തസ്ലീമ നസ്രീന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബോംബ് ഭീഷണി; കൊച്ചിയില്‍ സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനം നിര്‍ത്തിവച്ചു; കടവന്ത്ര ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തോക്കുമായി കടന്ന ഉദയംപേരൂര്‍ സ്വദേശി പിടിയില്‍; തസ്ലീമ എത്തുന്നത് എസ്സന്‍സ് ആജീവനാന്ത പുരസ്‌കാരം സ്വീകരിക്കാന്‍

ഭീഷണിയെ തുടര്‍ന്ന് എസന്‍സ് കൂട്ടായ്മ നിര്‍ത്തി വച്ചു

Update: 2025-10-19 07:14 GMT

കൊച്ചി: സ്വതന്ത്ര ചിന്തകരുടെ കൂട്ടായ്മയായ എസന്‍സ് ഗ്ലോബലിന്റെ വാര്‍ഷിക സമ്മേളനമായ ലിറ്റ്മസ് 25 ബോംബ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തി വച്ചു. തസ്ലിമ നസ്രീന്‍ പങ്കെടുക്കാനിരുന്ന പരിപാടിക്കാണ് ഭീഷണി. പരിപാടി ഇപ്പോള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്.

കൊച്ചി കടവന്ത്രയിലെ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ ഒരാള്‍ തോക്കുമായി പ്രവേശിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ഉദയംപേരൂരര്‍ സ്വദേശി തോക്കുമായി പിടിയിലായി.

11 മണിയോടെയാണ് സ്‌റ്റേഡിയത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന വിവരം പൊലീസ് സംഘാടകരെ അറിയിക്കുന്നത്. തസ്ലീമ നസ്ലീന്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നും ഒരാള്‍ തോക്കുമായി സ്‌റ്റേഡിയത്തില്‍ കടന്നതായി സംശയിക്കുന്നുവെന്നുമാണ് പൊലീസ് ധരിപ്പിച്ചത്. ഇതേ തുടര്‍ന്ന് എല്ലാവരെയും സ്റ്റേഡിയത്തിന് പുറത്തിറക്കി മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് പരിശോധിച്ചു.


സ്വതന്ത്രചിന്തകരുടെ ഏറ്റവും വലിയ സമ്മേളനമാണ് കൊച്ചിയില്‍ നടക്കുന്നത്. ശാസ്ത്ര- സ്വതന്ത്രചിന്താ പ്രസ്ഥാനമാാണ് എസെന്‍സ് ഗ്ലോബല്‍. 2025-ലെ എസെന്‍സ് ആജീവനാന്ത പുരസ്‌കാരം ലഭിച്ചിരിക്കുന്നത്, പ്രശസ്ത ബംഗ്ഗാദേശ് എഴുത്തുകാരിയും, ആക്റ്റിവിസ്റ്റുമായ തസ്ലീമ നസ്രീനാണ്. തസ്ലീമയുടെ സ്ത്രീപക്ഷ രാഷ്ട്രീയവും, മതനിഷേധവും, അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടവും കണക്കിലെടുത്താണ് അവാര്‍ഡ്. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ്, കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന തെളിവായ പ്രൊഫ ടി.ജെ.ജോസഫില്‍ നിന്ന് തസ്ലീമ സ്വീകരിക്കുമെന്നാണ് അറിയിച്ചിരുന്നത്. ഭീഷണിയെ തുടര്‍ന്ന് പരിപാടി നിര്‍ത്തി വച്ചിരിക്കുകയാണ്.


എന്താണ് എസെന്‍സ്?

