സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ? അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ? മറുപടി പറഞ്ഞ് കുടുംബാംഗം; സുനിത ഇന്ത്യ സന്ദര്‍ശിക്കും; തീയതി പിന്നീട് തീരുമാനിക്കുമെന്നും പ്രതികരണം
സുനിത ഇന്ത്യ സന്ദര്‍ശിക്കും; തീയതി പിന്നീട് തീരുമാനിക്കുമെന്നും കുടുംബാംഗം
ന്യൂഡല്‍ഹി: നാസയുടെ ഇതിഹാസ ബഹിരാകാശ യാത്രികരില്‍ ഒരാളും ഇന്ത്യന്‍ വംശജയുമായ സുനിത വില്യംസ് മൂന്നാം ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി മടങ്ങിയെത്തിയതിന്റെ ആഹ്ലാദത്തിലാണ് കുടുംബാംഗങ്ങള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) നീണ്ട ഒന്‍പത് മാസത്തെ ദൗത്യത്തിന് ശേഷം ഭൂമിയില്‍ തിരിച്ചിറങ്ങിയ സുനിതയെ ലോകം വാഴ്ത്തുന്നതിനിടെ അവരുടെ ഒരു കുടുബാംഗത്തിന്റെ പ്രതികരണം ശ്രദ്ധേയമായി.
ഇന്ത്യന്‍ വംശജയായ നാസ ബഹിരാകാശയാത്രിക സുനിത വില്യംസ് ഇന്ത്യ സന്ദര്‍ശിക്കുമെന്നാണ് കുടുംബാംഗം അറിയിച്ചത്. സുനിത സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാല്‍ഗുനി പാണ്ഡ്യ എന്‍ഡിടിവിയോട് പറഞ്ഞു. സുനിത വില്യംസ് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്നും അവര്‍ വ്യക്തമാക്കി. തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ അവള്‍ തീര്‍ച്ചയായും ഉടന്‍ ഇന്ത്യയിലേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം യാത്രയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.
ഇന്ത്യ സുനിതയുടെ പിതാവിന്റെ നാടാണെന്നും ആ രാജ്യവുമായി വളരെ ബന്ധമുണ്ട്. ഇന്ത്യയില്‍ നിന്നും ഇന്ത്യക്കാരില്‍ നിന്നും അവര്‍ക്ക് സ്‌നേഹം ലഭിക്കുന്നു. അവര്‍ ഇന്ത്യയിലേക്ക് വരുമെന്ന് അറിയാം. ബാക്കി കാര്യങ്ങള്‍ വഴിയേ തീരുമാനിക്കും. കുടുംബത്തോടൊപ്പം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാന്‍ പദ്ധതിയിടുന്നുവെന്നും അവര്‍ പറഞ്ഞു.
സുനിത വില്യംസ് വീണ്ടും ബഹിരാകാശത്തേക്ക് പോകുമോ അതോ ചൊവ്വയില്‍ ഇറങ്ങുന്ന ആദ്യ വ്യക്തിയാകുമോ എന്ന ചോദ്യത്തിന്, അത് അവരുടെ ഇഷ്ടമാണെന്നും ഫാല്‍ഗുനി വ്യക്തമാക്കി. സുനിതയുടെ ജന്മദിനത്തിന് ഇന്ത്യന്‍ മധുരപലഹാരമായ കാജു കട്ലി അവര്‍ക്ക് അയച്ചിരുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളയില്‍ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ സുനിത തന്നോട് ചിത്രങ്ങള്‍ ആവശ്യപ്പെട്ടുവെന്നും ഫാല്‍ഗുനി പറഞ്ഞു.
ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെ 3.27-നാണ് സുനിത വില്യംസ് ഉള്‍പ്പെടുന്ന ക്രൂ-9 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകത്തില്‍ ഭൂമിയില്‍ മടങ്ങിയെത്തിയത്. മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്നായിരുന്നു ഡ്രാഗണ്‍ ക്യാപ്‌സൂളിന്റെ ലാന്‍ഡിംഗ്. ബഹിരാകാശത്ത് നിന്നും സുനിത വില്യംസും സംഘവും തിരിച്ചെത്തിയതില്‍ സുനിതയുടെ ജന്മനാടായ ജുലാസന്‍ ഗ്രാമത്തിലും ആഘോഷം നടന്നു. നിരവധി പേരാണ് സുനിത വില്യംസിന്റെ മടങ്ങിവരവ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്.
ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഡ്രാഗണ്‍ ഫ്രീഡം പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. സുനിത വില്യംസിന് പുറമെ നാസയുടെ തന്നെ ബഹിരാകാശ യാത്രികരായ നിക് ഹേഗ്, ബുച്ച് വില്‍മോര്‍ എന്നിവരും റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവുമായിരുന്നു ഡ്രാഗണ്‍ പേടകത്തില്‍ വന്നിറങ്ങിയത്. സുനിതയും ബുച്ചും 2024 ജൂണ്‍ 5നും, ഹേഗും ഗോര്‍ബുനോവും 2024 സെപ്റ്റംബര്‍ 28നുമായിരുന്നു ഭൂമിയില്‍ നിന്ന് ഐഎസ്എസിലേക്ക് യാത്ര തിരിച്ചത്. ഇനി ഈ നാല് പേര്‍ക്കും നാസയുടെ 45 ദിവസത്തെ പോസ്റ്റ്-ഫ്‌ലൈറ്റ് റീഹാബിലിറ്റേഷന്‍ കാലയളവാണ്.