മകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ താജുദ്ദീന് ചാര്‍ത്തിക്കിട്ടിയത് 'അഞ്ചരപ്പവന്റെ മാല പൊട്ടിച്ചോടിയ കള്ളന്‍' എന്ന വിശേഷണം; ക്രിമിനലുകള്‍ക്കൊപ്പം ജയിലില്‍ കിടന്നത് 54 ദിവസം; രൂപസാദൃശ്യത്തിന്റെ പേരില്‍ പോലീസ് മെനഞ്ഞ കള്ളക്കഥയില്‍ പെട്ടത് പാവം പ്രവാസി; കള്ളന്‍ പീതാംബരന്‍ പിടിയിലായതോടെ താജുദ്ദീന് നീതി; സംശയത്തിന്റെ പേരില്‍ പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വിധി
മകളുടെ വിവാഹത്തിനായി ഗള്‍ഫില്‍ നിന്നെത്തിയ താജുദ്ദീന് ചാര്‍ത്തിക്കിട്ടിയത് 'അഞ്ചരപ്പവന്റെ മാല പൊട്ടിച്ചോടിയ കള്ളന്‍' എന്ന വിശേഷണം
കണ്ണൂര്‍: 'ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്' എന്നതാണ് നമ്മുടെ നീതിന്യായ വ്യവസ്ഥയെ കുറിച്ച് പൊതുവേ പറയാറ്. എന്നാല്‍, ഈ ആപ്തവാക്യം പലപ്പോഴും ശരിയാറാകാറില്ല. ചെയ്യാത്ത കുറ്റത്തിന് അഴിക്കുള്ളില്‍ കഴിയേണ്ട അവസ്ഥ നിരപരാധികള്‍ അനേകം നമ്മുടെ നാട്ടിലുണ്ട്. അത്തരക്കാരില്‍ ചിലര്‍ക്ക് വൈകിയെങ്കിലും നീതി ലഭിക്കാറുണ്ട്. എന്നാല്‍, ഈ നീതി ലഭിക്കാനുള്ള പോരാട്ടം പലപ്പോഴും ഏറെ കടമ്പകള്‍ കടന്നതാകും.
2018 ജൂലായ് 11-ന് ചെയ്യാത്ത മോഷണ കേസില്‍ പ്രതിയാക്കപ്പെട്ട ഒരു പ്രവാസിക്ക് 2026ലാണ് നീതി ലഭിച്ചത്. തന്നെ കള്ളക്കേസില്‍ കുടുക്കിയ പോലീസുകാര്‍ക്കെതിരെ നിയമപോരാട്ടം നടത്തി കണ്ണൂര്‍ സ്വദേശി താജുദ്ദീനാണ് നീതിദേവതയ്ക്ക് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നത്. മോഷണ കേസിലെ പ്രതിയുമായുള്ള രൂപസാദൃശ്യത്തിന്റെ പേരിരാണ് താജുദ്ദീന്‍ മോഷണ കേസില്‍ പ്രതിയായത്.
കഷണ്ടിത്തല, പാതിനരച്ച താടി, കണ്ണട, കറുത്ത നിറം
കഷണ്ടിത്തല, പാതിനരച്ച താടി, കണ്ണട, കറുത്ത നിറം ഈ അടയാളങ്ങളാണ് നിരപരാധിയെ കുറ്റവാളിയാക്കിയത്. മകള്‍ തസ്ലീനയുടെ നിക്കാഹിന് ഗള്‍ഫില്‍നിന്നെത്തിയ താജുദ്ദീന്‍ എന്ന മനുഷ്യന് 54 ദിവസം ജയിലില്‍ കഴിയാന്‍ നിമിത്തമായതും ഈ രൂപസാദൃശ്യം തന്നെ. 'അഞ്ചരപ്പവന്റെ മാല പൊട്ടിച്ചോടിയ കള്ളന്‍' എന്ന വിശേഷണമാണ് അദ്ദേഹത്തിന് ചാര്‍ത്തിക്കിട്ടിയത്. അക്രമം, പിടിച്ചുപറി, പോക്സോ കേസുകളില്‍ ഉള്‍പ്പെട്ട 13 തടവുകാരോടൊപ്പം ജയിലില്‍ കഴിയേണ്ടിവന്ന ഹതഭാഗ്യനാണ് താജുദ്ദീന്‍. ഉറക്കമില്ലാതെ പ്രാര്‍ഥനയില്‍ കഴിച്ചുകൂട്ടിയ 54 ദിനങ്ങളുടെ അവകാശി.
