ആരെങ്കിലും എന്നെ ഒന്നു രക്ഷിക്കൂ.. വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നു; വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികള്‍ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുന്നു; മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയ ശേഷം ഒറ്റപ്പെട്ടു; വീട്ടിനുള്ളില്‍നിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

വീട്ടിനുള്ളില്‍നിന്നും പൊട്ടിക്കരഞ്ഞ് നടി തനുശ്രീ ദത്ത

Update: 2025-07-23 06:40 GMT

മുബൈ: ഒരു കാലത്ത് ബോളിവുഡിലെ തിളങ്ങുന്ന താരമായിരുന്നു നടി തനുശ്രീ ദത്ത. മോഡലിംഗ് രംഗത്തു നിന്നും സിനിമയില്‍ എത്തിയ ഇവര്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധനേടുകയും ചെയ്തു. ഇടക്കാലത്ത് ഫീല്‍ഡ് ഔട്ടായി പോയ നടി ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ പൊട്ടിക്കരഞ്ഞു കൊണ്ട് രംഗത്തുവന്നു. സ്വന്തം വീട്ടില്‍നിന്ന് കടുത്ത ഉപദ്രവം നേരിടുന്നുവെന്ന ആരോപണവുമായി തനുശ്രീ ദത്ത രംഗത്തു വന്നത്.

വീടിനുള്ളില്‍ അതിക്രൂരമായ പീഡനമാണ് താന്‍ നേരിടുന്നതെന്നും ആരെങ്കിലും വന്നു തന്നെ രക്ഷിക്കുമോ എന്ന അപേക്ഷയുമായി പൊട്ടിക്കരഞ്ഞുകൊണ്ടുള്ള വിഡിയോ താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു. വീട്ടിലെ ഉപദ്രവം സഹിക്കവയ്യാതെ താന്‍ പൊലീസിനെ വിളിച്ചുവെന്നും അവര്‍ വീട്ടിലേക്ക് എത്തി, ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും നടി കണ്ണീരോടെ വിഡിയോയില്‍ പറയുന്നു. സഹിച്ച് മതിയായി എന്നും ആരോഗ്യം വരെ ഇക്കാരണത്താല്‍ ക്ഷയിച്ചെന്നും തനുശ്രീ വ്യക്തമാക്കുന്നു. വീട്ടുകാര്‍ക്ക് എതിരെയാണ് നടി രംഗത്തുവന്നിരിക്കുന്നത്.

''വീട്ടില്‍ തനിക്കായി സഹായികളെ പോലും വയ്ക്കാനാകുന്നില്ല. വീട് ആകെ അലങ്കോലമാണ്. ജോലി ചെയ്യാന്‍ സാധിക്കുന്നില്ല. വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സഹായികളാണ് വീട്ടില്‍ നില്‍ക്കുന്നത്. അവരാകട്ടെ തന്റെ സാധന സാമഗ്രികള്‍ മോഷ്ടിച്ചുകൊണ്ട് പോകുകയാണ്. കിടക്കുന്ന മുറിയുടെ വാതില്‍ക്കല്‍ പോലും ആളുകള്‍ വന്ന് മുട്ടുകയാണ്. ആരെങ്കിലും എന്നെ സഹായിക്കൂ, മടുത്തു.''ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ തനുശ്രീ പറയുന്നു. 2018 ല്‍ താന്‍ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിനു പിന്നാലെയാണ് തനിക്ക് നേരെ കുടുംബാംഗങ്ങള്‍ തിരിഞ്ഞതെന്നും അവര്‍ വിഡിയോയില്‍ പറയുന്നു. വൈകിപ്പോകുന്നതിന് മുന്‍പ് ആരെങ്കിലും എന്തെങ്കിലും ചെയ്യുമോയെന്നും അവര്‍ ചോദിക്കുന്നു.


Full View

പശ്ചാത്തലത്തില്‍ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്ന മറ്റൊരു വിഡിയോയും അവര്‍ പങ്കുവച്ചു. ''2020 മുതല്‍ മിക്കവാറും എല്ലാ ദിവസവും അസമയത്ത് ഇതുപോലുള്ള ഉച്ചത്തിലുള്ള ശബ്ദങ്ങളും എന്റെ മേല്‍ക്കൂരയ്ക്ക് മുകളിലും വാതിലിന് പുറത്തും വളരെ ഉച്ചത്തിലുള്ള മുട്ടലുകളും ഞാന്‍ നേരിട്ടിട്ടുണ്ട്! ബില്‍ഡിങ് മാനേജ്‌മെന്റിനോട് പരാതിപ്പെട്ട് ഞാന്‍ മടുത്തു, കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത് ഉപേക്ഷിച്ചതാണ്. ഇതിനൊപ്പം തന്നെ ജീവിച്ചു പോകുന്നു. ആ സമയങ്ങളില്‍ ഹെഡ്‌ഫോണ്‍ വച്ച് ഹിന്ദു മന്ത്രങ്ങള്‍ കേട്ടുകൊണ്ടിരിക്കും.

ഇന്ന് എനിക്ക് ഒട്ടും സുഖമില്ലായിരുന്നു, നിങ്ങള്‍ക്കറിയാവുന്നതുപോലെ കഴിഞ്ഞ 5 വര്‍ഷമായി നിരന്തരമായ സമ്മര്‍ദ്ദവും ഉത്കണ്ഠയും നേരിട്ടതിന്റെ ഫലമായി എനിക്ക് ക്രോണിക് ഫെറ്റീഗ് സിന്‍ഡ്രോം ഉണ്ടായി. ഞാന്‍ എന്താണ് നേരിടുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. എഫ്‌ഐആറില്‍ ഞാന്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ വെളിപ്പെടുത്തും.''വിഡിയോയുടെ അടിക്കുറിപ്പായി നടി കുറിച്ചു.


 



'ഹോണ്‍ ഓക്കെ പ്ലീസ്' എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ നടന്‍ നാന പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു 2018 ല്‍ തനുശ്രീയുടെ വെളിപ്പെടുത്തല്‍. നാന പടേക്കര്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. നാന പടേക്കര്‍ക്ക് പുറമെ കോറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ, നിര്‍മാതാവ് സമീ സിദ്ദിഖി, സംവിധായകന്‍ രാകേഷ് സാരങ് എന്നിവരെ നുണപരിശോധനയ്ക്കും ബ്രെയിന്‍ മാപിങിനും വിധേയരാക്കണമെന്നും സത്യം പുറത്തുവരുമെന്നുമായിരുന്നു തനുശ്രീയുടെ അഭിഭാഷകന്‍ ഓഷീവാര പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.

ഈ സംഭവത്തിനുശേഷം സിനിമയില്‍ വീണ്ടും സജീവമാകാന്‍ ശ്രമിക്കുന്ന തനിക്കെതിരെ ഭീഷണിയും വധശ്രമവുമുണ്ടാകുന്നുവെന്നും തനുശ്രീ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് മാഫിയയും രാഷ്ട്രീയക്കാരും ദേശവിരുദ്ധ ശക്തികളുമാണ് ഇതിനു പിന്നിലെന്നും കടുത്ത മാനസിക സംഘര്‍ഷമാണ് താന്‍ അനുഭവിക്കുന്നതെന്നും തനുശ്രീ മുമ്പും തുറന്നു പറഞ്ഞിട്ടുണ്ട്.

Tags:    

Similar News