ഇമെയിലില്‍ പോലും പരാതി അയക്കാന്‍ സമയമില്ലാത്ത തോമസ് കെ തോമസ്; എല്ലാം അറിഞ്ഞിട്ടും ഒന്നും ചെയ്യാത്ത മുഖ്യമന്ത്രി; കുറുമാറ്റത്തിന് 100 കോഴ: കേസെടുക്കാത്തത് ഇഡി ഭയത്തില്‍; കേന്ദ്ര ഏജന്‍സികള്‍ ഇപ്പോഴും രഹസ്യാന്വേഷണത്തില്‍; പരാതി നല്‍കിയാലും ഉടന്‍ അന്വേഷണം ഉണ്ടാകില്ല
തിരുവനന്തപുരം : കൂറുമാറ്റത്തിന് രണ്ട് എംഎല്‍എമാര്‍ക്ക് 100 കോടി കോഴ വാഗ്ദാനം ചെയ്‌തെന്ന ആരോപണത്തില്‍ ഉടനൊന്നും കേസെടുക്കില്ല. അന്വേഷണം വേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ പരാതി നല്‍കുമെന്ന് ആവര്‍ത്തിച്ച എന്‍സിപി എംഎല്‍എ തോമസ് കെ തോമസ് അടക്കം ആരും ഇതുവരെയും വിഷയത്തില്‍ പരാതി നല്‍കിയില്ല. പരാതി നല്‍കിയാലും അന്വേഷണം ഉണ്ടാകില്ല. അടുത്ത ഇടതു മുന്നണി യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയാക്കും. എന്‍സിപി ശരത് പവാര്‍ വിഭാഗം കടുത്ത നിലപാടിലേക്ക് കടക്കും.
പോലീസ് അന്വേഷണം വന്നാല്‍ സാമ്പത്തിക വിഷയമായതിനാല്‍ ഇഡി കൂടി എത്തുമോ എന്നാണ് ആശങ്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ആ നീക്കം ഗുണകരമാകില്ലെന്നും വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍ പരാതി ലഭിച്ചാലും ഉടന്‍ അന്വേഷണത്തിന് സാധ്യതയില്ല. എഫ് ഐ ആര്‍ ഇട്ടാല്‍ നൂറു കോടിയുടെ ആരോപണമായതു കൊണ്ട് ഇഡിക്ക് കേസെടുക്കാം. എഫ് ഐ ആര്‍ ഇട്ടില്ലെങ്കില്‍ അതിന് കഴിയുകയുമില്ല. ഗൗരവമേറിയ ആരോപണമാണ് കുട്ടനാട് എംഎല്‍എ തോമസ് കെ തോമസിനെതിരെ ഉയര്‍ന്നിട്ടുള്ളത്. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം.
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം. ഇത് ആന്റണി രാജു അടക്കം സ്ഥിരീകരിക്കുകയും ചെയ്തു. കോഴ നല്‍കി 2 എംഎല്‍എമാരെ വാങ്ങിയിട്ട് എനിക്ക് പുഴുങ്ങിത്തിന്നാനാണോ എന്നു കുട്ടനാട് എംഎല്‍എ തോമസ് കെ.തോമസ് ചോദിക്കുന്നുണ്ട്. മന്ത്രിയാകുമെന്ന സാഹചര്യമുണ്ടായപ്പോഴാണ് തനിക്കെതിരെ ഗൂഢാലോചനയുണ്ടായത്. എ.കെ.ശശീന്ദ്രന് ഇതില്‍ പങ്കുണ്ടോയെന്ന് അറിയില്ല. 100 കോടി രൂപ മുടക്കി എംഎല്‍എമാരെ വാങ്ങിയാല്‍ 200 കോടി കിട്ടാനുള്ള എന്തെങ്കിലും വകുപ്പ് കിട്ടുകയോ അല്ലെങ്കില്‍ താന്‍ മുഖ്യമന്ത്രിയാകുകയോ വേണം. ഒരു ലോജിക്കുമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. ഇങ്ങനെ ഒരു വിവാദമുണ്ടായത് എങ്ങനെയെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.
മുഖ്യമന്ത്രിയെ കാണാന്‍ എനിക്ക് അപ്പോയിന്‍മെന്റ് എടുക്കേണ്ട ആവശ്യമില്ലെന്നും നേരിട്ടുചെന്ന് കണ്ടാല്‍പ്പോരേയെന്നും തോമസ് പറഞ്ഞു. കോഴ ആരോപണത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഔദ്യോഗികമായി കത്തു നല്‍കും. സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. പരാതി നല്‍കുന്നത് വൈകുന്നത് തനിക്ക് മറ്റു ജോലികളും ഉള്ളതുകൊണ്ടാണ്. അത് കഴിയുന്ന മുറയ്ക്ക് പരാതി നല്‍കുമെന്നും തോമസ് കെ തോമസ് പറയുന്നു. എന്നാല്‍ ഇമെയിലില്‍ ഒരു പരാതി കൊടുത്താലും മുഖ്യമന്ത്രിക്ക് നടപടി എടുക്കാം. അതു പോലും തോമസ് കെ തോമസ് ചെയ്തിട്ടില്ല.
