ഓരോ പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്ന തത്വം തെറ്റുന്നു; നിര്‍മിതബുദ്ധി പഴയ ആ പറച്ചിലനും അപവാദമാവുമോ? ടിസിഎസിലെ കൂട്ട പിരിച്ചുവിടലിന് പിന്നില്‍ എഐ കടന്നുവരവോ? ഇന്ത്യന്‍ ഐടിയിലും തൊഴില്‍ നഷ്ട ചര്‍ച്ച സജീവം
തിരുവനന്തപുരം: നിര്‍മിതബുദ്ധിയുടെ സ്വാധീനം ഐടി കമ്പനികളുടെ പിരിച്ചു വിടല്‍ നടപടികളില്‍ പ്രതിഫലിക്കുന്നുവോ? ക്യാമ്പസ് റിക്രൂട്ട്‌മെന്റ് കുറയുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് ജീവനക്കാരെ കുറയ്ക്കാനുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്റെ (ടിസിഎസ്) പ്രഖ്യാപനം ആശങ്കയായി മാറുന്നത്. ടെസ്റ്റിങ്, ക്വാളിറ്റി കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ള പല മേഖലകളിലും നിര്‍മിതബുദ്ധി വ്യാപകമായിക്കഴിഞ്ഞു. ഇത് ഐടി മേഖലയിലെ ജോലി സാധ്യതകളെ ഭാവിയില്‍ വലിയ തോതില്‍ കുറയ്ക്കും. ഇതിന് തെളിവാണ് ടി സി എസിലെ പ്രതിസന്ധി. ഓരോ പുതിയ സാങ്കേതികവിദ്യകള്‍ വരുമ്പോഴും അവ നഷ്ടപ്പെടുത്തുന്നതിന് ആനുപാതികമായോ കൂടുതലായോ പുതിയ തൊഴിലവസരങ്ങളും തുറക്കപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ നിര്‍മിതബുദ്ധി ഇതിന് അപവാദമാവുകയാണോയെന്ന സംശയം വിദഗ്ധര്‍ക്കുണ്ട്.
ടിസിഎസ് കമ്പനിയുടെ പ്രവര്‍ത്തനരീതിയില്‍ വരുന്ന മാറ്റം പലരുടെയും ജോലിസാധ്യതകളെ ബാധിക്കുമെന്നതിനാല്‍ ആശങ്ക വ്യാപകമാണ്. സാങ്കേതികവിദ്യയുടെ പുരോഗതിയുടെ ഫലമായുണ്ടാകുന്ന മാറ്റങ്ങള്‍ മറ്റു കമ്പനികളേയും പ്രതിഫലിക്കും. ഈ വര്‍ഷം ടിസിഎസിന്റെ ലോകത്തെമ്പാടുമുള്ള ശാഖകളില്‍ ജോലിചെയ്യുന്ന 12,000 പേര്‍ക്കാണ് ജോലി നഷ്ടപ്പെടുക. 283 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ഇന്ത്യയിലെ പ്രധാന ഐടി കമ്പനിയാണ് ടിസിഎസ്. ആകെ ജോലി ചെയ്യുന്നവരില്‍ 2% മാണ് ഇപ്പോള്‍ പിരിച്ചുവിടുന്നത്. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പുനഃക്രമീകരണം എന്നാണ് കമ്പനിയുടെ വാദം. എന്നാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ തൊഴിലാളികളെ കുറച്ച് മുന്നോട്ട് പോകുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഐടി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ നിലവില്‍ പ്രശ്‌നങ്ങളില്ലെങ്കിലും ഇവിടെയും ഇതു വരുമെന്നാണ് ഉദ്യോഗാര്‍ഥികള്‍ ഭയക്കുന്നത്.
ടിസിഎസില്‍ ഓഫര്‍ലെറ്റര്‍ കിട്ടിയിട്ടും മാസങ്ങളായി ജോലിക്കു വിളിക്കാത്ത നിരവധി പേര്‍ കേരളത്തിലുണ്ട്. ഇവരെ ആരേയും ടി സി എസ് ജോലിക്ക് ഇനി വിളിക്കില്ലെന്നാണ് സൂചന. ഓഫര്‍ ലെറ്റര്‍ കിട്ടിയതോടെ പഴയ ജോലി രാജിവച്ച പലരും ഇതില്‍ പ്രതിസന്ധിയിലായി. സംസ്ഥാനത്ത് നിരവധിപ്പേര്‍ ഇങ്ങനെ അനിശ്ചിതാവസ്ഥയില്‍ കഴിയുന്നുണ്ട്. വര്‍ഷങ്ങളുടെ തൊഴില്‍പരിചയമുള്ളവരെ ജോലിനല്‍കാമെന്നു പറഞ്ഞ് കബളിപ്പിക്കരുതെന്നും വിഷയത്തിലിടപെടണമെന്നുമാവശ്യപ്പെട്ട് കേന്ദ്ര ഐടി, തൊഴില്‍മന്ത്രിമാര്‍ക്ക് പരാതി അയച്ചവരുമുണ്ട്.
