അന്റാര്‍ട്ടിക്കയില്‍ 'അന്യഗ്രഹജീവി'യെ കണ്ടെത്തിയോ? അന്യഗ്രഹ ജീവിയുടെ മുഖം പോലെ തോന്നിക്കുന്ന ഒരു രൂപം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; റെഡിറ്റ് പേജില്‍ പങ്ക് വെച്ച ഒരു ഉപഗ്രഹ ചിത്രത്തെ പിന്‍പറ്റി സജീവ ചര്‍ച്ച
അന്റാര്‍ട്ടിക്കയില്‍ 'അന്യഗ്രഹജീവി'യെ കണ്ടെത്തിയോ?
അന്റാര്‍ട്ടിക്കയില്‍ അന്യഗ്രഹ ജീവിയുടെ മുഖം പോലെ തോന്നിക്കുന്ന ഒരു രൂപം കണ്ടെത്തിയിരിക്കുന്നതായി റിപ്പോര്‍ട്ട്. ഗൂഗിള്‍ എര്‍ത്ത് വഴിയാണ് ഈ ദൃശ്യം ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച റെഡിറ്റ് പേജില്‍ പങ്ക് വെച്ച ഒരു ഉപഗ്രഹ ചിത്രമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പകുതിയടഞ്ഞ കണ്ണും മൂക്കും വായയും എല്ലാം ഉള്ള ഒരു മുഖമാണ് ഇതില്‍ കാണാന്‍ കഴിയുന്നത്. എന്നാല്‍ ഈ മുഖമാകെ മഞ്ഞ് കൊണ്ട് മൂടിയിടിരിക്കുകയാണ്.
അന്റാര്‍ട്ടിക്കയുടെ തെക്ക് കിഴക്കന്‍ മേഖലയില്‍ നിന്നാണ് ഈ ഉപഗ്രഹചിത്രം പതിഞ്ഞിട്ടുള്ളത്. അന്റാര്‍ട്ടിക്കയുടെ വളരെ വിദൂര മേഖലയില്‍ നിന്നാണ് ഈ ചിത്രം ലഭിച്ചിരിക്കുന്നത്. ചിത്രം പോസ്റ്റ് ചെയ്ത വ്യക്തി താന്‍ ഒരു അന്യഗ്രഹ ജീവിയുടെ മുഖം കണ്ടതായി അവകാശപ്പെടുമ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചില ആളുകള്‍ ഈ മുഖത്തെ ട്രാന്‍ഫോമേഴ്സ് ഫ്രാഞ്ചൈസിയിലെ മെഗാട്രോണ്‍ എന്ന കഥാപാത്രത്തിനോടാണ് ഉപമിച്ചിരിക്കുന്നത്.
എന്നാല്‍ ചിലരാകട്ടെ അത് വെറും പാരിഡോലിയ ആണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ നാസ പറയുന്നത് ഇത് ഓരോരുത്തരുടേയും മനസിന്റെ തോന്നലുകള്‍ മാത്രമാണെന്നാണ്. മേഘങ്ങളിലും പാറക്കൂട്ടങ്ങളിലും എല്ലാം ഇത്തരം തോന്നലുകള്‍ മനുഷ്യമനസിന് ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണെന്നും ഈ വാര്‍ത്തയില്‍ വലിയ കാര്യമൊന്നും ഇല്ലെന്നുമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല
2019ല്‍ തന്നെ റെഡിറ്റില്‍ ഈ ചിത്രം വന്നിരുന്നതാണെന്നാണ് ചിലര്‍ വാദിക്കുന്നത്.
അന്റാര്‍ട്ടിക്കയില്‍ പണ്ട് കാലത്ത് ജീവിച്ചിരുന്ന ചിലരുടമായി ഇതിന് രൂപസാദൃശ്യം ഉണ്ടെന്ന വെറും വാദങ്ങളും ചിലര്‍ ഉയര്‍ത്തുകയാണ്. ഇതിന് ശാസ്ത്രീയമായി ഒരടിത്തറയും ഇല്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ചൊവ്വാഗ്രഹത്തില്‍ 2016 ല്‍ ഇത്തരമൊരു രൂപം കണ്ടതായി ചിലര്‍ അവകാശവാദം ഉന്നയിച്ചിരുന്നു. 1979 ല്‍ പുറത്തിറങ്ങിയ ഏലിയന്‍ എന്ന വിഖ്യാത സിനിമയിലെ ഭീകരജീവിയുമായി ഇപ്പോള്‍ കണ്ടെത്തിയ രൂപത്തിന് സാദൃശ്യം ഉണ്ടെന്നാണ് മറ്റുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
ഈ വര്‍ഷം ചൊവ്വാഗ്രഹത്തില്‍ ഒരു സ്ത്രീയുടെ രൂപം കണ്ടതായി പറഞ്ഞ് ചില ദൃശ്യങ്ങള്‍ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത് പ്രശസ്തമായ സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയുടെ അന്യഗ്രഹ പതിപ്പാണ് എന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഒരു പാറക്കെട്ടിന് പുറത്താണ് അവര്‍ നില്‍ക്കുന്നതെങ്കില്‍ ഭൂമിയിലുള്ള മറ്റാരെക്കാളും ഉയരം തോന്നിക്കും എന്നാണ് അവര്‍ പറയുന്നത്.