തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു; വിവാഹാലോചനയും നടത്തിയിരുന്നു; തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിച്ചു; യുവതിയുടെ മരണത്തോടെ താന്‍ മാനസികമായി തകര്‍ന്ന നിലയില്‍; നഷ്ടപ്പെട്ടത് സ്നേഹം നിറഞ്ഞ പങ്കാളിയെ'; മുന്‍കൂര്‍ ജാമ്യം തേടി സുകാന്ത് ഹൈക്കോടതിയില്‍; ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പങ്കില്ലെന്ന് വാദം
തങ്ങള്‍ ഇരുവരും പ്രണയത്തിലായിരുന്നു
കൊച്ചി: തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണം സംബന്ധിച്ച കേസില്‍ സുഹൃത്തും സഹപ്രവര്‍ത്തകനുമായ സുകാന്ത് സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഒളിവില്‍ കഴിയവെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യേപക്ഷ നല്‍കിയിരിക്കുന്നത്. കേസില്‍ താന്‍ നിരപരാധിയാണെന്നും ഐബി ഒഫീസറുടെ മരണത്തില്‍ പങ്കില്ലെന്നുമാണ് സുകാന്ത് സുരേഷിന്റെ വാദം. അതേസമയം ഐബി ഉദ്യോഗസ്ഥയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നുവെന്നും സുകാന്ത് സമ്മതിക്കുന്നു.
ഒരു ഘട്ടത്തിലും മരിച്ച ഐബി ഉദ്യോഗസ്ഥയോട് മോശമായി പെരുമാറിയിട്ടില്ല. സ്‌നേഹത്തോടെയും ബഹുമാനത്തോടെയും സുരക്ഷിതത്വം ഉറപ്പുവരുത്തിയുമാണ് എപ്പോഴും ഇടപഴകിയത്. ഐബി ഉദ്യോഗസ്ഥയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. വിവാഹാലോചനയും നടത്തിയിരുന്നു. തന്റെ മാതാപിതാക്കള്‍ യുവതിയുടെ വീട്ടില്‍ പോയി സംസാരിക്കുകയും ചെയ്തിരുന്നു സത്യസന്ധമായ സ്‌നേഹവും നിറഞ്ഞ പിന്തുണയുമാണ് എപ്പോഴും ഐബി ഉദ്യോഗസ്ഥയോട് പ്രകടിപ്പിച്ചത്. ഐബി ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളെയും തീരുമാനത്തെയും എപ്പോഴും അംഗീകരിച്ചിരുന്നു. അവരുടെ മരണം ഏറ്റവുമധികം ബാധിക്കപ്പെട്ട ഒരാളാണ് താന്‍ എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
സ്‌നേഹം നിറഞ്ഞ പങ്കാളിയെ മാത്രമല്ല, അത്രമേല്‍ ഇഷ്ടപ്പെട്ട ഒരാളെയാണ് നഷ്ടപ്പെട്ടത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ താന്‍ നിരപരാധിയാണ്. കുറ്റകൃത്യവുമായി ഒരു ബന്ധവുമില്ല. സംശയത്തിന്റെ നിഴലിലേക്ക് തന്നെ ബോധപൂര്‍വ്വം വലിച്ചിടുകയാണ്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിലേക്ക് നയിക്കുന്ന ഒരു പ്രവര്‍ത്തിയും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അനാവശ്യമായി തന്നെ സംശയിക്കുന്നുവെന്നും ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുകാന്ത് സുരേഷ് പറയുന്നു.
യുവതിയുടെ മാതാപിതാക്കള്‍ തനിക്കെതിരെ പരാതി നല്‍കിയതായി അറിഞ്ഞു. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും സുകാന്തിന്റെ വാദം. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ ആരോപണ വിധേയനായ സഹപ്രവര്‍ത്തകന്‍ സുകാന്ത് സുരേഷിനെ ഇന്നലെ കേസില്‍ പ്രതി ചേര്‍ത്തിരുന്നു. ആത്മഹത്യ പ്രേരണകുറ്റം ചുമത്താനാണ് നീക്കം. ഒളിവിലുള്ള സുകാന്ത് സുരേഷിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇതിന് പിന്നാലെയാണ് സുകാന്ത് ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ പുറത്തിറങ്ങിയ ഉദ്യോഗസ്ഥ പേട്ടയില്‍ ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഒന്നര ആഴ്ച മുമ്പാണ്. സഹപ്രവര്‍ത്തകനായ മലപ്പുറം സ്വദേശി സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. എന്നാല്‍ ബന്ധം തകരാറാനുള്ള കാരണമെന്തെന്ന് കണ്ടെത്താന്‍ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഫോണ്‍ ചെയ്ത സുകാന്തും കുടുംബവും ഒളിവില്‍ പോയെന്നാണ് പൊലീസ് പറയുന്നത്.
