ബദലുക്ക് ബദല്‍; അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന; സോയാബീന്‍സും ബീഫും അടക്കമുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനവും; ട്രംപിന്റെ മര്‍ക്കട മുഷ്ടിയില്‍ തുറന്നുവിട്ടിരിക്കുന്നത് വ്യാപാര യുദ്ധം; ആശങ്കയോടെ അമേരിക്കന്‍ കര്‍ഷകര്‍; വിപണിയില്‍ തിരിച്ചടി

അമേരിക്കയുടെ കോഴിയിറച്ചിക്കും ഗോതമ്പിനും ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തി ചൈന

Update: 2025-03-04 10:10 GMT

ബീജിങ്: അമേരിക്ക അടിച്ചേല്‍പ്പിച്ച തീരുവകള്‍ക്ക് ബദലായി തീരുവ ചുമത്തി ചൈന. യുഎസിന്റെ വിവിധ കാര്‍ഷിക, ഭക്ഷ്യ ഉത്പന്നങ്ങള്‍ക്കാണ് തീരുവ ചുമത്തിയത്. മാര്‍ച്ച് 10 മുതല്‍ നിലവില്‍ വരും.

10 ശതമാനം ബദല്‍ താരിഫ് ചുമത്തിയ യുഎസ് ഉത്പന്നങ്ങളില്‍ സോയാബീന്‍സ്, സോര്‍ഗം, ബീഫ്, മത്സ്യ ഉത്പന്നങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, കോഴിയിറച്ചിക്കും, ഗോതമ്പിനും, ചോളത്തിനും പരുത്തിക്കും 15 ശതമാനം തീരുവ ചുമത്തിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. താരിഫുകള്‍ക്കൊപ്പം 25 യുഎസ് സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി, നിക്ഷേപ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി. ചൈനീസ് ഉത്പന്നങ്ങള്‍ക്ക് ചൊവ്വാഴ്ച മുതല്‍ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമായി തീരുവ ഇരട്ടിപ്പിക്കുകയും, കാനഡയ്ക്കും, മെക്‌സികോയ്ക്കും മേല്‍ 25 ശതമാനം തീരുവ ചുമത്തുകയും ചെയ്തതിന് പിന്നാലെയാണ് ചൈനയുടെ തിരിച്ചടി. ഇതോടെ, ആഗോളതലത്തില്‍ വലിയ വ്യാപാര യുദ്ധത്തിനാണ് ട്രംപ് തുടക്കമിട്ടിരിക്കുന്നത്.

കഴിഞ്ഞാഴ്ചയാണ് ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ ട്രംപ് ചുമത്തിയത്. ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നുവെന്ന് മാത്രം. 107 ബില്യന്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉത്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തി കാനഡ ബദല്‍ നടപടി സ്വീകരിച്ചതിന് പിന്നാലെയാണ് ചൈനയുടെ നീക്കം. ട്രംപ് ഭരണകൂടം തീരുവ ചുമത്തല്‍ തീരുമാനവുമായി മുന്നോട്ടുപോയാല്‍ 30 ബില്യന്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുളള യുഎസ് ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. 125 ബില്യന്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുളള യുഎസ് ഉത്പന്നങ്ങള്‍ക്ക് 21 ദിവസത്തിനകം തീരുവ ചുമത്തുമെന്നും ട്രൂഡോ അറിയിച്ചിരുന്നു.

അതേസമയം, യുഎസ് തീരുവ ചുമത്തിയാല്‍, തങ്ങള്‍ക്ക് പ്ലാന്‍ ബി, സി,ഡി ഉണ്ടെന്ന് മെക്‌സികോ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം തിങ്കളാഴ്ച പറഞ്ഞിരുന്നു.

പകരം വയ്ക്കാന്‍ ആകാത്ത ചൈനീസ് വിപണി

2024 ല്‍ ചൈന 29.25 ബില്യന്‍ മൂല്യമുള്ള അമേരിക്കന്‍ കാര്‍ഷികോത്പന്നങ്ങള്‍ വാങ്ങിയിരുന്നു. 2023 നെ അപേക്ഷിച്ച് 14 ശതമാനത്തിന്റെ കുറവ്. 2018 മുതലാണ് വാങ്ങല്‍ തോത് കുറയാന്‍ തുടങ്ങിയത്. യുഎസിന്റെ മുഖ്യ കാര്‍ഷിക കയറ്റുമതി ഉത്പന്നങ്ങളായ സോയാബീന്‍സ്, ബീഫ്, പോര്‍ക്, ഗോതമ്പ്, ചോളം, സോര്‍ഹം എന്നിവയ്ക്ക് 2018 ല്‍ ബീജിങ് 25 ശതമാനം വരെ താരിഫ് ചുമത്തിയിരുന്നു. അന്നുമുതല്‍ ചൈന തങ്ങളുടെ വിതരണക്കാരെ കൂടുതല്‍ വിപുലമാക്കാന്‍ തുടങ്ങി. ബ്രസീലില്‍ നിന്നുള്ള ഇറക്കുമതി കൂട്ടുകയും, സ്വന്തം ഭക്ഷ്യോത്പാദനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുകയും ചെയ്തു. എന്നിരുന്നാലും അമേരിക്കയാണ് ചൈനയുടെ ഏറ്റവും വലിയ കാര്‍ഷികോത്പന്ന വിതരണ രാജ്യം. അമേരിക്കന്‍ കര്‍ഷക നേതാക്കളും വ്യാപാരികളും ചൈനയെ മുഖ്യ വിപണിയായി കണക്കാക്കുന്നു. സോയാബീന്‍സാണ് ചൈനയില്‍ നിന്ന് ഏറ്റവും അധികം കയറ്റുമതി ചെയ്യുന്ന കാര്‍ഷികോത്പന്നം. എന്നാല്‍, അടുത്തകാലത്തായി ചൈന ബ്രസീലിനെ വില കുറഞ്ഞ ഉത്പന്നങ്ങള്‍ക്കായി ആശ്രയിക്കുകയും, അമേരിക്കയുടെ മേലുള്ള ആശ്രിതത്വം കുറയ്ക്കുകയും ചെയ്തു.

Tags:    

Similar News