രണ്ടു കാറുകളുടെ കാര്യത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ഒന്നില്‍ മാത്രം നടപടി നേരിട്ട സുരേഷ് ഗോപി; ഫഹദും അമാലാ പോളും കുറ്റപത്രത്തിന് മുമ്പേ രക്ഷപ്പെട്ടു; തൃശൂര്‍ എംപിയായ അക്ഷന്‍ ഹീറോ ഇന്നും ട്രോളിലെ താരം; 'ഓപ്പറേഷന്‍ നുംഖോറി'നു മുമ്പും മോളിവുഡിനെ പിടിച്ചു കുലുക്കി കാര്‍ വിവാദം; ദുല്‍ഖറിനും കൂട്ടയ്ക്കും പിഴ ഉറപ്പ്
കൊച്ചി: 'ഓപ്പറേഷന്‍ നുംഖോറി'നു പിന്നാലെ മലയാള സിനിമാതാരങ്ങളുടെ പഴയ വാഹനനികുതി വെട്ടിപ്പ് വീണ്ടും ചര്‍ച്ചയാകുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി, ഫഹദ് ഫാസില്‍, അമല പോള്‍ എന്നിവരാണു നേരത്തേ വാഹന നികുതി വെട്ടിപ്പില്‍ കുടുങ്ങിയിട്ടുള്ളവര്‍. അന്ന് സുരേഷ് ഗോപിക്കെതിരെ സൈബര്‍ സഖാക്കള്‍ പല ട്രോളുകളും ഇറക്കി. അത് ഇന്നും തുടരുന്നു. അന്ന് എല്ലാം നടന്മാരുടെ കുറ്റം ആക്കിയവര്‍ ഭൂട്ടാനില്‍ നിന്നുള്ള നടന്മാരുടെ കാര്‍ കടത്തിനെ നിസ്സാര വത്സരിക്കുന്നു. നടന്മാര്‍ ചതിയില്‍ പെട്ടുവെന്നാണ് അവരുടെ പ്രതികരണം.
'ഓപ്പറേഷന്‍ നുംഖോറി'ല്‍ കുടുങ്ങുകയാണ് വീണ്ടും മലയാളസിനിമയിലെ നടന്മാര്‍. ആഡംബര വാഹനങ്ങള്‍ നികുതി ഒഴിവാക്കി കേരളത്തിലെത്തിച്ച സംഭവത്തില്‍ കസ്റ്റംസ് പ്രിവന്റീവ് നടത്തിയ പരിശോധനയില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ കാറുകള്‍ പിടിച്ചെടുത്തു. മലയാള സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ഭൂട്ടാനില്‍നിന്നു നികുതി വെട്ടിച്ച് വാഹനങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 35 കേന്ദ്രങ്ങളിലായിരുന്നു 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ പരിശോധന. ദുല്‍ഖര്‍ സല്‍മാനു പുറമെ നടന്മാരായ പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. ഇതിനിടെയാണ് പഴയ കേസുകളും ചര്‍ച്ചയാകുന്നത്. നടന്മാര്‍ക്ക് ഇതില്‍ നേരിട്ടു പങ്കുണ്ടോ അതോ ഇടനിലക്കാര്‍ വഴിയാണോ ഇവ കേരളത്തിലെത്തിച്ചതെന്നാണു പരിശോധിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനും അമിത് ചക്കാലയ്ക്കലും ഉള്‍പ്പെടെയുള്ളവര്‍ക്കു നോട്ടീസ് നല്‍കുമെന്നും കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ഡോ. ടി. ടിജു പറഞ്ഞു.
പുതുച്ചേരി ചാവടിയിലെ അപ്പാര്‍ട്ട്‌മെന്റില്‍ താത്കാലിക താമസക്കാരന്‍ എന്ന നിലയിലാണു 2010ല്‍ വാങ്ങിയ കാര്‍ സുരേഷ് ഗോപി അവിടെ രജിസ്റ്റര്‍ ചെയ്തത്. രണ്ടു കാറുകളുടെ കാര്യത്തില്‍ ആരോപണമുയര്‍ന്നെങ്കിലും ഒന്നില്‍ മാത്രമാണു കേസ് രജിസ്റ്റര്‍ ചെയ്തതും നടപടിയെടുത്തതും. വ്യാജ മേല്‍വിലാസം ഉണ്ടാക്കി താരം ലക്ഷങ്ങളുടെ വെട്ടിപ്പു നടത്തിയതായി അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്തു വിട്ടയയ്ക്കുകയായിരുന്നു. ഫഹദ് ഫാസിലും അമല പോളുമാണ് സമാന ആരോപണം നേരിട്ട മറ്റു രണ്ട് അഭിനേതാക്കള്‍. ഇരുവര്‍ക്കുമെതിരേ വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. സുരേഷ് ഗോപിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ വിരോധം മൂലമാണെന്ന വാദവും ഉയര്‍ന്നിരുന്നു.
ഫഹദ് ഫാസില്‍ കേരളത്തിലേക്കു രജിസ്ട്രേഷന്‍ മാറ്റുകയും 19 ലക്ഷത്തോളം രൂപ പിഴ അടയ്ക്കുകയും ചെയ്തിരുന്നു. ഫഹദിനെയും അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. അമല പോള്‍ ബംഗളൂരുവില്‍നിന്നു വാങ്ങിയ വാഹനം കേരളത്തിലെത്തിക്കാഞ്ഞതിനാല്‍ നടപടി സ്വീകരിക്കാനായില്ലെന്നാണ് ഉയര്‍ന്ന വാദം. നിലവില്‍ ഭൂട്ടാനില്‍നിന്ന് അനധികൃതമായി ഇന്ത്യയിലേക്കു വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് 'ഓപ്പറേഷന്‍ നുംഖോര്‍' എന്ന പേരില്‍ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ കസ്റ്റംസ് പിടിച്ചെടുത്തു. ഇത്തരത്തില്‍ കേരളത്തില്‍ 150 മുതല്‍ 200 ഓളം വാഹനങ്ങളുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ഡോ. ടി. ടിജു പറഞ്ഞു.
തീവ്രവാദ വിരുദ്ധ സേന, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് എന്നിവരുടെ സഹകരണത്തോടെ കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 35 ഇടങ്ങളിലായിരുന്നു കേരളത്തില്‍ പരിശോധന. ഇതില്‍ പ്രതിക്കൂട്ടില്‍ ഉള്ളവരെല്ലാം പിഴ നല്‍കേണ്ടി വരും.