ട്യൂഷന്‍ കഴിഞ്ഞ് അര മണിക്കൂര്‍ മുമ്പേ സ്‌കൂളിലെത്തി; പതിവ് പോലെ ചെരിപ്പെറിഞ്ഞുള്ള കളിയില്‍ മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മുകളില്‍ വീണു; കേറല്ലേ.. കേറല്ലേ എന്ന് കൂടെയുള്ളവര്‍ പറഞ്ഞിട്ടും വകവച്ചില്ല; പലകയുടെ ഇടയിലൂടെ ഷെഡിലേക്ക് ചാടിക്കയറി; ബെഞ്ച് എടുത്ത് ഷീറ്റിന് മുകളില്‍ വച്ച് ചെരിപ്പെടുക്കാന്‍ ശ്രമിച്ചു; തെന്നിയപ്പോള്‍ പിടിച്ചത് ത്രീ ഫേയ്‌സ് ലൈനില്‍; മിഥുന്റെ ജീവനെടുത്ത തേവലക്കര അപകടം ഇങ്ങനെ

Update: 2025-07-17 08:31 GMT

കൊല്ലം: ട്യൂഷന് ശേഷമാണ് മിഥുന്‍ സ്‌കൂളിലെത്തിയത്. ക്ലാസ് തുടങ്ങാന്‍ പിന്നേയും അര മണിക്കൂറോളം ഉണ്ടായിരുന്നു. ഇതിനിടെയിലെ കളിയാണ് ദുരന്തം കൊണ്ടു വന്നത്. സാധാരണ രീതിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കുകയായിരുന്നു മിഥുന്‍. പരസ്പരം ചെരിപ്പെറിഞ്ഞുള്ള കളിയില്‍ പെട്ടെന്ന് മിഥുന്റെ ചെരിപ്പ് തൊട്ടടുത്തുള്ള സൈക്കിള്‍ ഷെഡിന് മേലേക്ക് പതിച്ചു. ഇത് എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മിഥുന് ഷോക്കേറ്റത്. 'കൂടെയുള്ള സുഹൃത്തുക്കള്‍... മിഥുനേ കേറല്ലേ... കേറല്ലേ.. എന്ന് പറഞ്ഞതാ. എന്നാല്‍, പലകയുടെ ഇടയില്‍ കൂടി സൈക്കിള്‍ ഷെഡ്ഡിന് മേലേക്ക് അവന്‍ ചാടിക്കയറുകയായിരുന്നു'. ബെഞ്ച് എടുത്ത് ഷീറ്റിനുമേല്‍ വെച്ചശേഷമായിരുന്നു ചെരിപ്പെടുക്കാനുള്ള ശ്രമം. തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വേണ്ടി കൈ നീട്ടിയത് തൊട്ടടുത്തുള്ള ത്രീ ഫെയ്‌സ് ലൈനിലായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്കുള്ള വൈദ്യുത ലൈനായിരുന്നു ഇത്. അത് മിഥുന്റെ ജീവനെടുത്തു. ത്രീ ഫെയ്‌സ് ലൈനില്‍ പിടിച്ചില്ലായിരുന്നുവെങ്കില്‍ താഴേക്ക് തെന്നി വീടുമായിരുന്നു മിഥുന്‍. എങ്കില്‍ പോലും ഇത്ര വലിയ ദുരന്തം ഉണ്ടാകുമായിരുന്നില്ല.

ഷോക്കേറ്റത് കണ്ട് ഓടിയെത്തി അധ്യാപകര്‍ ഉടന്‍ തന്നെ ഓടിപ്പോയി ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ചെയ്തു. കുട്ടിയെ മേല്‍ക്കൂരയില്‍ നിന്ന് താഴെയിറക്കി ശാസ്താം കോട്ട ആശുപത്രിയിലേക്ക് കൊണ്ടു പോയി. അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. ലൈന്‍ മാറ്റിസ്ഥാപിക്കാന്‍ പലതവണ കെഎസ്ഇബിയോട് ആവശ്യപ്പെട്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അന്വേഷണച്ചുമതല നല്‍കി. വിഷയത്തില്‍ വിശദാന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വൈദ്യുതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്‌കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്. സ്‌കൂള്‍ അധികൃതരും കെ എസ് ഇ ബിയുമായണ് പ്രതിക്കൂട്ടിലുള്ളത്.

തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് സ്‌കൂളില്‍വച്ച് ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ലൈന്‍ മാറ്റാന്‍ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. എന്നാല്‍ അപകടസാധ്യത സ്‌കൂള്‍ അധികൃതരെ അറിയിച്ചിരുന്നെന്നാണ് കെഎസ്ബി അധികൃതര്‍ അവകാശപ്പെടുന്നത്. ഷോക്കേല്‍ക്കാത്ത ലൈന്‍ വലിക്കാമെന്ന് അറിയിച്ചിരുന്നെന്നും അധികൃതര്‍ പറയുന്നു. അങ്ങനെ രണ്ടു കൂട്ടരും പരസ്പരം ആരോപണങ്ങളുമായി സജീവമായിട്ടുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജുള്ള വൈദ്യുതി ലൈന്‍ താഴ്ന്ന് കിടന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

സ്‌കൂള്‍ മൈതാനത്തിന് മുകളിലൂടെ പോകുന്ന വൈദ്യുതി ലൈനിനോട് ചേര്‍ന്ന് തകരഷീറ്റില്‍ സൈക്കിള്‍ ഷെഡ് നിര്‍മിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മൈതാനത്തോട് ചേര്‍ന്നുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിലാണ് സൈക്കില്‍ ഷെഡ് നിര്‍മിച്ചിരുന്നത്. മൈതാനത്തിന് മുകളിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ട് വര്‍ഷങ്ങളായി. പക്ഷേ അടുത്തിടെയാണ് ഷെഡ് നിര്‍മിച്ചത്. ക്ലാസിന് ഉള്ളിലൂടെ ഷെഡിലേക്ക് ഇറങ്ങാന്‍ കഴിയും. ബഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിലേക്ക് ഇറങ്ങിയത്.വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയും പ്രതികരിച്ചു.

കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ക്കും ചീഫ് ഇലക്ട്രിക് ഇന്‍സ്പെക്ടര്‍ക്കും അന്വേഷിക്കാന്‍ ഉത്തരവ് നല്‍കി. രണ്ട് മണിക്കൂറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 0 വര്‍ഷമായി അവിടെ വൈദ്യുതി ലൈനുണ്ടെന്ന് കെഎസ്ഇബി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു. ലൈന്‍ താഴെ വീഴാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. എട്ടുവര്‍ഷം മുന്‍പാണ് ഷെഡ് നിര്‍മിച്ചത്. അതിന് കെഎസ്ഇബിയുടെ അനുമതി വാങ്ങിയില്ല. ഷെഡിലേക്ക് ആരും ഇറങ്ങാതിരിക്കാന്‍ ജനല്‍ പലകവച്ച് സ്‌കൂള്‍ അധികൃതര്‍ അടിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ അപകടം ചൂണ്ടിക്കാട്ടിയിരുന്നുവെന്നും കെഎസ്ഇബി അധികൃതര്‍ പറയുന്നു.

Tags:    

Similar News