ജൂലായ് അഞ്ചിന് മക്രേരി ചോരക്കുളത്താണ് സംഭവങ്ങളുടെ തുടക്കം. ഉച്ചയ്ക്ക് 12.15-ന് പലരും നോക്കിനില്‍െക്ക ഒരു വീട്ടമ്മയുടെ അഞ്ചരപ്പവന്റെ താലിമാല പൊട്ടിച്ച് ഒരാള്‍ ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. ചക്കരക്കല്ല് എസ്‌ഐ ബിജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി. കഷണ്ടിത്തലയുള്ള, താടിവെച്ച ഒരാളാണ് മാല പൊട്ടിച്ചതെന്ന് വീട്ടമ്മ എസ്‌ഐയോട് പറഞ്ഞു. മോഷ്ടാവ് പോയ വഴിയിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കാന്‍ തുടങ്ങി. വീട്ടമ്മ പറഞ്ഞപ്രകാരം രൂപമുള്ള ആള്‍ സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യം പെരളശ്ശേരിയിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവിയില്‍ കണ്ടെത്തി.
തുടര്‍ന്ന് കായലോട്, കതിരൂര്‍ ഭാഗങ്ങളിലെയും കതിരൂരില്‍നിന്ന് തലശ്ശേരി ഭാഗത്തേക്കുള്ള സിസിടിവി ദൃശ്യങ്ങളിലും ഇത് ആവര്‍ത്തിച്ചു. ഇതോടെ മോഷ്ടാവ് കതിരൂര്‍ മേഖലയിലുള്ള ആളായിരിക്കുമെന്ന് പോലീസ് ഉറപ്പിച്ചു. ആ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. കതിരൂരിലെ ചിലര്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ച പോലീസിന് ഇത് താജുദ്ദീനാണെന്ന സൂചന ലഭിച്ചു. താജുദ്ദീന്റെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പോലീസ് പരിശോധിച്ചു. മോഷണം നടന്ന സമയത്ത് ആസ്ഥലത്ത് താജുദ്ദീന്റെ ഫോണ്‍ ലൊക്കേഷന്‍ ഉണ്ടായിരുന്നില്ല. മോഷണസമയത്ത് ഫോണ്‍ ഉപയോഗിക്കാതിരിക്കുകയെന്ന മോഷ്ടാവിന്റെ തന്ത്രമായി പോലീസ് അതിനെ കണ്ടു. അങ്ങനെ, താജുദ്ദീന്‍ തന്നെയാണ് മോഷ്ടാവെന്ന് പോലീസ് ഉറപ്പിച്ചു.
ബന്ധുവിന്റെ വീട്ടിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് പുലര്‍ച്ചെ ഒന്നരയോടെ കാറില്‍ മടങ്ങുമ്പോഴാണ് പോലീസ് താജുദ്ദീനെ പിടികൂടുന്നത്. ഭാര്യയും മക്കളും മകന്റെ രണ്ട് സുഹൃത്തുക്കളുമായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രാമധ്യേ റോഡില്‍ പോലീസ് വാഹനം നിര്‍ത്തിയിട്ടതായി കണ്ടു. താജുദ്ദീന്റെ മകനായിരുന്നു കാര്‍ ഓടിച്ചിരുന്നത്. ജീപ്പ് താഴ്ന്നുപോയെന്നും ഉയര്‍ത്താന്‍ സഹായിക്കണമെന്നും പോലീസ് ആവശ്യപ്പെട്ട പ്രകാരം മകനും കൂട്ടുകാരും പോയി. താജുദ്ദീനോട് റോഡരികിലേക്ക് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു.
