തെലങ്കാന ടണല്‍ അപകടം; 48 മണിക്കൂര്‍ പിന്നിട്ടിട്ടും തൊഴിലാളികള്‍ കാണാമറയത്ത്; രാത്രി മുഴുവന്‍ പേര് വിളിച്ച് നോക്കി, മറുപടിയില്ല; ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് തടസം; 40 കിലോമീറ്റര്‍ എത്തി രക്ഷാദൗത്യ സംഘം തിരികെ പോന്നു; എട്ട് പേര്‍ക്കായി കൂടുതല്‍ ദൗത്യസംഘം സ്ഥലത്ത്; രക്ഷാപ്രവര്‍ത്തനം മൂന്നാം ദിനവും തുടരുന്നു

Update: 2025-02-24 09:40 GMT

ഹൈദരാബാദ്: തെലങ്കാനയിലെ തകര്‍ന്ന തുരങ്കത്തില്‍ 48 മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുന്ന എട്ട് തൊഴിലാളികളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. നിലവില്‍ വിലപ്പെട്ട സമയം പഴക്കാതെ അതിതീവ്രമായ ശ്രമമാണ് തുടരുന്നത്. ചെളിയും വെള്ളവും രക്ഷാദൗത്യത്തിന് തടസമാകുന്നതിനാല്‍ അവരുടെ അതിജീവന സാധ്യത കുറയുന്നതായി മന്ത്രി മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നത്.

നാഗര്‍കുര്‍ണൂലിലെ ശ്രീശൈലം അണക്കെട്ടിന് പിന്നിലെ 44 കിലോമീറ്റര്‍ നീളമുള്ള തുരങ്കം ശനിയാഴ്ച രാവിലെ ചില തൊഴിലാളികള്‍ ചോര്‍ച്ച നന്നാക്കുന്നതിനിടെയാണ് തകര്‍ന്നു വീണത്. ഇവരില്‍ ഭൂരിഭാഗവും രക്ഷപ്പെട്ടെങ്കിലും എട്ട് പേര്‍ കുടുങ്ങിപ്പോവുകയായിരുന്നു. 48 മണിക്കൂര്‍ പിന്നിട്ടെങ്കിലും ഇവരെകുറിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ല.

40 മീറ്റര്‍ വരെ എത്തി രക്ഷാ ദൗത്യ സംഘം മടങ്ങിയിരുന്നു. രാത്രി മുഴുവന്‍ ലൗഡ് സ്പീക്കറുകളുപയോഗിച്ച് കുടുങ്ങിയ ഓരോരുത്തരുടെയും പേര് വിളിച്ച് നോക്കി രക്ഷാപ്രവര്‍ത്തകര്‍. മറുപടികള്‍ ഉണ്ടായിരുന്നില്ല. രാത്രിയില്‍ വെള്ളം ഒഴുകയിറങ്ങിയത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. മേല്‍ക്കൂര ഇപ്പോഴും ഇടിയാന്‍ സാധ്യതയുണ്ടെന്ന് വിദ്ഗധര്‍ മുന്നറിയിപ്പ് നല്‍കി. വമ്പര്‍ ബോറിംഗ് മെഷീനടക്കം പൂര്‍ണമായി തകര്‍ന്ന് അവശിഷ്ടങ്ങള്‍ അപകടകരമായ രീതിയില്‍ കുന്നുകൂടി കിടക്കുകയാണ്. എന്‍ഡോസ്‌കോപിക്, റോബോട്ടിക് ക്യാമറകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനോടെ ആരെങ്കിലും ബാക്കിയുണ്ടോ എന്നും പരിശോധിച്ച് വരികയാണ്.

