അവസാന സിനിമയായ 'ധ്വനി'യിലും നിത്യഹരിത നായകന്‍ ഉല്ലാസവാന്‍; മലയാള ചലച്ചിത്രമേഖലയിലെ തലമുറമാറ്റം അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു; ആകെയുള്ള വിഷമം കടുത്ത പ്രമേഹരോഗം; സിനിമകള്‍ ഇല്ലാതായതോടെ പ്രേംനസീര്‍ മേക്കപ്പിട്ട് കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രം

പ്രേംനസീര്‍ മേക്കപ്പിട്ട് കരയുമായിരുന്നുവെന്നത് വെറും കെട്ടുകഥ മാത്രം

Update: 2025-07-07 16:55 GMT

കോഴിക്കോട്: 'നസീര്‍ സാര്‍ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാര്‍ഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങും. പക്ഷെ സിനിമയില്ല. ബഹദൂറിന്റേയും അടൂര്‍ ഭാസിയുടേയും വീട്ടില്‍ പോയിരുന്നു കരയും. അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്നാണ് പറയുന്നത്.'' സിനിമയുടെ അസ്ഥിര സ്വാഭാവത്തെകുറിച്ച് സംസാരിക്കവേ നടന്‍ ടിനി ടോം ഇങ്ങനെ പറഞ്ഞത് വന്‍ വിവാദമായിരക്കിയാണ്. ഡബ്ബിങ്് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, സംവിധായകന്‍ എം എം നിഷാദമടക്കമുള്ള നിരവധിപേര്‍ പ്രതിഷേധിച്ചതോടെ നടന്‍ ടിനി ടോം മാപ്പും പറഞ്ഞു.

നടന്‍ മണിയന്‍ പിള്ള രാജുവാണ് ഇത് പറഞ്ഞതെന്ന് ടിനി പ്രതികരിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് മണിയന്‍പിള്ള പരസ്യമായി തള്ളി പറഞ്ഞു. ഇതിന് പിന്നാലെ ടിനി ടോം കൂടുതല്‍ ഒറ്റപ്പെട്ടു. താര സംഘടനയായ അമ്മയില്‍ പരാതി എത്തുമെന്നും ഉറപ്പായി. ഇതോടെയാണ് ടിനി നിലപാട് മാറ്റിയതും ഖേദ പ്രകടനം നടത്തിയതും. അഭിമുഖത്തിലെ ഭാഗം ചുരണ്ടിയെടുത്ത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ടിനി പറയുന്നത്. എന്നിരുന്നാലും സംഭവത്തില്‍ ഒരു പുകമറ ഇപ്പോഴും നിലനില്‍ക്കയാണ്. എന്നാല്‍ പ്രേം നസീര്‍ അവസാനകാലത്തും ആഹ്ലാദവാനായിരുന്നുവെന്നായിരുന്നു, അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചവര്‍ പറയുന്നത്്.

അവസാനകാലത്തും ആക്റ്റീവ്

61-ാം വയസ്സിലാണ്, ലോകത്തിലെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ്് സൃഷ്്ടിച്ച പ്രേം നസീര്‍ അന്തരിച്ചത്. അദ്ദേഹം അവസാനം അഭിനയിച്ച സിനിമ, പരേതനായ എ ടി അബു സംവിധാനം ചെത്ത 'ധ്വനി' എന്ന ചിത്രമാണ്. ചിത്രം പൂര്‍ത്തിയാകുന്നത് 1988 അതില്‍ പ്രധാന റോളുകളിലൊന്നിലാണ് പ്രേം നസീര്‍ അഭിനയിച്ചത്. ജയറാമായിരുന്നു അതിലെ മറ്റൊരു പ്രധാന വേഷം. ചിത്രം റിലീസ് ചെയ്ത് 21 ദിവസമാകുമ്പോഴാണ് നസീര്‍ ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്.

