ദര്‍ഗയുള്ളതിനാല്‍ കാര്‍ത്തിക ദീപം തെളിയിക്കാനാവില്ല; മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്നാക്കണമെന്നും ആവശ്യം; ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് വിശ്വാസികള്‍; മധുരയില്‍ ഹിന്ദു-മുസ്ലീം സംഘര്‍ഷ ഭീതിയെന്ന് സര്‍ക്കാര്‍; തിരുപ്പരന്‍കുണ്ഡ്രം വിവാദം സുപ്രീംകോടതിയിലേക്ക്
തിരുപ്പരന്‍കുണ്ഡ്രം വിവാദം സുപ്രീംകോടതിയിലേക്ക്
കേരളത്തില്‍ ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച വലിയ വിവാദമായിരിക്കെ സമാനമായ ഒരു വിശ്വാസ പ്രശ്നം, തമിഴ്നാട്ടിലും ആഞ്ഞടിക്കുകയാണ്. അതാണ് തിരുപ്പരന്‍കുണ്ഡ്രം കാര്‍ത്തിക വിളക്ക് കൊളുത്തല്‍ വിവാദം. ഹൈന്ദവ വിശ്വാസികള്‍ക്ക് അനുകൂലമായി മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവുകള്‍ ഉണ്ടായിട്ടും, മധുരയിലെ തിരുപ്പരന്‍കുണ്ഡ്രം മുരുകന്‍ കുന്നുകളിലെ ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിയിക്കാള്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ അനുവദിക്കുന്നില്ല എന്നാണ് ഹൈന്ദവവിശ്വാസികളുടെ ആരോപണം. അവിടെ ഒരു മുസ്ലീം ദര്‍ഗയുള്ളതുകൊണ്ട് ഇത് ഹിന്ദുമുസ്ലീം സംഘര്‍ഷത്തിന് ഇടയാക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. വിഷയം സംഘപരിവാര്‍ ഏറ്റുപിടിച്ചതോടെ അത് വന്‍ വിവാദമാവുകയാണ്.
തിരുപ്പരന്‍കുണ്ഡ്രം പ്രദേശത്തെ സെക്ഷന്‍ 144 നിരോധന ഉത്തരവ് പിന്‍വലിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം രാത്രി ദീപത്തൂണില്‍ കാര്‍ത്തിക ദീപം കൊളുത്താന്‍ അനുവദിക്കാന്‍ ഉത്തരവിട്ടിരുന്നു. ഇതിനായി പോലീസ് കമ്മീഷണര്‍ പൂര്‍ണ്ണ സുരക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. എന്നാല്‍ ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുന്ന സാഹചര്യത്തില്‍ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കാനാവില്ലെന്ന് പോലീസ് നിലപാടെടുത്തു.
തുടര്‍ന്ന് ഇരുന്നൂറിലധികം പോലീസിനെ കൂടുതലായി സ്ഥലത്ത് വീണ്ടും വിന്യസിച്ചു. ഭക്തജനങ്ങളെ സ്ഥലത്ത് നിന്നും മാറ്റി. ദീപം തെളിയിക്കാനുള്ള ഭക്തരെ മലമുകളില്‍ കയറ്റിയില്ല. ഇതേത്തുടര്‍ന്ന് ഹിന്ദു സംഘടനകള്‍ പോലീസുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തിരുപ്പരന്‍കുണ്ഡ്രത്ത് തടിച്ചുകൂടിയ ഭക്തരോട് പിരിഞ്ഞുപോകാന്‍ പോലീസ് നിര്‍ദ്ദേശിച്ചു. ഹര്‍ജിക്കാരന് വിളക്ക് തെളിയിക്കാന്‍ അനുവദിക്കണമെന്ന് ബിജെപി പോലീസിനോട് അഭ്യര്‍ത്ഥിച്ചു. ഇതിനെത്തുടര്‍ന്ന് അവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്, പ്രതിഷേധത്തില്‍ ഉള്‍പ്പെട്ടവരെ അറസ്റ്റ് ചെയ്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ തമിഴ്നാടിന്റെ മറ്റുഭാഗത്തും പ്രതിഷേധം അലയിടിക്കയാണ്.
എന്താണ് തിരുപ്പറംകുണ്ഡ്രം വിവാദം?
മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തിലെ മരുകന്‍മല കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ ദീപത്തൂണില്‍ വര്‍ഷങ്ങളായി ദീപം തെളിയിച്ചിരുന്നു എന്നാണ് വിശ്വാസികള്‍ പറയുന്നത്. എന്നാല്‍ മുരുകന്‍ മലയുടെ താഴെയായി സിക്കന്ദര്‍ എന്നയാളുടെ പേരില്‍ ഒരു ദര്‍ഗ സ്ഥിതിചെയ്യുന്നുണ്ട്. മുരുകന്‍ മലയുടെ പേര് സിക്കന്ദര്‍ മല എന്ന് പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട ദര്‍ഗയുമായി ബന്ധപ്പെട്ട് ഏതാനും പേര്‍ ആവശ്യമുയര്‍ത്തിയിരുന്നു. ഇതിന് പിന്നില്‍ ഡിഎംകെ ആണെന്ന് പറയുന്നു. മുരുകന്‍ മലയുടെ കീഴില്‍ ഇവര്‍ മൃഗങ്ങളെ ബലി ചെയ്യാന്‍ ശ്രമിച്ചിരുന്നു. ഇതിനെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞതും വിവാദമായിരുന്നു.