അന്വേഷണം വേണ്ടെന്ന നിലപാട് സര്‍ക്കാരിന് സ്വീകരിക്കാനാവില്ല. ഒരു എംഎല്‍എയെക്കുറിച്ച് മോശമായ പരാമര്‍ശം വന്നിട്ട് അന്വേഷണം വേണ്ടെന്നു വയ്ക്കാനാവില്ല. ആന്റണി രാജു എനിക്കെതിരെ പറഞ്ഞെന്നു പറയുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയോട് എല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നെക്കുറിച്ച് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു വിഷയം സിപിഎം പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയ്ക്ക് വേണ്ടി കൂടിയാണ് ഗോവിന്ദന്റെ ഈ വിശദീകരണം. സംഭവത്തില്‍ കേന്ദ്ര ഏജന്‍സികള്‍ രഹസ്യ അന്വേഷണം നടത്തുന്നുണ്ട്. എഫ് ഐ ആര്‍ ഇട്ടാലുടന്‍ ഇഡിയും ഔദ്യോഗിക നടപടികള്‍ എടുക്കും.
വിവാദത്തില്‍ നേരത്തെ ആന്റണി രാജു നേരത്തെ പ്രതികരിച്ചിരുന്നു. പുറത്തുവന്ന വാര്‍ത്തയെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചു. അറിയാവുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ചു. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് പറയുമെന്നും മുന്നണിയുടെ ഭാഗമായതിനാല്‍ എല്ലാ കാര്യങ്ങളും പറയാന്‍ പരിമിതിയുണ്ടെന്നും ആന്റണി രാജു പറഞ്ഞിരുന്നു. തോമസ് കെ തോമസിന്റെത് അപകമായ വാദമാണ് ആന്റണി രാജു പറഞ്ഞു.
കുട്ടനാട്ടിന്റെ വികസനത്തില്‍ അസ്വസ്ഥനായതുകൊണ്ടാണ് തിരുവനന്തപുരത്തെ എംഎല്‍എയായ താന്‍ പ്രതികരിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. അതുതന്നെ ബാലിശമാണ്. നിയമസഭയില്‍ താനും കോവൂര്‍ കുഞ്ഞുമോനും തോമസ് കെ തോമസും ഒരു ബ്ലോക്കായിട്ടാണ് ഇരിക്കുകയെന്നാണ് അദ്ദേഹം പറഞ്ഞത്. അങ്ങനെ ഒരു ബ്ലോക്കും ഇല്ല. മൂന്നുപേരും ചേര്‍ന്ന് ഇന്നുവരെ ഒന്നും ക്ലബ് ചെയ്ത് ഒരു കാര്യങ്ങളും ചോദിച്ചിട്ടില്ല. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് തോമസ് കെ തോമസ പറയുന്നത്. അങ്ങനെ ഞാന്‍ വിചാരിച്ചാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്ന ആളാണോ മുഖ്യമന്ത്രി?. ഇന്നുവന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിച്ചിട്ടുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങള്‍ സത്യസന്ധമായി പങ്കുവച്ചു. പ്രലോഭനങ്ങളില്‍ വീഴുന്ന നിലപാട് തന്റെ 52 വര്‍ഷം നീണ്ട രാഷ്ട്രീയജീവിതത്തില്‍ ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല.
1990 മുതല്‍ ആറ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് എല്‍ഡിഎഫിനൊപ്പമാണ്. തോമസ് ചാണ്ടിയുമായി നല്ല ബന്ധമായിരുന്നു. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഒരിക്കലും കുട്ടനാട് മത്സരിച്ചിട്ടില്ല. പരസ്പരവിരുദ്ധവും അടിസ്ഥാനവിരുദ്ധവുമായ ആരോപണങ്ങളാണ് എനിക്കെതിരെ തോമസ് കെ തോമസ് ഉന്നയിച്ചത്. ഇപ്പോള്‍ ഇത്രയുമാണ് പറയാനുള്ളത്. കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ട സാഹചര്യം ഉണ്ടായാല്‍ ആ സമയത്ത് പറയാം. മുന്നണിക്കകത്ത് നില്‍ക്കുന്ന കക്ഷിയെന്ന നിലയില്‍ എല്ലാ കാര്യങ്ങളും പറയാന്‍ പരിമിതിയുണ്ട്. ചര്‍ച്ച നടത്തിയ സമയം എപ്പോഴെന്നതിന് പ്രസക്തിയില്ല. വിഷയമാണ് പ്രസക്തിയെന്നും ആന്റണി രാജു പറഞ്ഞിരുന്നു.