'സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു': നിലപാടിലുറച്ച് സി സി മുകുന്ദന്‍; സ്ഥാനാര്‍ഥിത്വ നീക്കത്തെ എതിര്‍ത്ത് പ്രാദേശിക കോണ്‍ഗ്രസുകാര്‍; 'സി.പി.ഐയിലെ സ്‌ക്രാപ്പുകളെ എടുക്കേണ്ട'; വിയോജിപ്പ് ഞങ്ങള്‍ വ്യക്തമാക്കുമെന്ന് നേതാക്കള്‍

'സ്വതന്ത്രനായി മത്സരിക്കും, കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചു'

Update: 2026-03-10 06:01 GMT

തൃപ്രയാര്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നാട്ടികയില്‍ മത്സരിക്കുമെന്ന് ആവര്‍ത്തിച്ച് സിപിഐ വിട്ട സി സി മുകുന്ദന്‍ എംഎല്‍എ. കോണ്‍ഗ്രസ് ചില നിര്‍ദേശങ്ങള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. ചില കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാല്‍ പിന്തുണക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ ഉറപ്പ് തനിക്ക് കിട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ജനങ്ങളോട് ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്. സമയമാകുമ്പോള്‍ അതെല്ലാം പറയും. സിപിഐയില്‍ നിന്നും അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട് ആരും അതേ പറ്റി സംസാരിച്ചിട്ടില്ലെന്നും മുകുന്ദന്‍ വ്യക്തമാക്കി. ഗീത ഗോപി സിപിഐ സ്ഥാനാര്‍ത്ഥിയായി നാട്ടികയില്‍ മത്സരിച്ചാല്‍ താന്‍ അവിടെ സ്വതന്ത്രനായി മത്സരിക്കും. ഗീത ഗോപിയുടെത് പേമെന്റ് സീറ്റ് ആണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ ഗീത ഗോപി മണ്ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നുവെന്നും മുകുന്ദന്‍ ആരോപിച്ചു.

പാര്‍ട്ടിയില്‍നിന്ന് തന്നെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താനായിട്ട് പാര്‍ട്ടിയില്‍നിന്ന് പുറത്തു പോകില്ല. പേമെന്റ് സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുന്നത് ശരിയല്ല എന്നതാണ് തന്റെ നിലപാട്. ആര്‍ക്കെല്ലാം പണം കിട്ടിയെന്നത് സമയമാകുമ്പോള്‍ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സിപിഐയില്‍നിന്ന് രാജിവെച്ച സി.സി. മുകുന്ദന്‍ എംഎല്‍എയെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് പ്രദേശിക നേതാക്കള്‍. കോണ്‍ഗ്രസ് താന്ന്യം മണ്ഡലം പ്രസിഡന്റ് ആന്റോ തുറയില്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈന്‍ നാട്ടിക എന്നിവരാണ് എതിര്‍പ്പറിയിച്ചത്.

'താന്ന്യം മണ്ഡലത്തിലെ 19 വാര്‍ഡ് പ്രസിഡന്റുമാരെയും ബന്ധപ്പെട്ടിരുന്നു. മുകുന്ദനെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യം അവര്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിപിഐയില്‍ നിന്നും വരുന്ന സ്‌ക്രാപ്പുകളെ എടുക്കേണ്ടന്നാണ് പലരും സംസാരിച്ചത്. ആ അര്‍ഥത്തിലാണ് നമ്മള്‍ ഇതിനെ കാണുന്നത്. അതേസമയം, പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ട് ഞങ്ങള്‍ മുന്നോട്ടുപോകില്ല. പക്ഷേ വിയോജിപ്പ് ഞങ്ങള്‍ വ്യക്തമാക്കും' -ആന്റോ തുറയില്‍ വ്യക്തമാക്കി.

രണ്ട് എം.എല്‍.എമാരും പ്രശസ്തരായത് വികസന പ്രവര്‍ത്തനത്തിലൂടെയല്ല. മകള്‍ക്ക് സ്ത്രീധനം 300 പവന്‍ കൊടുത്തു എന്നതിലൂടെയാണ് ഗീത ഗോപി പ്രശസ്തയായത്. വീട്ടില്‍ മഴവെള്ളം തട്ടി തെന്നിവീണാണ് മുകുന്ദന്‍ പ്രശസ്തനായത്. രണ്ടുപേരും ഇവിടെ വികസന പ്രവര്‍ത്തനം നടത്തിയിട്ടില്ല. ഇവിടെ നല്ല കോണ്‍ഗ്രസുകാര്‍ ഒരുപാടുണ്ട്. സി.സി. മുകുന്ദന്‍ ഇല്ലെങ്കിലും കോണ്‍ഗ്രസിന് ഇവിടെ ജയിക്കാന്‍ കഴിയും. കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കുന്ന ഒരാള്‍ മത്സരിക്കണം' -ഷൈന്‍ നാട്ടിക പറഞ്ഞു.