ശാസ്ത്രപ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകര്‍, എഴുത്തുകാര്‍, ചിന്തകര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബര്‍ കൂട്ടായ്മ ആണ് esSENSE എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്. രണ്ടായിരത്തില്‍പരം അംഗസംഖ്യയുള്ള 'നാസ്തികനായ ദൈവം' ഫേസ്ബുക്ക് ഗ്രൂപ്പിലാണ് എസെന്‍സ് എന്ന ആശയം 2016 ഓഗസ്റ്റില്‍ രൂപം കൊള്ളുന്നത്. ഗ്രൂപ്പിന്റെ സ്ഥാപക അഡ്മിനും എഴുത്തുകാരനും പ്രഭാഷകനുമായ സി രവിചന്ദ്രന്‍ ആണ് ഈ ആശയം നിര്‍ദ്ദേശിക്കുന്നതും പേര് കണ്ടെത്തുന്നതും. പിന്നീടുവന്ന ലോകമെമ്പാടുമുള്ള വിവിധങ്ങളായ എസെന്‍സ് ഗ്രൂപ്പുകളും കൂട്ടായ്മകളുമെല്ലാം 'നാസ്തികനായ ദൈവം' ഗ്രൂപ്പിന്റെ അനുബന്ധങ്ങളാണ്.

'തെളിവുകള്‍ എന്തായിക്കൊള്ളട്ടെ ഞങ്ങള്‍ ഞങ്ങളുടെ നിലപാടുകള്‍ തുടരും' എന്ന ഡോഗ്മയെ, പൊളിച്ചടുക്കിയാണ് എസ്സെന്‍സ് ഗ്ലോബല്‍ തങ്ങളുടെ പ്രവര്‍ത്തനം നടത്തുന്നത്. മതങ്ങളെയും മതേതര അന്ധവിശ്വാസങ്ങളെയും ഒരു പോലെ വിമര്‍ശിച്ചുകൊണ്ടാണ് നവനാസ്തികതയുടെ ഈ തരംഗം കേരളത്തിലും മുന്നേറുന്നത്. കമ്യൂണിസവും മാര്‍ക്സിസവും പോലുള്ള മതേതരമായ വിശ്വാസ പ്രസ്ഥാനങ്ങളെയും, ഹോമിയോ- ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സകളെയും തൊട്ട് ജൈവകൃഷി പോലുള്ള ആധുനിക അന്ധവിശ്വാസങ്ങളെവരെ എസ്സെന്‍സ് വിമര്‍ശന വിധേയമാക്കുന്നു. അശാസ്ത്രീയമായ എന്തിനെയും തള്ളി, യുക്്തിയിലും ശാസ്ത്രബോധത്തിലും അധിഷ്ഠിതമായ ചിന്താധാര വളര്‍ത്തിയെടുക്കാണ്് ലിറ്റ്മസ് കൊണ്ട് ശ്രമിക്കുന്നതെന്ന് എസ്സെന്‍സ് ഗ്ലോബല്‍ സംഘാടകര്‍ പറയുന്നു.

'അടച്ചിട്ട മുറിയില്‍ അഞ്ചാറുപേര്‍' എന്നായിരുന്നു മുമ്പ് സ്വതന്ത്ര ചിന്തകരെ കുറിച്ച് പറഞ്ഞിരുന്നത്. സിംഹവാലന്‍ കുരങ്ങുകളെപ്പോലെ കേരളത്തില്‍ ന്യുനപക്ഷമാണ് യുക്തിവാദികള്‍ എന്ന് പറഞ്ഞത് സാക്ഷാല്‍ രാഹുല്‍ ഈശ്വറാണ്. എന്നാല്‍ ആ കാലം വളരെ പെട്ടെന്നാണ് മാറി മറിഞ്ഞത്. 2022-ലെ കൊച്ചി രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം നിറഞ്ഞ സദസ് കണ്ട് അന്ന് പാനലിസ്റ്റായി ഒരുപരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ ഈശ്വറിന് തന്നെ തിരുത്തേണ്ടി വന്നു. ഇന്ന് സ്വതന്ത്ര ചിന്തകര്‍ക്കും മറ്റുള്ളവരെ അമ്പരിപ്പിക്കുന്ന രീതിയില്‍ വലിയ സമ്മേളനങ്ങള്‍ നടത്താന്‍ കഴിയുന്നുണ്ടെന്നാണ് അവകാശവാദം

Tags:    

Similar News