മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ വ്യാജം; അതേ മോഡല്‍ സ്‌കൂട്ടര്‍ തൃശൂരില്‍ മാത്രം 10,000 ലേറെ; 'സ്‌കൂട്ടര്‍ ഡ്രൈവ്' ഊര്‍ജ്ജിതമാക്കി അന്വേഷണ സംഘം; ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുന്നു; പോട്ട ബാങ്ക് കവര്‍ച്ചയില്‍ ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 'പ്രതിയെ' തേടി സമീപ ജില്ലകളിലേക്കും

ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത 'പ്രതിയെ' തേടി സമീപ ജില്ലകളിലേക്കും

Update: 2025-02-16 10:15 GMT

തൃശൂര്‍: ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്കില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് വന്ന സ്‌കൂട്ടര്‍ തിരിച്ചറിയാന്‍ ശ്രമം തുടരുന്നു. മോഷ്ടാവ് വന്ന ഇനത്തില്‍പ്പെട്ട സ്‌കൂട്ടര്‍ തൃശൂര്‍ ജില്ലയില്‍ മാത്രം പതിനായിരം വരും. സ്‌കൂട്ടര്‍ ഉടമകളുടെ പേരും മറ്റു വിവരങ്ങളും പരിശോധിക്കുകയാണ്. ആളെ തിരിച്ചറിയാന്‍ ആദ്യം വാഹനം കണ്ടെത്തണം.

മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടറിന്റെ നമ്പര്‍ വ്യാജമെന്നു സ്ഥിരീകരിച്ചതോടെ അതേ മോഡല്‍ സ്‌കൂട്ടറുകളെ എവിടെ കണ്ടാലും പരിശോധിക്കാന്‍ പൊലീസ് വ്യാപക തിരച്ചില്‍ തുടരുന്നു. തൃശൂര്‍ ജില്ലയിലും തൃശൂരുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലുമാണു പ്രധാനമായി തിരച്ചില്‍ നടക്കുന്നത്.

സ്‌കൂട്ടറിന്റെ മോഡലും ഏകദേശ നിറവുമെല്ലാം പൊലീസിനു വ്യക്തമായിട്ടുണ്ട്. എന്നാല്‍, നമ്പര്‍ പ്ലേറ്റ് വ്യാജമായതിനാല്‍ ആരുടെ വണ്ടിയാണെന്നുപോലും കണ്ടെത്താനായിട്ടില്ല. ഏതെങ്കിലും പൊന്തക്കാടുകളിലോ ആളൊഴിഞ്ഞ പറമ്പുകളിലോ സ്‌കൂട്ടര്‍ ഒളിപ്പിച്ചാണു മോഷ്ടാവു കടന്നുകളഞ്ഞതെങ്കില്‍ തിരച്ചില്‍ കൂടുതല്‍ സങ്കീര്‍ണമാകും.

ഹെല്‍മറ്റും മുഖംമൂടിയും ജാക്കറ്റും ധരിച്ചെത്തി ക്യാഷ് കൗണ്ടര്‍ തകര്‍ത്ത് 15 ലക്ഷം രൂപ തട്ടിയെടുത്തു മൂന്നു മിനിറ്റില്‍ സ്ഥലം കാലിയാക്കിയ മോഷ്ടാവ് സഞ്ചരിച്ച സ്‌കൂട്ടര്‍ തൃശൂര്‍, എറണാകുളം ജില്ലകളില്‍ പല ഭാഗത്തു കണ്ടുവെന്നു പറയുന്നുണ്ടെങ്കിലും ആധികാരികമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

കൃത്യമായ ആസൂത്രണത്തോടെയെത്തി കവര്‍ച്ച നടത്തി മുങ്ങിയ പ്രതിയെ പിടികൂടാന്‍ ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ചുള്ള അന്വേഷണം തുടരുകയാണെന്നു റൂറല്‍ പൊലീസ് മേധാവി ബി.കൃഷ്ണകുമാര്‍ പറഞ്ഞു. ബാങ്ക് കവര്‍ച്ചാക്കേസുകള്‍ അന്വേഷിച്ചു പരിചയമുള്ള ഉദ്യോഗസ്ഥരെക്കൂടി ഉള്‍പ്പെടുത്തി അന്വേഷണ സംഘം വിപുലീകരിക്കാനാണ് ശ്രമം.

തദ്ദേശീയരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണസംഘം. ക്രിമിനല്‍ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് വിവരം. കവര്‍ച്ച നടത്തിയത് 'പ്രൊഫഷണല്‍ മോഷ്ടാവ്' അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു. മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്ത ഒരാള്‍ തന്നയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. ആദ്യഘട്ടത്തില്‍ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്.

മോഷ്ടാവെത്തിയ ഇരുചക്രവാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ലഭിച്ചിട്ടും ഇയാളെ പിടികൂടാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. വാഹനവും കണ്ടെത്താനായിട്ടില്ല. പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല. അതിനാല്‍ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചേക്കും.

ബാങ്കിലെയും ബാങ്കിനു പുറത്തെയും നിരീക്ഷണക്യാമറകളില്‍ ഇയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. നിരീക്ഷണ ക്യാമറകളില്‍ പെട്ടെങ്കിലും ഹെല്‍മെറ്റ് ധരിച്ചിരുന്നതിനാല്‍ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. കൈയുറ ധരിച്ചിരുന്നതിനാല്‍ വിരലടയാളം കിട്ടാനുള്ള സാധ്യതയുമില്ല.

പ്രതിക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്നും സംഭവത്തില്‍ ഗൂഢാലോചനയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. സഹായമില്ലാതെ കൃത്യമായി ഇത്തരത്തില്‍ മോഷണം നടത്താന്‍ സാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാങ്ക് ജീവനക്കാരുടെ മൊഴി പോലീസ് വീണ്ടും എടുത്തിട്ടുണ്ട്.

47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ മാത്രമാണ് പ്രതി കൈക്കലാക്കിയത്. അതിനാല്‍ പ്രതിയിലേക്ക് എളുപ്പം എത്താന്‍ സാധിക്കുമെന്നും പോലീസ് കരുതുന്നു. കൂടുതല്‍ പണം എടുക്കാമായിരുന്നിട്ടും 15 ലക്ഷം മാത്രം കൈക്കലാക്കിയതിനാല്‍ പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവര്‍ച്ച നടത്തിയതെന്നും പോലീസ് കരുതുന്നു. അതിനിടെ, മോഷണം നടന്ന ബാങ്ക് ശാഖയുടെ സുരക്ഷ കഴിഞ്ഞദിവസം വര്‍ധിപ്പിച്ചു. ശനിയാഴ്ച രാവിലെത്തന്നെ സുരക്ഷാജീവനക്കാരെ ബാങ്കില്‍ നിയോഗിച്ചു.

Tags:    

Similar News