ചുമടിറക്കാന്‍ ഹൈഡ്രോളിക് സംവിധാനം ഉണ്ടായിരിക്കേ തൊഴിലാളി യൂണിയനുകളുടെ അതിക്രമം; കോടതി ഉത്തരവ് ഉണ്ടായിട്ടും അതിക്രമിച്ചു കയറി ലോഡ് ഇറക്കല്‍; വ്യവസായ സൗഹൃദ കേരളത്തില്‍ അടച്ചുപൂട്ടല്‍ ഭീതിയില്‍ വനിതാ സംരംഭകയുടെ സ്ഥാപനം

ചുമടിറക്കാന്‍ ഹൈഡ്രോളിക് സംവിധാനം ഉണ്ടായിരിക്കേ തൊഴിലാളി യൂണിയനുകളുടെ അതിക്രമം

Update: 2025-02-27 06:59 GMT

തിരുവനന്തപുരം: സംസ്ഥാനം വ്യവസായ സൗഹൃദമായി മാറിയെന്ന് സര്‍ക്കാര്‍ വീമ്പിളക്കുമ്പോള്‍ ചുമട്ടുതൊഴിലാളി യൂണിയനികളുടെ നിരന്തര ശല്യം കാരണം അടച്ച് പൂട്ടലിന്റെ ഭീഷണിയിലാണ് വനിതാ സംരംഭകയുടെ ചെറുകിട വ്യവസായ സ്ഥാപനമായ ചെങ്കല്‍ ചൂള. തിരുവനന്തപുരം ജില്ലിയലെ ചെങ്കല്‍ ഗ്രാമ പഞ്ചായത്തിലെ പ്ലാവിലമൂലയില്‍ കഴിഞ്ഞ 10 വര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചു വരുന്ന എ.ടി.കെ വയര്‍ കട്ട് ബ്രിക്‌സ് എന്ന സംരംഭത്തിനാണ് ദുരവസ്ഥ. യൂണിയനികളുടെ ഇടപെടല്‍ പതിവായതോടെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സ്ഥാപനത്തിന്റെ ഉടമ. ചുമട്ട് തൊഴിലാളികള്‍ അതിക്രമിച്ച് കയറി ലോറിയില്‍ നിന്നും ലോഡ് ഇറക്കിയെന്നാണ് പാറശാല പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

ഐഎന്‍ടിയുസി യൂണിയനെതിരെയാണ് ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്. 25 ഓളം പേര്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ഉറപ്പാക്കുന്ന ഈ സ്ഥാപനം നേരിടുന്ന പ്രശ്‌നങ്ങള്‍ സംസ്ഥാനത്തിലെ ഒട്ടു മിക്ക സംരംഭങ്ങളുടെയും കൂടിയാണ്. കോടതിയുടെ ഉത്തരവ് പോലും മാനിക്കാതെയാണ് ചുമട്ടുതൊഴിലാളി യൂണിയനികളുടെ ഗുണ്ടായിസം. സ്ഥാപനം തുടങ്ങിയത് മുതല്‍ വിവിധ യൂണിയനിലുള്ള തൊഴിലാളികളുടെ അതിക്രമം നേരിടുന്നതായാണ് ഉടമ പറയുന്നത്.

ഇന്നലെയും ഐഎന്‍ടിയുസി യൂണിയന്‍ തൊഴിലാളികള്‍ സ്ഥാപനത്തില്‍ അതിക്രമിച്ച് കയറിയതായാണ് ആരോപണം. ഹൈഡ്രോളിക് സംവിധാനമുള്ള ലോറിയാണ് സ്ഥാപനത്തിലുള്ളത്. ഇതില്‍ നിന്നും ലോഡ് ഇറക്കാന്‍ ചുമട്ടു തൊഴിലാളികളുടെ ആവശ്യമില്ല. എന്നാല്‍ ചുമട്ടു തൊഴിലാളികള്‍ അതിക്രമിച്ച് കയറി ലോഡ് ഇറക്കുകയും, സ്ഥാപനത്തിലെ തോഴിലാളികളെയും, ഉടമയെയും ഭീക്ഷണി പെടുത്തിയതായും പരാതിയില്‍ പറയുന്നു. കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ചുമട്ട്‌തൊഴിലാളികളുടെ അതിക്രമം.

ഫെബ്രുവരി 21നാണ് സംരംഭകയ്ക്കും സ്ഥാപനത്തിനും സംരക്ഷണം നല്‍കണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പാറശാല എസ്.എച്ച്.ഒ യ്ക്ക് കൈമാറിയതായും പരാതിക്കാരന്‍ പറയുന്നു. വിഷയത്തില്‍ എതിര്‍കക്ഷികള്‍ക്ക് കോടതി നോട്ടീസും അയച്ചിരുന്നു. ഈ കോടതി ഉത്തരവിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഇന്നലെ വീണ്ടും ഉപദ്രവമുണ്ടായതെന്ന് പരാതിയില്‍ പറയുന്നത്.

ഹൈഡ്രോളിക് സംവിധാനമുള്ള ട്രക്കില്‍ നിന്നും താനെ ഇറക്കാന്‍ കഴിയുമ്പോഴാണ് ചുമട്ടുതൊഴിലാളികള്‍ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയത്. തൊഴില്‍ നിയമ ചട്ടപ്രകാരം ചുമട്ടു തൊഴിലാളികളുടെ പരിധിയില്‍ വരുന്ന സ്ഥാപനമല്ല തന്റേതെന്നും ഉടമ പറയുന്നു. ഇന്നലെ വൈകിട്ട് 4.45 ഓടെയാണ് ചുമട്ട് തൊഴിലാളികള്‍ ഭീഷണിയുമായി സ്ഥാപനത്തില്‍ വീണ്ടും എത്തുന്നത്.

മില്ലില്‍ കൊണ്ട് പോയി മുറിക്കാനുള്ള തടികള്‍ ഇവര്‍ അതിക്രമിച്ച് കയറി ഇറക്കുകയായിരുന്നു. ഇതിന്റെ കൂലി ആവശ്യപ്പെടുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിന്റെ രേഖകളുമായാണ് ഉടമ പാറശാല പോലീസ് സ്റ്റേഷനില്‍ എത്തിയതെങ്കിലും സ്ഥാപനം നടത്തിപ്പുക്കാരോട് ചുമട്ടുതൊഴിലാളികളുമായിട്ട് സഹകരിച്ച് പോകാനാണ് പൊലീസ് നിര്‍ദ്ദേശിച്ചതെന്നും ആരോപണമുണ്ട്.

Tags:    

Similar News