കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ; കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ; നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം; ചോദ്യം ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതി! ജബല്‍പൂരില്‍ കടന്നാക്രമണം; മുനമ്പത്ത് പ്രതീക്ഷ; കൊച്ചിയില്‍ സുരേഷ് ഗോപിയ്ക്ക് മാസ് എന്‍ട്രി!

Update: 2025-04-04 04:53 GMT

കൊച്ചി: വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സിപിഎമ്മിനെതിരെയും രംഗത്തെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വഖഫ് ബില്‍ ജെപിസിയില്‍ ഇട്ട് കത്തിച്ചുകളയുമെന്നു ചിലര്‍ പറഞ്ഞുവെന്നും മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ എന്തു നടപടി വരുമെന്നു കാത്തിരുന്ന് കാണാമെന്നും സുരേഷ് ഗോപി കൊച്ചിയില്‍ പറഞ്ഞു. നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ കൊണ്ട് മുനമ്പത്തെ ജനങ്ങള്‍ക്ക് ഗുണമുണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ രാവിലെ മാസ് എന്‍ട്രിയാണ് സുരേഷ് ഗോപി നടത്തിയത്.

അതിനിടെ, ജബല്‍പുരില്‍ മലയാളി വൈദികര്‍ക്കു നേരെയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ''എന്റെ നാവ് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തോളൂ. മനസ്സ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യരുത്. ജബല്‍പുരില്‍ ഉണ്ടായ ആക്രമണം, അത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സംഭവമാണ്. കേരളത്തില്‍ പാലാ ബിഷപ്പിനെ കൊലപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചില്ലെ, കേസെടുത്ത് അകത്ത് ഇടാന്‍ നോക്കിയില്ലേ. നിങ്ങള്‍ ആരാ, ആരോടാ ചോദിക്കുന്നേ? വളരെ സൂക്ഷിച്ച് സംസാരിക്കണം. മാധ്യമം ആരാ ഇവിടെ? ഇവിടെ ജനങ്ങളാണ് വലുത്. ബി കെയര്‍ഫുള്‍. സൗകര്യമില്ല പറയാന്‍'' സുരേഷ് ഗോപി പ്രതികരിച്ചു. വഖഫ് ബില്ല് രാജ്യസഭയും പാസായതിന് പിന്നാലെയാണ് സുരേഷ് ഗോപി കൊച്ചിയിലെത്തിയത്. നാളെ മുനമ്പത്തും സുരേഷ് ഗോപി പോകും.

വഖഫ് വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെയും സുരേഷ് ഗോപി രംഗത്തെത്തി. ''അവര്‍ ജാതീയമായി ജനങ്ങളെ തിരിക്കാന്‍ നോക്കുകയാണ്. ക്രിസ്തീയ സമൂഹം മുഴുവന്‍ അണിനിരന്നുവെന്ന അങ്കലാപ്പിലാണ് അവര്‍. ആങ്ങളയും പെങ്ങളും എന്തുകൊണ്ടാണ് മുനമ്പത്ത് വരാതിരുന്നത്. കേരളത്തിലെ ചോരക്കണക്ക് ഇന്നലെ ഞാന്‍ രാജ്യസഭയില്‍ പറഞ്ഞു. ജബല്‍പുര്‍ വിഷയത്തില്‍ നിയമപരമായി നടപടിയെടുക്കും.'' സുരേഷ് ഗോപി പറഞ്ഞു. വഖഫ് നന്‍മയുള്ള സ്ഥാപനമാണെന്നും അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചതെന്നും പറഞ്ഞു. ഭേദഗതി മുസ്ളിം സമുദായത്തിനും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തില്‍ ഈ കിരാതം അവസാനിപ്പിച്ചു. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു. ജനങ്ങളെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചതെന്നും സുരേഷ് ഗോപി പറഞ്ഞു.

ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നല്‍കി. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ പോയി വെച്ചാല്‍ മതിയെന്നും സുരേഷ് ഗോപി തട്ടിക്കയറി. വഖഫിലൂടെ മുനമ്പത്തെ പ്രശ്നമല്ല പരിഹരിക്കപ്പെട്ടത്. മുനമ്പത്തും ഗുണപ്പെടും എന്നത് സത്യമാണ്. വഖഫിലെ അപാകതകള്‍ മാറണം. വഖഫ് ബില്ലിലെ ചര്‍ച്ചയില്‍ എന്തെങ്കിലും പ്രശ്നം കണ്ടോ എന്നും സുരേഷ് ഗോപി പറഞ്ഞു. വഖഫ് വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങള്‍. വഖഫില്‍ മാറിയ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ വരുന്ന മാറ്റങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചോളു. നാവ് പോസ്റ്റ്മോര്‍ട്ടം ചെയ്തോളൂ. മനസ്സിനെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുതെന്നും സുരേഷ് ഗോപി പറഞ്ഞു. ക്രിസ്ത്യന്‍ സമൂഹം വഖഫ് ബില്ലിനായി അണിനിരന്നതിന്റെ അങ്കലാപ്പാണ് കോണ്‍ഗ്രസിനെന്നും സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ ജബല്‍പൂര്‍ സംഭവത്തെ കുറിച്ചുള്ള ചോദ്യത്തോട് ഏതാണ് ചാനലെന്ന് ചോദിച്ച ശേഷം മറുപടി പറയാന്‍ സൗകര്യമില്ലെന്നായിരുന്നു പ്രതികരണം. സൂക്ഷിച്ച് സംസാരിക്കണമെന്നും ചോദ്യം ജോണ്‍ ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ട് വെച്ചാല്‍ മതിയെന്നുമായിരുന്നു മറുപടി.

ഇന്നലെ രാജ്യസഭയില്‍ വഖഫ് ഭേദഗതി ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും ഏറ്റുമുട്ടിയിരുന്നു. 'രാജ്യസഭയിലും എമ്പുരാന്‍ സിനിമയിലെ മുന്നമാരുണ്ട്' എന്നായിരുന്നു സുരേഷ് ഗോപിയെ പേരെടുത്ത് പറയാതെ ജോണ്‍ ബ്രിട്ടാസിന്റെ വിമര്‍ശനം. 'നിങ്ങളുടെ വിഷത്തെ ഞങ്ങള്‍ അവിടെ (കേരളത്തില്‍നിന്ന്) മാറ്റിനിര്‍ത്തി. ഒരു തെറ്റു പറ്റി മലയാളിക്ക്. കേരളത്തില്‍ ഒരാള്‍ ജയിച്ചിട്ടുണ്ട്. അതു വൈകാതെ തിരുത്തും. നേമത്തെ അക്കൗണ്ട് പൂട്ടിച്ചതു പോലെ വൈകാതെ ആ അക്കൗണ്ടും പൂട്ടിക്കും' എന്നും സുരേഷ് ഗോപിയുടെ വിജയം സൂചിപ്പിച്ച് ബ്രിട്ടാസ് തുറന്നടിച്ചു. 'ക്രൈസ്തവരുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നവരുണ്ടിവിടെ. ഓരോ ദിവസവും ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നു. ഇന്നും ജബല്‍പൂരില്‍ ആക്രമണം നടന്നു. കഴിഞ്ഞ വര്‍ഷം മാത്രം എഴുനൂറിലേറെ ആക്രമണങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നത്. മണിപ്പൂരില്‍ 200 ക്രിസ്ത്യന്‍ പള്ളികള്‍ കത്തിച്ചു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസമായിട്ട് ക്രിസ്ത്യാനി, മുനമ്പം, കേരള എന്നൊക്കെ പറയുന്നു. സ്റ്റാന്‍ സ്വാമിയെ മറക്കാനാവുമോ സര്‍? പാര്‍ക്കിന്‍സണ്‍സ് രോഗം വന്ന് ഒരുതുള്ളിവെള്ളം കുടിക്കാനാവാതെ ഒരു സ്‌ട്രോയ്ക്ക് വേണ്ടി കരഞ്ഞ ആ മനുഷ്യനെ നിങ്ങള്‍ ജയിലിലിട്ട് കൊന്നില്ലേ' -ബ്രിട്ടാസ് ചോദിച്ചിരുന്നു.

ഇതില്‍ പ്രകോപിതനയാ സുരേഷ് ഗോപി കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. എമ്പുരാന്‍ സിനിമയെക്കുറിച്ച് പറയുന്നവര്‍ക്ക് ടി.പി. ചന്ദ്രശേഖരനെ പറ്റിയുള്ള 'ടി.പി 51 വെട്ട്' സിനിമയെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയെക്കുറിച്ചും സുരേഷ് ഗോപി പരാമര്‍ശിച്ചു. നടന്‍ മമ്മൂട്ടിയെ പരോക്ഷമായി പരാമര്‍ശിച്ച്, ബ്രിട്ടാസിനോ കൈരളി ചാനലിനോ അതിന്റെ ചെയര്‍മാനോ സിനിമകള്‍ റീ റിലീസ് ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് സുരേഷ് ഗോപി ചോദിച്ചിരുന്നു.

Tags:    

Similar News