പോലീസുകാര്‍വന്ന് ഫോട്ടോയെടുക്കാന്‍ തുടങ്ങി. ഒന്നും മനസ്സിലാകാതെ താജുദ്ദീന്‍ പകച്ചുനിന്നു. ചക്കരക്കല്‍ എസ്‌ഐ ബിജു അടുത്തേക്കുവന്ന് മകനെ ഫോണില്‍നിന്ന് മോഷ്ടാവിന്റെ ചിത്രം കാണിച്ചു. പിതാവിനെപ്പോലെയുണ്ടെന്ന് അവന്‍ പറഞ്ഞു. സാമ്യത ഭാര്യയും സൂചിപ്പിച്ചു. പൊട്ടിച്ചെടുത്ത മാലയുടെ പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കാമെന്ന് എസ്‌ഐ പറഞ്ഞു. മോഷണം നടത്തിയിട്ടില്ലെന്ന് താജുദ്ദീന്‍ പറഞ്ഞതോടെ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജയിലില്‍ 54 ദിവസം കിടന്നശേഷം ഹൈക്കോടതിയാണ് ഒടുവില്‍ ജാമ്യം നല്‍കിയത്. ഇതിനിടെ ഭാര്യ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദന് അന്വേഷണച്ചുമതല നല്‍കി. ജാമ്യത്തിലിറങ്ങിയ താജുദ്ദീന്‍ ടി.എ. ഇബ്രാഹിം എംഎല്‍എ മുഖേന ഡിജിപിക്ക് വീണ്ടും പരാതി നല്‍കി. ഇതില്‍ കേസ് ഫയല്‍ പരിശോധിക്കാന്‍ ഡിജിപി ക്രൈംബ്രാഞ്ച് ഐജി എസ്. ശ്രീജിത്തിനെ ചുമതലപ്പെടുത്തി.
ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ താജുദ്ദീന്‍ പൂര്‍ണമായും നിരപരാധിയാണെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യത്തിലുള്ളയാളുടെ സൂക്ഷ്മനിരീക്ഷണത്തില്‍ മോഷ്ടാവ് കൈയില്‍ വള ധരിച്ചിരുന്നതായും നെറ്റിയില്‍ കറുത്ത പാടുള്ളതായും തെളിഞ്ഞു. ഇതു രണ്ടും താജുദ്ദീനില്ല. ഈ ദൃശ്യം കേരളത്തിലെ എല്ലാ ക്രൈംസ്‌ക്വാഡിനും ഡിവൈഎസ്പി കൈമാറി. വടകരയിലെ ക്രൈംസ്‌ക്വാഡ് അത്തരമൊരാളുടെ വിവരം നല്‍കി. അയാളുടെ ഫോണ്‍ ലൊക്കേഷന്‍ മോഷണം നടന്ന സ്ഥലത്തുണ്ടായിരുന്നുവെന്നും കണ്ടെത്തി. ഇതോടെ മോഷണത്തിന്റെ യഥാര്‍ഥചിത്രം തെളിഞ്ഞു. ചക്കരക്കല്ല് എസ്‌ഐക്ക് തെറ്റുപറ്റിയതായി ഡിവൈഎസ്പി കണ്ടെത്തി. കോടതിക്ക് റിപ്പോര്‍ട്ടും നല്‍കി. ക്രൈംബ്രാഞ്ച് ഐജി കേസ് ഫയല്‍ പരിശോധിച്ച് ഡിവൈഎസ്പിയുടെ കണ്ടെത്തലാണ് ശരിയെന്ന് വിലയിരുത്തി. അങ്ങനെ ചക്കരക്കല്ല് എസ്‌ഐയെ സ്ഥലംമാറ്റി.