പട്ടികജാതി സംവരണ മണ്ഡലമായ നാട്ടികയില്‍ സി.പി.ഐയുടെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അഭിപ്രായ ഭിന്നതയാണ് ഉടലെടുത്തത്. നിലവിലെ എം.എല്‍.എ സി.സി. മുകുന്ദനെ തഴഞ്ഞ് മുന്‍ എം.എല്‍.എ ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിച്ചതില്‍ രോഷാകുലനായ മുകുന്ദന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗീതാ ഗോപിയെയും പാര്‍ട്ടിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് രണ്ട് തവണ മാധ്യമപ്രവര്‍ത്തകരോട് സി.സി. മുകുന്ദന്‍ തുറന്നടിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷം നാട്ടികയില്‍ നടപ്പാക്കിയ വികസനനേട്ടങ്ങള്‍ മുന്‍നിര്‍ത്തി വീണ്ടും മത്സരിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം വരെ മുകുന്ദന്‍ കരുതിയിരുന്നത്. എന്നാല്‍, ഗീതാ ഗോപിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതാണ് മുകുന്ദനെ ഞെട്ടിച്ചത്. സംസ്ഥാന സെക്രട്ടറിയടക്കമുള്ള സി.പി.ഐ നേതാക്കളാരും തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് മുകുന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഫോണില്‍ ബന്ധപ്പെട്ടു. സ്വതന്ത്രനായി മത്സരിച്ചാല്‍ യു.ഡി.എഫ് പിന്തുണക്കാമെന്നാണ് ഇരുവരും അറിയിച്ചത്. സാമ്പത്തികമുള്ളവരെ തെരഞ്ഞുപിടിച്ചാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നതെന്ന് മുകുന്ദന്‍ ആരോപിച്ചു.

മകള്‍ക്ക് വിവാഹ സമ്മാനമായി 225 പവന്‍ സ്വര്‍ണം നല്‍കിയവരെയാണ് പാര്‍ട്ടിക്ക് വേണ്ടത്. ഒരു തവണ മാത്രം മത്സരിപ്പിച്ച് വന്‍ ഭൂരിപക്ഷം നേടി എം.എല്‍.എയായി നാളിതുവരെയായി കാണാത്ത വികസനം നടത്തിയ പാവപ്പെട്ട തന്നെ രണ്ടാമതും മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയാറാകുന്നില്ല. നേതാക്കളായ രണ്ട് പേരാണ് സീറ്റ് നിഷേധിക്കാന്‍ കാരണമായത്. പാര്‍ട്ടി സമ്മേളനത്തിലും തന്നെ ഇവര്‍ വെട്ടി.

നവകേരള സദസ്സിലെ പദ്ധതി നടപ്പാക്കാത്തത് താന്‍ ചോദ്യം ചെയ്ത് വിമര്‍ശിച്ചതിന്റെ പേരിലാണ് തന്നെ ഒറ്റപ്പെടുത്തുന്നത്. പാര്‍ട്ടി ചേര്‍പ്പ്, നാട്ടിക മണ്ഡലം കമ്മിറ്റികളില്‍ ചിലര്‍ തന്നെ തേജോവധം ചെയ്യുകയാണ്. ജില്ല എക്‌സിക്യൂട്ടിവിലും ജില്ല കൗണ്‍സിലിലും രണ്ട് നേതാക്കള്‍ തനിക്ക് നേരെ തിരിഞ്ഞു. ഇവരുടെ പേര് പിന്നീട് വെളിപ്പെടുത്തും. അടുത്ത ദിവസം എം.എല്‍.എ സ്ഥാനവും രാജിവെക്കും.

അതേസമയം, ബി.ജെ.പിയിലേക്ക് താന്‍ പോകുകയോ ഇവരുടെ സ്ഥാനാര്‍ഥിയാകുകയോ ചെയ്യില്ല. നാട്ടികയില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിച്ചാല്‍ താന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കും. താന്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെ 125 ബൂത്തുകളിലെയും ജനങ്ങളോട് ബോധ്യപ്പെടുത്തുമെന്നും മുകുന്ദന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ എം.എല്‍.എ ഓഫിസില്‍ കണ്ടശേഷം മുകുന്ദന്‍ അടച്ചിട്ട മുറിയില്‍ കെ.പി.സി.സി സെക്രട്ടറി ജോസ് വള്ളൂരും കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനുമായും ചര്‍ച്ച നടത്തി. പാര്‍ട്ടി നേതൃത്വം അറിയിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച നടത്തിയതെന്ന് ജോസ് വള്ളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്‍.ഡി.എഫിലെ ജീര്‍ണതയുടെ പ്രകടമായ അടയാളമാണ് മുകുന്ദനെ തഴഞ്ഞതിലൂടെ കണ്ടതെന്ന് ജോസ് വള്ളൂര്‍ കുറ്റപ്പെടുത്തി.

വികസനമുരടിപ്പ് പറഞ്ഞാണ് സീറ്റ് നിഷേധിച്ചത്. നാട്ടികയുടെ വികസനത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും രണ്ടാം തവണ മത്സരിപ്പിക്കാതെ മാറ്റിനിര്‍ത്തുകയായിരുന്നു. തൊഴിലാളിയും ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പാവപ്പെട്ടവനായി കഴിയുന്നതുകൊണ്ടാണ് സീറ്റ് നിഷേധിക്കപ്പെട്ടത്. അതേസമയം, മുകന്ദന്‍ സ്വന്തന്ത്രനായി വന്നാല്‍ യു.ഡി.എഫ് പിന്തുണക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണെന്ന് ജോസ് വള്ളൂര്‍ പറഞ്ഞു.

Tags:    

Similar News