ഇതിനിടെ കാര്‍ത്തികൈ ദീപം തെളിയിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാര്‍ എന്നയായാള്‍ കേസ് നല്‍കി. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഇതിന് അനുമതി നല്‍കി. ഇതിനെതിരെ ഡിഎംകെ സര്‍ക്കാര്‍ മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ദീപത്തൂണില്‍ കാര്‍ത്തിക ദീപം തെളിക്കാന്‍ അവരും അനുവാദം നല്‍കി. തുടര്‍ന്ന് ദീപം തെളിയിക്കാന്‍ രാമ രവികുമാറും ഹിന്ദുമുന്നണി പ്രവര്‍ത്തകരും പോയെങ്കിലും ഡിഎംകെ പ്രവര്‍ത്തകരും തമിഴ്നാട് സിറ്റി പൊലീസും ചേര്‍ന്ന് ഇവരെ തടഞ്ഞിരുന്നു. 50 ഹിന്ദുമുന്നണി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ട് പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാമ രവികുമാറും അഡ്വ. അരുണ്‍ സ്വാമിനാഥനും സിഐഎസ് എഫ് ഉദ്യോഗസ്ഥനും എത്തിയെങ്കിലും ഡിഎംകെ പൊലീസ് മലകയറാന്‍ അനുവദിച്ചില്ല. ദീപത്തൂണില്‍ വിളക്ക് കൊളുത്തിയാല്‍ അത് ഹിന്ദു മുസ്ലിം കലാപത്തിന് കാരണമാകുമെന്ന ന്യായമാണ് ഡിഎംകെ സര്‍ക്കാര്‍ നിരത്തുന്നത്. വാസ്തവത്തില്‍ മുസ്ലിം സംഘടനകളൊന്നും ഇതിനെതിരെ ഒരു പ്രസ്താവന കൂടി പുറപ്പെടുവിച്ചിട്ടിലെന്നിരിക്കെ ന്യൂനപക്ഷ പ്രീണനമാണ് സ്റ്റാലിന്‍ സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആക്ഷേപം.
കേസ് സുപ്രീം കോടതിയിലേക്ക്
അതിനിടെ കേസ് പാര്‍ലിമെന്റിലും സുപ്രീം കോടതിയിലുമെത്തി. തിരുപ്പരന്‍കുണ്ഡ്രം വിഷയത്തില്‍ സഭ നിര്‍ത്തിവച്ച് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് ട്രിച്ചി ശിവ ഉള്‍പ്പെടെയുള്ള ഡിഎംകെ എംപിമാര്‍ രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന് നോട്ടീസ് നല്‍കി. എന്നാല്‍ രാജ്യസഭാ ചെയര്‍മാന്‍ സി.പി. രാധാകൃഷ്ണന്‍ഇത് തള്ളി. തുടര്‍ന്ന് ഡി.എം.കെ എംപിമാര്‍ രാജ്യസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. എന്നാല്‍ ഡിഎംകെയാണ് അവിടെ സകല പ്രശ്നങ്ങളും ഉണ്ടാക്കിയതെന്ന് ബിജെപി ആരോപിക്കുന്നു.
അതിനിടെ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ നടപടിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ അഭിഭാഷകന്‍ വിഷയം ചീഫ് ജസ്റ്റിസ് സൂര്യകാന്തിന് മുന്നില്‍ ഉന്നയിച്ചു. അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, ഉചിതമായ ബെഞ്ചില്‍ ലിസ്റ്റു ചെയ്യുമെന്ന് ചീഫ് ജസ്റ്റിസ് ഉറപ്പുനല്‍കി. ഉച്ചിപിള്ളയാര്‍ ക്ഷേത്രത്തിലെ ദീപ മണ്ഡപത്തില്‍ കാര്‍ത്തിക ദീപം തെളിക്കുന്നതാണ് നൂറ്റാണ്ടുകളായുള്ള ആചാരമാണെന്ന് ഹരജിക്കാര്‍ പറയുന്നു. എന്നാല്‍, തിരുപരന്‍കുണ്ഡ്രം മലയുടെ മുകളില്‍ തന്നെ ദീപം തെളിക്കണമെന്നാണ് ഹൈക്കോടതിയില്‍ ഹര്‍ജിയെത്തിയത്. ഇതില്‍ സുപ്രീം കോടതി എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്. എന്തായാലും ദീര്‍ഘകാലത്തിനുശേഷം തമിഴ്നാട്ടില്‍ ഹൈന്ദവ സംഘടനകള്‍ക്ക് കിട്ടിയ ഒരു കച്ചിത്തുരുമ്പായി ഈ വിവാദം മാറുകയാണ്. പ്രദേശത്തെ മുസ്ലീങ്ങളില്‍ ഭൂരിഭാഗത്തിനും എതിര്‍പ്പില്ലെന്നിരിക്കെ മുസ്ലീം വോട്ടിനായി ഡിഎംകെ രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്നാണ് വിമര്‍ശനം.
