ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്ന 'ശൗചാലയം'; പിണറായിയെ പോലെ ചിന്തിക്കുന്ന മോദിയും; പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നതിന് പിന്നില്‍ കേന്ദ്ര താല്‍പ്പര്യം; ടോയ്‌ലറ്റ് കേസില്‍ കോടതി വിധി നിര്‍ണ്ണായകം

Update: 2025-08-07 02:11 GMT

കൊച്ചി: പെട്രോള്‍ പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതുജനങ്ങള്‍ക്കും ലഭ്യമാക്കണമെന്ന് എണ്ണക്കമ്പനികള്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെടുന്നതിന് കാരണം കേന്ദ്ര സര്‍ക്കാര്‍ നിലപാട്. എല്ലാ പെട്രോള്‍ പമ്പുകളിലും ടോയ്‌ലറ്റുകള്‍ വേണമെന്നും അത് ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന അവസ്ഥയിലാക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം. പരിസര ശുചിത്വം ഉറപ്പിക്കാന്‍ വേണ്ടിയാണ് ഇത്. എന്നാല്‍ പമ്പുടമകള്‍ ഇത് അംഗീകരിക്കുന്നില്ല. ഇതിനിടെയാണ് ഈ കേസില്‍ എണ്ണ കമ്പനികള്‍ നിര്‍ണ്ണായക നിലപാടുമായി എത്തുന്നത്. ഡീലര്‍മാരുമായുള്ള കരാറില്‍ പമ്പുകളിലെ ടോയ്ലെറ്റുകള്‍ പൊതു ശൗചാലയങ്ങളായി കണക്കാക്കണമെന്നു വ്യവസ്ഥയുണ്ടോയെന്ന് മറുപടി സത്യവാങ്മൂലമായി നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

ഡീലര്‍ഷിപ്പ് കരാറില്‍ വ്യവസ്ഥയില്ലെങ്കിലും യാത്രക്കാര്‍ക്ക് ഉപയോഗിക്കാമെന്നാണു വ്യവസ്ഥയെന്ന് എണ്ണക്കമ്പനികള്‍ വിശദീകരിച്ചു. യാത്രക്കാര്‍ എന്നതില്‍ പൊതുജനങ്ങള്‍കൂടി ഉള്‍പ്പെടുമെന്നും വാക്കാല്‍ മറുപടി നല്‍കി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ എണ്ണക്കമ്പനികളോടു കോടതി നിര്‍ദേശിച്ചു. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതു ശൗചാലയങ്ങളെന്നു വ്യവസ്ഥ ചെയ്യുന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരേയാണ് പെട്രോളിയം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പിണറായി സര്‍ക്കാരിന്റെ ഇതേ നയം തന്നെയാണ് ഈ വിഷയത്തില്‍ കേന്ദ്രത്തിന്റേതും. ഇതോടെ എണ്ണ കമ്പനികള്‍ നല്‍കുന്ന സത്യവാങ്മൂലവും അതില്‍ ഹൈക്കോടതിയുടെ അന്തിമ തീരുമാനവും അതിനിര്‍ണ്ണായകമായി മാറും.

പെട്രോള്‍ പമ്പുകളിലെ ടോയ് ലറ്റുകള്‍ പൊതുശൗചാലയങ്ങളാണോ എന്നതില്‍ കൂടുതല്‍ വ്യക്തത തേടുകയാണ് ഹൈക്കോടതി. പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങളെ പബ്ലിക് ടോയ് ലറ്റുകളായി കണക്കാക്കാമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ഒരു വിഭാഗം ഡീലര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്. പെട്രോള്‍ ബങ്കിലെത്തുന്ന യാത്രക്കാരെ മാത്രം ഉദ്ദേശിച്ചാണ് ഇവയെന്ന നിരീക്ഷണത്തോടെ ഹൈക്കോടതി നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ഒരാഴ്ചകൂടി നീട്ടിയാണ് ഹര്‍ജി തുടര്‍ വാദത്തിന് മാറ്റിയത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനാകില്ലെന്നതാമ് ഈ കേസിലെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പമ്പുകളിലെത്തുന്ന ഉപയോക്താക്കള്‍ക്ക് മാത്രമേ ശുചിമുറി ഉപയോഗിക്കാനാകൂവെന്നും കോടതി ഉത്തരവിട്ടിരുന്നു. സ്വകാര്യ പെട്രോള്‍ പമ്പുകളുടെ ശുചിമുറി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു. ഈ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

കോടതി ഉത്തരവ് ദീര്‍ഘദൂര യാത്രികരടക്കമുള്ളവരെ ബാധിക്കും. സംസ്ഥാന സര്‍ക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പമ്പുകളിലെ ടോയ്ലറ്റുകള്‍ പൊതു ടോയ്ലറ്റുകളാക്കി മാറ്റാന്‍ നടത്തിയ ശ്രമങ്ങളെ ചോദ്യം ചെയ്ത് പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫെയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയും മറ്റ് അഞ്ച് പെട്രോളിയം റീട്ടെയിലര്‍മാരും സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സി.എസ്. ഡയസ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ് ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ് ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഹര്‍ജിക്കാരുടെ പെട്രോള്‍ പമ്പുകളുടെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനും നിര്‍ബന്ധിക്കരുതെന്ന് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. സ്വച്ഛ് ഭാരത് മിഷന്റെ കീഴിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനോട് കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.

Tags:    

Similar News