ഇതിനിടെ ശാരീരികമായും സാമ്പത്തികമായും മകളെ സുകാന്ത് ചൂഷണം ചെയതതിനുള്ള തെളിവുകള്‍ അച്ഛന്‍ പൊലിസിന് കൈമാറിയിട്ടുണ്ട്. പൊലീസിന് മുന്നില്‍ ബന്ധുക്കള്‍ തെളിവുകള്‍ നല്‍കി, സുകാന്ത് അന്വേഷണവുമായ സഹകരിക്കുന്നുമില്ല, ഈ സാഹചര്യത്തിലാണ് പ്രതി ചേര്‍ക്കാനുള്ള നീക്കം. പ്രതി ചേര്‍ത്താല്‍ സുകാന്ത് കോടതിയെ സമീപിക്കാനുള്ള സാധ്യതയുമുണ്ട്. സുകാന്തിനെതിരെ ഐബിയും ഇതേവരെ വകുപ്പ്തല നടപടിയും സ്വീകരിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാതിരിക്കാനാണ് സുകാന്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്.
മകളുടെ ശമ്പളത്തുക മുഴുവന്‍ സുകാന്തിന്റെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു. മകളുടെ അക്കൗണ്ടില്‍ ബാക്കിയുണ്ടായിരുന്നത് ആയിരം രൂപ മാത്രമാണ്. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. അതേസമയം ആരോപണ വിധേയനായ സുഹൃത്ത് സുകാന്തിന് ഒരേ സമയം ഉണ്ടായിരുന്നത് മൂന്ന് പ്രണയ ബന്ധങ്ങളെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. പത്തനംതിട്ടക്കാരി ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിനു ശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്തനംതിട്ടക്കാരി ഉള്‍പ്പെടെ 3 വനിത ഐബി ഉദ്യോഗസ്ഥരുമായി ഒരേസമയം സുകാന്ത് അടുപ്പം സൂക്ഷിച്ചിരുന്നതയാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
ഐ ബി ഉദ്യോഗസ്ഥരും പൊലീസും കൊച്ചിയിലെ സുകാന്തിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് മറ്റ് രണ്ട് വനിത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചത്. തിരുവനന്തപുരത്തുകാരിയുടെ ശമ്പളം പലതവണയായി സുകാന്ത് അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സുകാന്തിനെ കണ്ടെത്താന്‍ ഐബി വിപുലമായ തിരച്ചില്‍ നടത്തുന്നില്ല. അണ്‍ ഓതറൈസ്ഡ് ആബ്സന്റായ സുകാന്തിനെ പുറത്താക്കാന്‍ വേണ്ടി കൂടിയാണ് ഇത്. അകാരണമായി അവധിയില്‍ പോയെന്ന വരുത്താന്‍ സുകാന്തിന്റെ ഒളിവുകാലത്തിലൂടെ കഴിയുമെന്നാണ് ഐബി വലിയിരുത്തല്‍.
രണ്ട് തവണ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പാസായ ആളാണ് സുകാന്ത്. മെയിന്‍ പരീക്ഷയില്‍ പരാജയം നേരിട്ടിട്ടും സിവില്‍ സര്‍വീസ് മോഹം സുകന്ത് കൈവിട്ടില്ല. സുകാന്ത് സുരേഷ് ഐ.എ.എസ് എന്ന് എഴുതിയ പഴ്സണല്‍ ഡയറി മുറിക്കുള്ളില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. സിവില്‍ സര്‍വീസ് നേടിയ ശേഷം മാത്രം വിവാഹം മതിയെന്ന നിലപാടിലായിരുന്നു സുകാന്ത്. എന്നാല്‍ വിവാഹം നടത്തണമെന്നായിരുന്നു പത്തനംതിട്ടക്കാരിയുടെ ആവശ്യം. ഇതേ തുടര്‍ന്ന് ഇയാള്‍ യുവതിയോട് പരുഷമായി പെരുമാറിയിരുന്നതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിന് പിന്നാലെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ യുവതി ചികിത്സ തേടിയെന്ന് വ്യക്തമാക്കുന്ന തെളിവുകളും അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്.