ജാമ്യം ലഭിച്ചശേഷം തിരികെ ഖത്തറിലേക്ക് പോയെങ്കിലും അവിടെയും താജുദ്ദീനെ കാത്തിരുന്നത് വലിയ പ്രതിസന്ധികളായിരുന്നു. നാട്ടില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അവിടെയും ജയിലില്‍ കിടക്കേണ്ടിവരികയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്തു. കൃത്യമായി ഡ്യൂട്ടിക്ക് കയറാത്തതിനെ തുടര്‍ന്ന് ഖത്തറില്‍ 23 ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നത്. ഇത് താജുദ്ദീനെയും കുടുംബത്തെയും വലിയ സാമ്പത്തിക, മാനസിക പ്രതിസന്ധികളിലേക്കും തള്ളിവിട്ടു. സമൂഹത്തില്‍നിന്ന് നേരിടേണ്ടി വന്ന അവഗണനയും പേരുദോഷവും ഇവരെ വല്ലാതെ ബാധിച്ചു.
കേസ് നടത്താനായി കുടുംബത്തിന് ഭീമമായ തുകതന്നെ ചെലവഴിക്കേണ്ടി വന്നു. പിന്നീട് കോടതിയുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ഡിവൈ.എസ്.പി നടത്തിയ സമാന്തര അന്വേഷണത്തിലാണ് മാലമോഷണക്കേസിലെ യഥാര്‍ഥ പ്രതി താജുദ്ദീനല്ലെന്നും മറ്റൊരാളാണെന്നും തെളിഞ്ഞത്. മറ്റൊരു മോഷണക്കേസില്‍ പീതാംബരന്‍ എന്നയാള്‍ പിടിയിലായതോടെയാണ് യഥാര്‍ഥ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ചക്കരക്കല്ലിലെ മോഷണവും നടത്തിയത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ഇതോടെയാണ് താജുദ്ദീന്റെ നിരപരാധിത്വം വ്യക്തമായത്.
പൊലീസിന്റെ കള്ളക്കഥക്കെതിരെ നിയമപോരാട്ടം
മാലമോഷണക്കേസില്‍ നിരപരാധിയായ തന്നെ പ്രതിയാക്കിയതോടെ താജുദ്ദീന്‍ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. ഒടുവില്‍ താജുദ്ദീനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. താജുദ്ദീന് 10 ലക്ഷവും മക്കള്‍ക്കും ഭാര്യക്കും ഓരോ ലക്ഷം രൂപ വീതവും നല്‍കണമെന്നാണ് ഉത്തരവ്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ നടപടി ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണെന്ന് ഹൈകോടതി ജഡ്ജി പി വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍നിന്ന് നഷ്ടപരിഹാരത്തുക ഈടാക്കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. താജുദ്ദീന്‍ നല്‍കിയ ഹരജിയിലാണ് ഹൈകോടതിയുടെ നിര്‍ണായക ഇടപെടല്‍ ഉണ്ടായത്.
പൊലീസിന്റെ നിരുത്തരവാദിത്തപരമായ നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതെന്ന് കോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സിവില്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കീഴ് കോടതിയെ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് ഈ ഉത്തരവ് തടസ്സമാകില്ലെന്നും കോടതി നിരീക്ഷിച്ചു.
പൊലീസ് വരുത്തിവച്ച ഈ വലിയ പിഴവിന് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താജുദ്ദീന്‍ കോടതിയെ സമീപിച്ചത്. കേവലം സംശയത്തിന്റെ പേരില്‍ ഒരു പൗരനെ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. നഷ്ടപരിഹാരത്തിനൊപ്പം, താജുദ്ദീന് 25,000 രൂപ കോടതി ചെലവായും നല്‍കാന്‍ ഉത്തരവുണ്ട്. നിരപരാധിയായ മനുഷ്യനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. നീതി വൈകിയെങ്കിലും പൊലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെതിരെയുള്ള ശക്തമായ താക്കീതാണ് ഹൈക്കോടതിയുടെ ഈ വിധിയിലൂടെ വന്നത്.