ടിസിഎസിന്റെ പിരിച്ചുവിടല്‍ നീക്കത്തെത്തുടര്‍ന്ന് 28,000 കോടി ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള ഐടി മേഖലയാകെ ഭീതിയിലാണ്. അമേരിക്കന്‍ ഐടി കമ്പനികളുടെ പാത പിന്തുടര്‍ന്ന്, കൂടുതല്‍ കമ്പനികള്‍ ഇന്ത്യയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുമോ എന്നാണ് ജീവനക്കാര്‍ ഭയക്കുന്നത്. നാസ്‌കോം (നാഷനല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്വെയര്‍ ആന്‍ഡ് സര്‍വീസ് കമ്പനീസ്) കണക്കനുസരിച്ചു 2024-25 സാമ്പത്തിക വര്‍ഷം ഐടി മേഖലയില്‍ നേരിട്ട് ജോലി ചെയ്തിരുന്നത് 5 കോടി 80 ലക്ഷം പേരാണ്. വര്‍ഷം 3000 കോടി ഡോളര്‍ വിറ്റുവരവുള്ള ടിസിഎസില്‍ 6 ലക്ഷം പേരാണ് ജോലിചെയ്യുന്നത്. ഇതില്‍ മുന്‍നിരയിലും മധ്യനിരയിലും ജോലിചെയ്യുന്ന 12,000 പേരെയാണ് വിടുതല്‍ ചെയ്യുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി മെയിലിലൂടെ ഇക്കാര്യം ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.
ഭാവിയിലേക്കുള്ള തയാറെടുപ്പിന്റെ ഭാഗമായാണു പുനഃക്രമീകരണം ആവശ്യമായി വന്നതെന്നാണ് ടിസിഎസിന്റെ ഭാഷ്യം. ടിസിഎസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ കൃതിവാസന്‍, കമ്പനി നിര്‍മിത ബുദ്ധിയെ കൂടുതല്‍ ആശ്രയിക്കുന്നതുകൊണ്ടാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നതെന്ന ആരോപണം നിഷേധിക്കുകയും ചെയ്യുന്നു. കമ്പനിയുടെ ആവശ്യവും ജോലിക്കാരുടെ നൈപുണ്യവും തമ്മിലുള്ള ചേര്‍ച്ചക്കുറവാണ് 12,000 പേരുടെ സേവനം അവസാനിപ്പിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. ഗുണമേന്‍മയുള്ള പ്രതിഭകളെ കമ്പനി തുടര്‍ന്നും സ്വാഗതം ചെയ്യുമെന്നും കൃതിവാസന്‍ പറഞ്ഞു. ടിസിഎസില്‍ കഴിഞ്ഞ മൂന്ന് പാദങ്ങളില്‍ ജോലിക്കാരുടെ എണ്ണം താഴേക്കായിരുന്നു.സാഹചര്യങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ടുവെന്നും ഐടി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അതിനിടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് 12,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന പ്രഖ്യാപനം അധാര്‍മ്മികവും മനുഷ്യത്വരഹിതവും, നിയമവിരുദ്ധവുമായ നടപടിയാണെന്ന് ഐടി യൂണിയന്‍ പ്രതികരിച്ചു. ടിസിഎസ് തൊഴില്‍ നിയമങ്ങള്‍ ഒന്നുംതന്നെ പാലിച്ചിട്ടില്ലെന്നും യൂണിയന്‍ ആരോപിച്ചു. നടപടി നഗ്‌നവും മനഃപൂര്‍വവുമായ നിയമലംഘനമാണെന്ന് യൂണിയന്‍ പറഞ്ഞു. പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതോടെ ബിഎസ്ഇയില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഓഹരികള്‍ ഇടിയുകയും ചെയ്തു.