തെലങ്കാന ടണല്‍ ദുരന്തം; രക്ഷാ ദൗത്യം ഒന്‍പതാം ദിവസത്തില്‍; തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് തൊഴിലാളികളെ പുറത്തെടുക്കാന്‍ ശ്രമം; നാല് പേരെ കണ്ടെത്തി; മറ്റ് നാല് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു; തൊഴിലാളികളെ ഇന്ന് തന്നെ പുറത്തിറക്കും; ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനമെന്ന് സര്‍ക്കാര്‍
ഹൈദരാബാദ്: തെലങ്കാന നാഗര്‍കര്‍ണൂലില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് അകത്ത് അകപ്പെട്ടവരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒന്‍പതു ദിവസമായി എട്ട് പേരാണ് ടണലില്‍ കുടുങ്ങി കിടക്കുന്നത്. ഇതില്‍ നാല് പേര് എവിടെയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവരെ രക്ഷിച്ച് പുറത്ത് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ത്ത് അകപ്പെട്ടവരെ പുറത്തെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
അതേസമയം, മറ്റ് നാല് പേര്‍ എവിടെയാണ് കുടുങ്ങി കിടക്കുന്നതെന്ന് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അവരെ ഇന്ന് കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് തന്നെ എട്ട് പേരെയും പുറത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് ദൗത്യസംഘത്തിന്റെ കണക്ക് കൂട്ടല്‍. അതേസമയം, കുടുങ്ങിയ തൊഴിലാളികളെ ജീവനോടെ രക്ഷിക്കാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്ന് തെലങ്കാന സര്‍ക്കാര്‍ പറഞ്ഞു. ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കം സൈറ്റില്‍ ആംബുലന്‍സുകള്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദില്‍ നിന്നുള്ള ഫോറന്‍സിക് വിദഗ്ധരുടെ (ഡോക്ടര്‍മാര്‍) ഒരു സംഘത്തോട് എത്രയും വേഗം തുരങ്കപാതയിലെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപകടസ്ഥലത്ത് വെള്ളം കയറിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെന്ന് സൈന്യം കഴിഞ്ഞ ദിവസം തന്നെ അറിയിച്ചിരുന്നു. രണ്ട് എഞ്ചിനിയര്‍മാരടക്കം എട്ട് പേരാണ് അപകടത്തില്‍ പെട്ടത്. തെലങ്കാന നാഗര്‍കുര്‍നൂള്‍ ജില്ലയിലെ ടഘആഇ യുടെ നിര്‍മാണത്തിലിരിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്തുണ്ടായ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ 8 തൊഴിലാളികളാണ് ഒരുഭാഗം ഇടിഞ്ഞതോടെ അപകടത്തില്‍ പെട്ടത്. മേല്‍ക്കൂരയിലുണ്ടായ വിള്ളലിലൂടെ വെള്ളമിറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനം സൈന്യം ഏറ്റെടുത്തിരുന്നു. സൈന്യത്തിന്റെ എഞ്ചിനിയറിംഗ് ടാസ്‌ക് ഫോഴ്‌സിനൊപ്പം എന്‍ഡിആര്‍എഫ, എസ്ഡിആര്‍എഫ് സംഘങ്ങളും ദുരന്തമുഖത്തുണ്ട്. എന്നാല്‍ രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമെന്നായിരുന്നു ദേശീയ ദുരന്ത പ്രതികരണ സേന അറിയിച്ചത്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായി ഇന്ത്യന്‍ സൈന്യത്തിലെ ഒരു ടാസ്‌ക് ഫോഴ്‌സിനെ വിന്യസിച്ചിട്ടുണ്ട്. സെക്കന്തരാബാദിലെ ഇന്‍ഫന്‍ട്രി ഡിവിഷന്റെ ഭാഗമായ എന്‍ജിനീയറിങ് റെജിമെന്റ് എക്സ്‌കവേറ്റര്‍ ഡോസറുമായി സജ്ജമാണെന്ന് സൈന്യം നേരത്തേ അറിയിച്ചിരുന്നു.
തുരങ്കത്തിനുള്ളിലെ എയര്‍ ചേമ്പര്‍ തകര്‍ന്നിട്ടുണ്ട്. കണ്‍വെയര്‍ ബെല്‍റ്റ് പൂര്‍ണമായി തകര്‍ന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. ടണലിന്റെ പതിമൂന്ന് കിലോമീറ്റര്‍ അകത്താണ് അപകടമുണ്ടായത്. ഇവിടെ നാലടി ഉയത്തില്‍ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി. ഇവ നീക്കം ചെയ്തതിനു ശേഷം മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയു.
രണ്ട് എഞ്ചിനിയര്‍മാരും രണ്ട് മെഷീന്‍ ഓപ്പറേറ്റര്‍ മാരും നാല് തൊഴിലാളികളുമാണ് അപകടത്തില്‍ പെട്ടത്. ഇവരുമായി ടണല്‍ റേഡിയോ വഴി ബന്ധപ്പെടാന്‍ ശ്രമം പരാജയപ്പെട്ടു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ഫെബ്രുവരി 22ന് ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടം നടക്കുന്ന സമയത്ത് 60 ഓളം തൊഴിലാളികള്‍ ടണലില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. നിര്‍മാണം പൂര്‍ത്തിയാക്കാത്തതിനാല്‍ ടണല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഫെബ്രുവരി 18നാണ് ടണല്‍ തുറന്നത്. ടണലിലൂടെ വെള്ളം കൊണ്ടുപോയി തുടങ്ങിയപ്പോഴുണ്ടായ ചോര്‍ച്ച പരിഹരിക്കാനാണ് തൊഴിലാളികള്‍ ഇറങ്ങിയത്.
52 തൊഴിലാളികളെ ടണലില്‍ നിന്ന് രക്ഷിച്ചെങ്കിലും എട്ട് പേര്‍ ഇപ്പോഴും ഉള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളില്‍ നാലുപേര്‍ ജാര്‍ഖണ്ഡില്‍ നിന്നുള്ളവരും രണ്ടുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരും ഒരാള്‍ ജമ്മു കശ്മീരില്‍ നിന്നും ഒരാള്‍ പഞ്ചാബില്‍ നിന്നുമാണെന്ന് അധികൃതര്‍ അറിയിച്ചു.