ധ്വനിയില്‍ അഭിനയിച്ച, ജയറാമും ശോഭനയും അടക്കമുള്ളവര്‍ പറയാറുള്ളത് ആ സെറ്റിലും ഉല്ലാസവനായ നസീറിനെയാണ്. ചെറുപ്പക്കാരെക്കാളും കൃത്യനിഷ്ഠതയോടെയാണ് നസീര്‍, സെറ്റില്‍ എത്തിയിരുന്നതെന്നാണ് സംവിധായകന്‍ എ ടി അബു പിന്നീട് പറഞ്ഞത്. അന്ന് സെറ്റില്‍ ഉടനീളമുണ്ടായിരുന്നു, പരേതനായ സിനിമാ സാംസ്‌ക്കാരിക പ്രവര്‍ത്തകനായ പരേതനായ റഹീം പൂവാട്ട്പറമ്പും ഇക്കാര്യം എഴുതിയിട്ടുണ്ട്. കഥാകൃത്ത്് കൂടിയായ റഹീം, ധ്വനിയുടെ പിആര്‍ഒ കൂടിയായിരുന്നു.

ധ്വനിയുടെ സെറ്റില്‍ ഭക്ഷണം മോശമായപ്പോള്‍ താരങ്ങള്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. തിലകനെപ്പോലുള്ളവര്‍ പരസ്യമായി ഭക്ഷണം കൊണ്ടുവന്നയാളെ വഴക്കു പറഞ്ഞു. അപ്പോഴും ഒരു പരാതിയുമില്ലാതിരുന്നത് നസീര്‍ സാറിന് മാത്രമായിരുന്നുവെന്ന് റഹീം പറഞ്ഞിട്ടുണ്ട്. മാത്രമല്ല തന്റെ സ്വസിസദ്ധമായ ചിരികൊണ്ട് അദ്ദേഹം എല്ലാവരുടെ വിഷമങ്ങളും മയച്ചുകളയുകയും ചെയ്യും.

തികച്ചും സന്തോഷവാനായിരുന്നു പ്രേം നസീര്‍ എന്നും റഹീം അനുസ്മരിച്ചിരുന്നു. കടുത്ത പ്രമേഹരോഗമായിരുന്നു അദ്ദേഹത്തെ അലട്ടിയ ഏകപ്രശ്‌നം. മലയാള സിനിമയില്‍ തലമുറമാറ്റം വന്നതിനെക്കുറിച്ച് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നാണ് റഹീം എഴുതിയത്. പുതിയ താരങ്ങള്‍ വരുമെന്നതും, മലയാള സിനിമയുടെ ഭാവി ശോഭനമാണെന്നുമാണ് നസീര്‍ പറയാറുണ്ടായിരുന്നത്. ' പഴയപോലെ തിരക്കില്ലാത്തതുകൊണ്ട് നിങ്ങളോടൊക്കെ ധാരാളം സംസാരിക്കാന്‍ പറ്റുന്നുണ്ടല്ലോ'' എന്നാണ് നസീര്‍ പറയാറുള്ളത് എന്നായിരുന്നു റഹീം അനുസ്മരിച്ചത്. 25ാം വയസ്സില്‍ ധ്വനി സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സമയത്താണ് ഹിന്ദുമതവിശ്വാസിയായ റീനയെ റഹീം വിവാഹംചെയ്തത്. ഏറെ കോളിളക്കമുണ്ടായ സംഭവമായിരുന്നു അത്. കല്യാണക്കാര്യം പറഞ്ഞപ്പോള്‍ പ്രേംനസീര്‍ പറഞ്ഞത് 'അനിയാ സൂക്ഷിക്കണം, വിവാദത്തിലേക്കാണ് എടുത്തുചാടുന്നത്' എന്നായിരുന്നു.

