മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും; മംഗളുരുവിലെ ലാബില്‍ പരിശോധിച്ച ശേഷം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും; ലോറി കരയില്‍ എത്തിച്ചു; വഴിത്തിരിവായത് സി.പി 2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചില്‍

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും;

Update: 2024-09-25 13:01 GMT

ഷിരൂര്‍: 72 ദിവസങ്ങള്‍ക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനില്‍ നിന്നും അര്‍ജുന്റെ മൃതദേഹം പുറത്തെടുത്തതോടെ കേരളക്കര ആശ്വാസം കൊള്ളുകയാണ്. അര്‍ജുന്റെ കുടുംബത്തിന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാനെങ്കിലും ഇതോടെ അവസരം ലഭിക്കും. 75 ശതമാനവും നഷ്ടമായ മൃതദേഹ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് അസ്ഥികള്‍ അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന വേണ്ടി വരും.

മംഗളുരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്‌ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്. കണ്ടെത്തിയ ലോറി കരക്കടുപ്പിച്ചിട്ടുണ്ട്. കരയില്‍നിന്ന് 65 മീറ്റര്‍ അകലെ നിന്നാണ് ലോറി കണ്ടെത്തിയത്. ജലോപരിതലത്തില്‍നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി കിടന്നത്. നിരവധി സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

രാവിലെ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ ലോഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. വേലിയിറക്ക സമയത്താണ് ലോഹഭാഗങ്ങള്‍ പുറത്തെത്തിച്ചത്. അര്‍ജുന്റെ ലോറിയായ ഭാരത് ബെന്‍സിന്റെ ബാക്ക് ബമ്പറിന് സമാനമായ ഭാഗം ഡ്രഡ്ജിങ്ങില്‍ കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് അര്‍ജുന്‍ സഞ്ചരിച്ചിരുന്ന ലോറിയുടെ ക്രാഷ് ഗാര്‍ഡ് ആണെന്ന് സംശയിക്കുന്നതായി ലോറി ഉടമ മനാഫ് പറയുകയും ചെയ്തിരുന്നു. നേരത്തെ തിരച്ചിലില്‍ അര്‍ജുന്റെ ലോറിയിലേതെന്ന് സംശയിക്കുന്ന കയര്‍ കണ്ടെത്തിയിരുന്നു. കയര്‍ അര്‍ജുന്റെ ലോറിയിലേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു.

ക്യാബിന്‍ തകര്‍ന്ന നിലയിലായിരുന്നു. അര്‍ജുനെ രക്ഷിക്കാനായില്ലെങ്കിലും അവശേഷിപ്പ് കുടുംബത്തെ ഏല്‍പ്പിക്കണമെന്ന നിര്‍ബന്ധത്തിയിലായിരുന്നു ലോറി ഉടമ മനാഫും സഹോദരീ ഭര്‍ത്താവ് ജിതിനും. അമ്മയ്ക്ക് നല്‍കിയ വാക്ക് പാലിച്ചെന്നാണ് മനാഫ് പറയുന്നത്. എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചുവെന്ന് പറഞ്ഞ് വിങ്ങിപ്പൊട്ടുകയായിരുന്നു ജിതിന്‍. അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങിയതുമുതല്‍ ജിതിന്‍ ഷിരൂരില്‍ ഉണ്ട്. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് ഉറപ്പായിരുന്നു. എന്നാല്‍ എന്തെങ്കിലും അവശേഷിപ്പ് കണ്ടെത്തുക എന്നുള്ളതായിരുന്നു പ്രധാനമെന്നും ജിതിന്‍ പറഞ്ഞു.

ജൂലൈ പതിനാറിന് ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചിലിലാണ് അര്‍ജുനെ കാണാതായത്. അര്‍ജുനൊപ്പം ലോറിയും കാണാതായി. അര്‍ജുനെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും തുടക്കത്തില്‍ അലസ മനോഭാവമാണ് ഭരണകൂടം കാണിച്ചത്. സംഭവം വിവാദമാവുകയും കേരളത്തിന്റെ ഇടപെടലുണ്ടാകുകയും ചെയ്തതിന് പിന്നാലെ തിരച്ചില്‍ നടത്താന്‍ ഭരണകൂടം തയ്യാറായി.

മണ്ണിടിച്ചിലുണ്ടായ പ്രദേശത്തെ മണ്ണ് നീക്കം ചെയ്ത് പരിശോധന നടത്തി. എന്നാല്‍ ലോറി കണ്ടെത്താനായിരുന്നില്ല. തുടര്‍ന്നാണ് സോണാര്‍ പരിശോധനയില്‍ ഗംഗാവലി പുഴയില്‍ ലോഹ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ മോശം കാലാവസ്ഥയും പുഴയിലെ ശക്തമായ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാവുകയായിരുന്നു. തുടന്ന് അര്‍ജുന്റെ മാതാപിതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് തിരച്ചില്‍ പുനരാരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് തിരച്ചില്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അതേസമയം ഷിരൂരില്‍ മണ്ണിടിച്ചില്‍ കാണാതായി ഇനിയും കണ്ടെത്തിയിട്ടില്ലാത്ത 2 പേര്‍ക്കായി തിരച്ചില്‍ തുടരും. കര്‍ണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥന്‍ എന്നിവര്‍ക്കായാണ് നാളെയും തിരിച്ചില്‍ തുടരുക.

Tags:    

Similar News