ്ത്രീ ആത്മഹത്യ ചെയ്തു. നിങ്ങളില്‍നിന്നാണ് ആദ്യം ഉത്തരം വരേണ്ടത്- കോടതി പറഞ്ഞു.

കൂടെത്താമസിച്ചിരുന്ന യുവതി എന്തിനാണ് ആത്മഹത്യ ചെയ്തത് എന്നാണ് താങ്കള്‍ക്ക് തോന്നുന്നത് എന്നു കോടതി ചോദിച്ചു. വീട്ടുകാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ യുവതി താമസിച്ചിരുന്നത് സുകാന്തിനൊപ്പമായിരുന്നു, അവര്‍ എന്തിന് ആത്മഹത്യ ചെയ്തു? അത് നിങ്ങളുടെ പിഴവല്ലേ? അവര്‍ നിങ്ങളുടെ കൂടെയല്ലേ താമസിച്ചിരുന്നത്, അപ്പോള്‍ നിങ്ങള്‍ക്ക് ഉത്തരവാദിത്തമില്ലേ എന്നും കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ ആദ്യം മറുപടി പറയേണ്ടതും സുകാന്താണെന്ന് കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.

25കാരിയായ ഐബി ഉദ്യോഗസ്ഥയുടെ ദാരുണാന്ത്യത്തിന് കാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഹര്‍ജിക്കാരന്റെ അറസ്റ്റ് വിലക്കാനാകില്ലെന്നും ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പറഞ്ഞു. തിങ്കളാഴ്ചതന്നെ അന്തിമവാദം നടത്തണമെന്ന ആവശ്യവും കോടതി നിരസിച്ചു. സംഭവത്തിന് തൊട്ടുമുമ്പ് ഐബി ഉദ്യോഗസ്ഥയെ ഫോണില്‍ വിളിച്ചതടക്കം സുകാന്തിനെതിരെ തെളിവുണ്ടെന്ന് സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി എസ് റിത്തിക് ബോധിപ്പിച്ചു. നെടുമ്പാശേരിയില്‍ ഐബി ഉദ്യോഗസ്ഥനായ തന്നെ പൊലീസ് കേസില്‍ പ്രതിചേര്‍ക്കാന്‍ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജാമ്യാപേക്ഷ. സഹപ്രവര്‍ത്തകരായ തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. ഹര്‍ജി വിശദ വാദത്തിനായി മാറ്റി.

തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാ?ഗം ഉദ്യോഗസ്ഥയായിരുന്ന 25കാരിയാണ് മരിച്ചത്. യുവതിയെ മാര്‍ച്ച് 24നാണ് റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 9.30ഓടെ തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കും ഇടയിലെ റെയില്‍പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പുണെ- കന്യാകുമാരി എക്സ്പ്രസ് ട്രെയിന്‍ തട്ടിയായിരുന്നു മരണം. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. ജോലി കഴിഞ്ഞ് രാവിലെ ഏഴിന് വിമാനത്താവളത്തില്‍നിന്നു മടങ്ങിയതായിരുന്നു. യുവതിയുടെ മരണത്തില്‍ സുകാന്തിനെതിരെ ആരോപണവുമായി യുവതിയുടെ പിതാവ് രംഗത്തെത്തിയിരുന്നു. യുവതിയെ സുകാന്ത് ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തിരുന്നുവെന്നും മകളുടെ ശമ്പളമടക്കം സുകാന്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചിരുന്നുവെന്നും കുടുംബം ആരോപിച്ചു.

ഇതിനുള്ള തെളിവുകളും പിതാവ് ഹാജരാക്കിയിരുന്നു. തുടര്‍ന്ന് ബലാത്സംഗമടക്കമുള്ള വകുപ്പുകള്‍ ചുമത്തി സുകാന്തിനെ പേട്ട പൊലീസ് പ്രതി ചേര്‍ത്തിരുന്നു. യുവതിയെ സുകാന്ത് സാമ്പത്തികമായി ചൂഷണംചെയ്തെന്നായിരുന്നു കുടുംബം ആദ്യം ഉന്നയിച്ച പരാതി. പിന്നാലെ, യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും തെളിവുകള്‍ കൈമാറി. കഴിഞ്ഞദിവസം പേട്ട പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി യുവതിയുടെ പിതാവ് തന്നെയാണ് തെളിവുകള്‍ കൈമാറിയത്. ഇതിനുപിന്നാലെയാണ് പോലീസ് ബലാത്സംഗക്കുറ്റം ഉള്‍പ്പെടെ ചുമത്തി സുകാന്തിനെതിരേ കേസെടുത്തത്.

മലപ്പുറം സ്വദേശിയായ സുകാന്ത് യുവതിയുമായി സൗഹൃദം സ്ഥാപിച്ച് പലതവണകളായി പണം കൈക്കലാക്കിയെന്നാണ് കണ്ടെത്തല്‍. ചെന്നൈയിലും കൊച്ചിയിലും കൊണ്ടുപോയി യുവതിയെ ചൂഷണംചെയ്തതായും യുവതിയെ പരിക്കേല്‍പ്പിച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

Tags:    

Similar News