'പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്; നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല; പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവര്‍; രക്ഷപ്പെടാന്‍ അനുവദിയ്ക്കരുത്'; മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്

മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമെന്നും ഷഹബാസിന്റെ പിതാവ്

Update: 2025-03-02 06:23 GMT

കോഴിക്കോട്: പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും രക്ഷപ്പെടാന്‍ അനുവദിയ്ക്കരുതെന്നും താമരശ്ശേരിയില്‍ സഹപാഠികള്‍ കൊലപ്പെടുത്തിയ ഷഹബാസിന്റെ പിതാവ് ഇക്ബാല്‍. പ്രതികള്‍ക്ക് പരമാവധി ശിഷ നല്‍കണം. സംഘര്‍ഷത്തിന് പ്രതികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണ്. മര്‍ദ്ദനത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.

മകന്റെ മരണത്തിന് കാരണമായ വിദ്യാര്‍ഥികളെ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അനുവദിക്കരുതായിരുന്നു. തന്റെ മകനും പ്രതീക്ഷകളോടെ പരീക്ഷ എഴുതാന്‍ കാത്തിരിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ വേണമെന്നും ഇപ്പോഴത്തെ അന്വേഷണത്തില്‍ അതൃപ്തിയില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു. പ്രതികള്‍ക്കായി രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തുമെന്ന് ആശങ്കയുണ്ടെന്നും പ്രതികളില്‍ ഒരാളുടെ പിതാവ് പോലീസിലാണ് ജോലിചെയ്യുന്നതെന്നും ഇഖ്ബാല്‍ പ്രതികരിച്ചു.

'പിടിയിലായ കുട്ടികളുടെ രക്ഷിതാക്കള്‍ സ്വാധീനമുള്ളവരാണ്. രാഷ്ട്രീയ സ്വാധീനം തൊണ്ണൂറു ശതമാനവും ഉപയോഗിക്കും എന്ന ആശങ്ക വളരേയധികമുണ്ട്. കുട്ടികള്‍ എന്തുചെയ്താലും പരീക്ഷ എഴുതിക്കാം എന്ന ധൈര്യം അവര്‍ക്കുണ്ട്. സാധാരണക്കാരായ ആളുകള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. അവര്‍ക്ക് സംരക്ഷണം കൊടുക്കാനും സ്വാധീനം ചെലുത്തി രക്ഷപ്പെടാനും നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിക്കുന്നു.

പക്ഷേ അത് സാധാരണക്കാര്‍ക്ക് കഴിയുന്നില്ല. സര്‍ക്കാറിലും നീതിപീഠത്തിലും ഉറച്ച വിശ്വാസമുണ്ട്. ഇന്ന് എന്റെ കുട്ടിക്ക് ഈ ഗതി വന്നു. നാളെ ഒരു കുട്ടിക്കും ഇത് വരാന്‍ പാടില്ല. ഇന്ന് ഈ സ്റ്റേജില്‍ നിന്നു, നാളെ വീണ്ടും താഴേത്തട്ടിലേക്കാണ് പോവുക. വീട്ടില്‍ നിന്നും കത്തിയും കൊടുവാളും ബാഗില്‍ കൊണ്ടുവന്ന് ചെയ്യില്ല എന്നാര് കണ്ടു? പ്രതികളില്‍ ഒരാളുടെ പിതാവ് ഉപയോഗിക്കുന്ന ആയുധം കൊണ്ടാണ് ആക്രമിച്ചത്. ചുറ്റും നിന്ന് വളഞ്ഞാണ് മകനെ ആക്രമിച്ചത്. അവന്‍ പ്രശ്‌നക്കാരനല്ല, ഇതിലൊന്നും ഇടപെട്ടിട്ടില്ല.

എന്റെ കുട്ടി മുമ്പേതെങ്കിലും അടി പ്രശ്‌നങ്ങളിലോ സ്‌കൂളില്‍ നിന്നും പുറത്താക്കുകയോ ഒന്നുമുണ്ടായിട്ടില്ല. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. അന്ന് അഞ്ചുമണിവരെ വീട്ടിലിരുന്ന് പഠിച്ചതാണ്. അതുകഴിഞ്ഞതിനുശേഷം അവന്റെ ഒരു സുഹൃത്ത് വിളിച്ചിട്ടാണ് പോകുന്നത്. ഇങ്ങനെ ഒരു വിഷയം ഉണ്ട് എന്നറിയുന്നില്ല. അടി കിട്ടിയിരുന്നു എന്ന് ഏതെങ്കിലും ഒരു കുട്ടി വിളിച്ചറിയിച്ചിരുന്നുവെങ്കില്‍ കൃത്യസമയത്ത് ആശുപത്രിയില്‍ എത്തിക്കാമായിരുന്നു. അതിനുപോലും സാധിച്ചില്ല.

