മലമ്പുഴയില്‍ അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ്; വി.എസിന്റെ വിശ്വസ്തന്‍ എ സുരേഷ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും; സതീശന്റെ പുതുയുഗ യാത്രയില്‍ പാലക്കാട്ടെ വിസ്മയമാകാന്‍ സുരേഷ്; ഇനി അറിയേണ്ടത് വിഎസിന്റെ മകനെ സിപിഎം മലമ്പുഴയില്‍ കളത്തില്‍ ഇറക്കുമോ എന്ന്; ബിജെപിയും മലമ്പുഴയില്‍ അതിശക്തം; മലമ്പുഴയില്‍ അതിശക്ത ത്രികോണം ഉറപ്പ്
പാലക്കാട്: ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദന്റെ മുന്‍ വിശ്വസ്തന്‍ എ. സുരേഷിനെ കളത്തിലിറക്കി അട്ടിമറിക്ക് യുഡിഎഫ് ഒരുങ്ങുന്നു. വി.എസിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റായ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുമെന്നാണ് സൂചനകള്‍. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന 'പുതുയുഗ യാത്ര' പാലക്കാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ സുരേഷിന്റെ പങ്കാളിത്തം രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്. ഇടതുകോട്ടയില്‍ വിള്ളലുണ്ടാക്കാന്‍ സുരേഷിനെക്കാള്‍ മികച്ചൊരു തുറുപ്പുചീട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
എന്നാല്‍, മലമ്പുഴയില്‍ സിപിഎം ആരെ ഇറക്കുമെന്നതിനെ ആശ്രയിച്ചാകും സുരേഷിന്റെ അന്തിമ നിലപാട്. വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ മലമ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. അരുണ്‍കുമാര്‍ മത്സരരംഗത്തുണ്ടെങ്കില്‍ വി.എസ് കുടുംബത്തോടുള്ള ആത്മബന്ധം കാരണം സുരേഷ് പിന്‍മാറിയേക്കും. നിലവില്‍ ഐ.എച്ച്.ആര്‍.ഡിയില്‍ ഉന്നത പദവിയിലിരിക്കുന്ന അരുണ്‍കുമാറിനെ രാഷ്ട്രീയത്തിലേക്ക് ഇറക്കുന്നതിലൂടെ വി.എസ് വികാരം വോട്ടാക്കി മാറ്റാനാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നീക്കം.
മറുവശത്ത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സി. കൃഷ്ണകുമാര്‍ വീണ്ടും എത്താനാണ് സാധ്യത. ബിജെപിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലത്തില്‍ കൃഷ്ണകുമാറിന്റെ സാന്നിധ്യം മലമ്പുഴയില്‍ ഇത്തവണ ഉശിരന്‍ ത്രികോണ പോരാട്ടത്തിന് വഴിയൊരുക്കും. വി.എസിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ മകനും വിശ്വസ്തനും ബിജെപിയും നേര്‍ക്കുനേര്‍ വരുന്നത് രാഷ്ട്രീയ ചരിത്രത്തിലെ തന്നെ അപൂര്‍വമായ കാഴ്ചയാകും. എന്തിനാണ് തന്നെ പുറത്താക്കിയതെന്ന് വ്യക്തമാക്കാത്ത പാര്‍ട്ടി നിലപാടില്‍ പ്രതിഷേധമുള്ള സുരേഷ്, ഇടതുപക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ പിന്തുണ തനിക്കുണ്ടാകുമെന്ന വിശ്വാസത്തിലാണ്.
വി.എസിന്റെ തട്ടകത്തില്‍ അദ്ദേഹത്തിന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ തന്നെ കളത്തിലിറക്കിയാല്‍ അട്ടിമറി വിജയം നേടാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍, മലമ്പുഴയില്‍ വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. വി.എസിന്റെ തട്ടകത്തില്‍ ആ കുടുംബത്തോടുള്ള സ്‌നേഹവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞു കിടക്കുമ്പോള്‍, അരുണ്‍കുമാറിനെ ഇറക്കി സുരേഷിന്റെ വഴി അടയ്ക്കാനാണ് സിപിഎമ്മിലെ ഒരു വിഭാഗം ആലോചിക്കുന്നത്. അരുണ്‍കുമാറിനെതിരെ സുരേഷ് മത്സരിക്കില്ലെന്നാണ് സിപിഎം കരുതുന്നത്. ബിജെപിക്ക് അതിശക്തമായ സ്വാധീനമുള്ള മലമ്പുഴയില്‍ വിഎസ് വികാരം ശക്തമാക്കുകയാണ് സിപിഎം ലക്ഷ്യം. കേരളത്തില്‍ ഉടനീളം വിഎസ് അനുകൂലികള്‍ സിപിഎമ്മിന് പിന്നില്‍ അണിനിരക്കുമെന്നാണ് പ്രതീക്ഷ.
മലമ്പുഴയില്‍ വി.എസിന്റെ മകന്‍ വി.എ. അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിന് സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഏകദേശ ധാരണയായതായാണ് സൂചനകള്‍. മലമ്പുഴ അല്ലെങ്കില്‍ കായംകുളം മണ്ഡലങ്ങളാണ് അരുണ്‍കുമാറിനായി പരിഗണനയിലുള്ളത്. വി.എസിന്റെ അഭാവത്തില്‍ മണ്ഡലത്തിലുണ്ടായ വിടവ് നികത്താന്‍ കുടുംബത്തില്‍ നിന്നൊരാള്‍ തന്നെ വരുന്നത് ഗുണം ചെയ്യുമെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തുന്നു. അരുണ്‍കുമാര്‍ വന്നാല്‍ ചിതറിപ്പോയ വി.എസ് അനുകൂലികളെ ഒപ്പം നിര്‍ത്താന്‍ കഴിയുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.
ഏറെ രാഷ്ട്രീയ പ്രധാന്യം ഉള്ള മണ്ഡലം കൂടിയാണ് മലമ്പുഴ. ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും വിജയിച്ചു വന്ന ചരിത്രപ്രാധാന്യമുള്ള മണ്ഡലമാണിത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ. പ്രഭാകരന്‍ 25,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മണ്ഡലം നിലനിര്‍ത്തിയത്. ഈ സാഹചര്യത്തില്‍ സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അന്തിമ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ആകാംക്ഷയുണര്‍ത്തുന്ന ഈ വിഷയങ്ങളില്‍ സുരേഷിന്റെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും അടുത്ത നീക്കങ്ങള്‍ എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകരും അണികളും.
