ഈഫല്‍ ടവറിനേക്കാല്‍ രണ്ടിരട്ടി ഉയരം; രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര സമയം പാലം തുറന്നോടെ രണ്ട് മിനിറ്റായി കുറഞ്ഞു; വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സംഘം നേതൃത്വം കൊടുത്ത അത്ഭുതം; ചൈനയില്‍ നിന്നും മറ്റൊരു ലോകാത്ഭുതമായി ഹുവാജിയാങ് ഗ്രാന്റ് കാന്യന്‍ പാലം

ചൈനയില്‍ നിന്നം മറ്റൊരു ലോകാത്ഭുതമായി ഹുവാജിയാങ് ഗ്രാന്റ് കാന്യന്‍ പാലം

Update: 2025-10-01 06:22 GMT

ഷാങ്ഹായ്: ചൈനയിലെ കൗതുക കാഴ്ചകളുടെ നിരയിലേക്ക് പുതിയൊരു അത്ഭുതം കൂടി എത്തുന്നു. വന്‍മതില്‍ എന്ന ലോകാത്ഭുതത്തിന് പുറമേയാണ് ചൈനയിലെ പുതിയൊരു പാലം വിസ്മയം തീര്‍ക്കുന്നത്. ലോകത്തിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന.

ലോകത്തില്‍ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാലമാണ് ഇപ്പോള്‍ ചൈനയില്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തിരിക്കുന്നത്. ഹുവാജിയാങ് ഗ്രാന്റ് കാന്യന്‍ എന്നാണ് ഈ പാലത്തിന് പേര് നല്‍കിയിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ പാലം സഞ്ചാരത്തിനായി തുറന്ന് നല്‍കിയതെന്നാണ് വിവരം. ഗ്വിഷൂ പ്രവിശ്യയിലെ ഒരു മലനിരയില്‍ 625 മീറ്റര്‍ ഉയരത്തിലാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്.


Full View


ഇതോടെ ചൈനയിലെ ഏറ്റവും ദുര്‍ഘടമായ ഭൂപ്രദേശത്തിലേക്കുള്ള ഗതാഗത പ്രശ്‌നത്തിനാണ് പരിഹാരം ആയിരിക്കുന്നത്. ഈ പാലത്തിന്റെ രണ്ട് വശങ്ങളും സ്ഥിതി ചെയ്യുന്ന മേഖലകളിലേക്ക് മുമ്പ് രണ്ട് മണിക്കൂര്‍ ആയിരുന്ന യാത്ര സമയം. പാലം തുറന്നോടെ രണ്ട് മിനിറ്റായി കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 28 ന് ചൈനീസ് സര്‍ക്കാര്‍ പാലത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ഈ പാലം ഉയര്‍ത്തുന്നതിനായി സ്ഥാപിച്ചിരിക്കുന്ന ടവറുകളും മറ്റും കാണാന്‍ കഴിയും.

ഇതിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നതും കാണാം. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരീക്ഷണങ്ങള്‍ കഴിഞ്ഞ മാസമാണ് നടന്നത്. വിദഗ്ധരായ എന്‍ജിനീയര്‍മാരുടെ സംഘമാണ് ഈ പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 96 ട്രക്കുകള്‍ പാലത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍ത്തിയായിരുന്നു ഈ പാലത്തിലെ ഭാര പരീക്ഷണം നടത്തിയത്. 400-ല്‍ അധികം സെന്‍സറുകള്‍ സ്ഥാപിച്ചാണ് പാലത്തിന്റെ പ്രധാന സ്പാന്‍, തൂണുകള്‍, കേബിളുകള്‍, സസ്‌പെന്‍ഡറുകള്‍ എന്നിവയുടെ ചലനങ്ങള്‍ നിരീക്ഷിച്ചത്.

2900 മീറ്റര്‍ നീളമുണ്ട് ഈ പാലത്തിന്. രണ്ട് റെക്കോഡുകളാണ് ഈ പാലത്തിന്റെ പേരിലുള്ളത്. ഒന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം എന്നതും മറ്റൊന്ന് ഒരു പര്‍വത പ്രദേശത്ത് നിര്‍മിച്ച ഏറ്റവും വലിയ സ്പാനുള്ള പാലം എന്നതുമാണ്. ഗതാഗത സംവിധാനം എന്നതിനെക്കാള്‍ പ്രധാന വിനോദസഞ്ചാര മേഖലയായി ഇതിനെ മാറ്റാനാണ് ചൈന ലക്ഷ്യമിടുന്നത്.എലിവേറ്റര്‍, സ്‌കൈ കഫേകള്‍, വ്യൂവിങ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. 2,900 മീറ്റര്‍ നീളവും 1420 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്.

Tags:    

Similar News