കരസേനയും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ഏജന്‍സികളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. കൂടാതെ നേവി കമാന്‍ഡോകളും അവരെ സഹായിക്കാന്‍ രംഗത്ത് എത്തിയിട്ടുണ്ട്. വളരെയധികം രക്ഷാപ്രവര്‍ത്തകരെയും യന്ത്രങ്ങളെയും ഒന്നിച്ച് ദുരന്തം നടന്ന ഭാഗത്തേക്ക് എത്തിക്കാനാകില്ല. അത് ദൗത്യസംഘത്തിന്റെ സുരക്ഷയെക്കൂടി ബാധിക്കുമെന്നതിനാല്‍ പതുക്കെയാണ് രക്ഷാപ്രവര്‍ത്തകര്‍ അകത്തേക്ക് നീങ്ങുന്നത്. ഇന്ന് രാവിലെയോടെ നാവികസേനയുടെ മറൈന്‍ കമാന്‍ഡോസായ മാര്‍കോസ് രക്ഷാദൗത്യത്തിനെത്തി.

ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാല്‍ 2023ല്‍ ഉത്തരാഖണ്ഡിലെ സില്‍ക്യാര ടണല്‍ ഓപ്പറേഷന് പിന്നില്‍ പ്രവര്‍ത്തിച്ച സംഘത്തിലെ ആറുപേരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളാണ്. തുരങ്കത്തിന്റെ മുഖത്ത് നിന്ന് കുറഞ്ഞത് 13 കിലോമീറ്റര്‍ അകലെയാണ് തകര്‍ച്ചയുണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ അവസാന 100 മീറ്ററില്‍ എത്തിയിട്ടുണ്ടെന്നും എന്നാല്‍ വെള്ളവും ചെളിയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കാല്‍നടയാത്ര പോലും അസാധ്യമായ രീതിയില്‍ തുരങ്കത്തിനുള്ളില്‍ ചെളി അടിഞ്ഞു കൂടിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സഞ്ചരിക്കാന്‍ ചെയ്യാന്‍ റബ്ബര്‍ ട്യൂബുകളും മരപ്പലകകളും ഉപയോഗിക്കുന്നു. അതിജീവനത്തിനുള്ള സാധ്യതകള്‍ മങ്ങുകയാണ്, പക്ഷേ ഞങ്ങള്‍ പ്രതീക്ഷയിലാണ്, ഒരു ശ്രമവും പാഴാക്കാനില്ല; എന്നായിരുന്നു മന്ത്രി അറിയിച്ചത്.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഉപകരണങ്ങളുടെ ആവശ്യകതയും രക്ഷാപ്രവര്‍ത്തകര്‍ എടുത്തു പറയുന്നുണ്ട്. വെള്ളം പുറത്തേക്ക് ഒഴുകുന്ന തുരങ്കത്തിന്റെ ഭിത്തികളില്‍ വിള്ളലുകളുണ്ടെന്നാണ് കണ്ടെത്തല്‍. തുരങ്കത്തിന്റെ തകര്‍ന്ന ഭാഗത്തെ മേല്‍ക്കൂര ഇപ്പോഴും അസ്ഥിരമായി കിടക്കുകയാണ് എന്നതാണ് മറ്റൊരു ആശങ്ക.

പതിനൊന്നര കിലോമീറ്റര്‍ അകത്ത് വരെ ജനറേറ്ററുകളും കൂടുതല്‍ പമ്പ് സെറ്റുകളുമെത്തിച്ചിട്ടുണ്ട്. പിന്നീടുള്ള രണ്ട് കിലോമീറ്റര്‍ താല്‍ക്കാലിക കണ്‍വെയര്‍ ബെല്‍റ്റ് സജ്ജീകരിച്ചു. അവശിഷ്ടങ്ങള്‍ ഈ കണ്‍വെയര്‍ ബെല്‍റ്റ് വഴി പുറത്തേക്ക് കൊണ്ട് വരികയാണ്. കരുതലോടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും നീക്കുന്നത് വരെ ദൗത്യം തുടരാനാണ് സര്‍ക്കാരിന്റെ തീരുമാനം.

നിലവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി രേവന്ത് റെഡ്ഡിയുമായി നേരിട്ട് സംസാരിക്കുകയും എല്ലാവിധ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിളിച്ച് രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ചോദിച്ചറിഞ്ഞിരുന്നു.

Tags:    

Similar News