മാരകമായ ആയുധം കൊണ്ടാണ് തലയ്ക്ക് അടിച്ചത്. വീട്ടിലുള്ളവര്‍ ഒന്നുമറിഞ്ഞിരുന്നില്ല. അവന്റെ പേരില്‍ ഒരു അടിപിടി കേസുള്ളതായിട്ട് സ്‌കൂളില്‍ നിന്നും ഒരു അധ്യാപകരും പറഞ്ഞിട്ടില്ല. പ്രതികളായ കുട്ടികളുടെ രക്ഷിതാക്കള്‍ക്കും തീര്‍ച്ചയായും ഈ മരണത്തില്‍ പങ്കുണ്ട്. കുട്ടികള്‍ ഈ സ്റ്റേജിലാണ് ഉള്ളതെങ്കില്‍ ഇരുപത് വയസ്സ് പൂര്‍ത്തിയാവുമ്പോഴേക്കും ഇവര്‍ സമൂഹത്തിന് വന്‍ ഭീഷണിയായിട്ട് വരും. അന്വേഷണം ഈ രീതിയില്‍ പോവുകയാണെങ്കില്‍ കുഴപ്പമില്ല. സ്വാധീനം ചെലുത്തി മുന്നോട്ടുനീങ്ങുകയാണെങ്കില്‍ വളരെയേറെ മനപ്രയാസമുണ്ട്, സഹിക്കാന്‍ കഴിയില്ല. ഞങ്ങളുടെ മാനസികാവസ്ഥ കണ്ടിരുന്നെങ്കില്‍ അവരെ പരീക്ഷ എഴുതാന്‍ സമ്മതിക്കരുത് എന്നാണ് എന്റെയും കുടുംബത്തിന്റെയും അപേക്ഷ.'- ഷഹബാസിന്റെ പിതാവ് ഇഖ്ബാല്‍ പറഞ്ഞു.

ഷഹബാസിന് പഠിക്കണം എന്ന് അമ്മാവന്മാരെ വിളിച്ചു പറഞ്ഞിരുന്നുവെന്നും ഒരു ജോലി നേടണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അവനാഗ്രഹിച്ച ഒരു രീതിയില്‍ ഒന്നും വാങ്ങിക്കൊടുക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അവന്റെ അമ്മാവന്മാര്‍ എല്ലാവരും കൂടി ജീവിതസാഹചര്യങ്ങള്‍ അഡ്ജസ്റ്റ് ചെയ്തുകൊണ്ടുപോവുകയാണെന്നും പിതാവ് പറഞ്ഞു.

സര്‍ക്കാരിലും കോടതിയിലും വിശ്വാസമുണ്ട്. പൊലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ പ്രതികളാണ്. പൊലീസ് സ്വാധീനത്തിന് വഴങ്ങരുത്. പ്രശ്‌നങ്ങള്‍ ഇവിടം കൊണ്ട് അവസാനിക്കണം. പ്രതികാര ചിന്ത ഉണ്ടാവരുതെന്നും ഇക്ബാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. നേരത്തെ പിടിയിലായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നാണ് പരിശോധിക്കുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികളുടെയും സമീപസ്ഥലുത്തുണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. സമീപ സ്ഥാപനങ്ങളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിക്കും.

മുതിര്‍ന്ന ആളുകള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്നാണ് അന്വേഷിക്കുക. വലിയ രീതിയില്‍ത്തന്നെ തലയ്ക്ക് അടിയേറ്റു എന്നതും അത് വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ചെയ്യാന്‍ കഴിയില്ല എന്നതും പുറത്തുനിന്നും കൃത്യമായ സഹായം ലഭിച്ചിട്ടുണ്ട് എന്ന മാതാപിതാക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലുമാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്. ജുവനൈല്‍ ജസ്റ്റിസ് ഒബ്‌സര്‍വേഷനിലാണ് കുട്ടികള്‍ ഇപ്പോഴുള്ളത്.

സംഘര്‍ഷം ഉണ്ടായ ട്യൂഷന്‍ സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷഹബാസിന്റെ കൊലപാതകം ആസൂത്രിതമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നതിന് പിന്നാലെയാണ് പൊലീസിന്റെ നിര്‍ണായക നീക്കം.

Tags:    

Similar News