മരിച്ചുകഴിഞ്ഞിട്ടും സിനിമകള്‍

പ്രമേഹത്തിന്റെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നിട്ടും, ചലച്ചിത്രലോകത്തും സാമൂഹികലോകത്തും നിറസാന്നിദ്ധ്യമായി നസീര്‍ തുടര്‍ന്നു. അള്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലില്‍ ചികില്‍സയില്‍ ആയിരിക്കേയാണ് അദ്ദേഹത്തിന്റെ മരണം. അള്‍സര്‍ മാറിയെങ്കിലും അഞ്ചാംപനി ബാധിച്ചതാണ് പ്രശ്നം. അദ്ദേഹത്തെ കാണാന്‍ വന്ന ഒരു രോഗിയില്‍ നിന്നാണ്, ഈ രോഗം കിട്ടിയതെന്നാണ് കരുതുന്നത്.

1989 ജനുവരി 16-നാണ് അദ്ദേഹം അന്തരിച്ചു. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ളവര്‍ ചേര്‍ന്ന് ചുമന്നാണ് നസീറിന്റെ മൃതദേഹം കൊണ്ടുവന്നത്. നിര്യാതനായി എട്ട് മാസം കഴിഞ്ഞപ്പോഴാണ് 1989 സെപ്തംബറില്‍ അദ്ദേഹവും മോഹന്‍ലാലും ചേര്‍ന്ന് അഭിനയിച്ച, 'ലാല്‍ അമേരിക്കയില്‍' എന്ന സിനിമ റിലീസ് ചെയ്തത്. ഓണത്തിന് അനുബന്ധമായിരുന്നു ഈ റിലീസ്. അടുത്ത വര്‍ഷം 1990 ഏപ്രിലില്‍ ആണ് അദ്ദേഹവും മോഹന്‍ലാലും പ്രധാന റോളുകളിലെത്തിയ 'കടത്തനാടന്‍ അമ്പാടി' തിയേറ്ററുകളിലെത്തിയത്. വിഷു റിലീസ് ആയിരുന്നു ഈ ചിത്രം. അതായത് മരണശേഷവും അദ്ദേഹം അഭിനയിച്ച സിനിമകള്‍ റിലീസ് ചെയ്തുകൊണ്ടിരുന്നു. അതായത് സിനിമ ഇല്ലാത്ത ബുദ്ധിമുട്ട് അദ്ദേഹത്തിനുണ്ടായിരുന്നില്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മലയാള സിനിമയില്‍ പ്രേംനസീറിന്റെ ആദ്യ ചിത്രം പുറത്തിറങ്ങുന്നത് 1952 ലാണ്. അദ്ദേഹത്തിന്റെ മരണം വരെയുള്ള നാല് പതിറ്റാണ്ടോളം നീണ്ട കാലത്തിനിടയില്‍ 1987ല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും റിലീസ് ചെയ്തതായി കാണാന്‍ സാധിക്കാത്തത്. ഒരു ദിവസം നാലു ഷിഫ്റ്റുകളിലായി വരെ അദ്ദേഹം അഭിനയിച്ച കാലമുണ്ട്. 542 മലയാളം സിനിമകളില്‍ നായകനായി അഭിനിയച്ചതിന്റെ പേരിലും, 130 സിനിമകളില്‍ ഒരേ നായികയ്ക്കൊപ്പം (ഷീല) അഭിനയിച്ചിതിന്റെ പേരിലും രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിരുന്നു. എണ്‍പത് നായികമാര്‍ക്കൊപ്പം അഭിനയിച്ചതിനും, ഒരേ വര്‍ഷം (1973, 77) 30 സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചതിന്റെ പേരിലും മറ്റ് രണ്ട് അഭിനയ റെക്കോര്‍ഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഇങ്ങനെ കത്തിയെരിഞ്ഞ് അഭിനയിച്ചതുകൊണ്ടുതന്നെ, അവസാനകാലം അദ്ദേഹത്തിന് അല്‍പ്പം വിശ്രമത്തിന്റെത് ആയിരുന്നു. അല്ലാതെ കരച്ചിലിന്റെത് ആയിരുന്നില്ല എന്നായിരുന്നു, പ്രേം നസീറുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.

Tags:    

Similar News