ഭ്രാന്തമായ അവസ്ഥയിൽ ഡ്രൈവർമാർ; ചുട്ടുപൊള്ളിയ കാറുകളിലെ റേഡിയേറ്ററിൽ തണുത്ത വെള്ളം ഒഴിക്കുന്ന കാഴ്ച; ചിലർ പാട്ടുകൾ കേട്ടും സംസാരിച്ചിരുന്നും നേരംപോക്ക്; എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്; എല്ലാത്തിനും കാരണം ആ തടി ലോറി; 15 മണിക്കൂർ പിന്നിട്ട് സംഭവിക്കുന്നത്

Update: 2025-08-16 09:57 GMT

തൃശൂർ: ദേശീയപാതയിലെ മറുവശത്ത് നോക്കുമ്പോൾ കാണുന്നത് ഭ്രാന്തമായ അവസ്ഥയിലിരിക്കുന്ന ഡ്രൈവർമാരെ യാണ്. അത്രയ്ക്കും ഗതികെട്ട അവസ്ഥ. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ അനുഭവപ്പെടുന്നത് രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതോടെ തലയിൽ കൈവച്ചിരിക്കുകയാണ് യാത്രക്കാർ.

മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ദുരിതത്തിലായി. 15 മണിക്കൂറിലേറെയായി ഈ പാതയിൽ വാഹനങ്ങൾ വരിവരിയായി കിടക്കുകയാണ്. ദൂരയാത്ര ചെയ്യുന്ന ചരക്കുവാഹനങ്ങൾ മുതൽ ആശുപത്രി, വിവാഹം, മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ വരെ യാത്രാ ദുരിതത്തിലായിരിക്കുകയാണ്. രോഗികൾക്കും ബ്ലോക്കിൽ ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി മുരിങ്ങൂരിലെ അടിപ്പാത നിർമാണ സ്ഥലത്ത് മരം കയറ്റിവന്ന ലോറി കുഴിയിൽ വീണ് മറിഞ്ഞതാണ് ഗതാഗതക്കുരുക്കിന് കാരണമായത്. ലോറിയിൽ നിന്നു റോഡിലേക്ക് വീണ തടിക്കഷണങ്ങൾ മാറ്റിയ ശേഷമാണ് ഒരു പരിധി വരെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിഞ്ഞത്. പട്ടാമ്പിയിൽ നിന്നു പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്നവർക്ക് കാര്യമായ പരിക്കുകളില്ല.

ലോറി അപകടത്തെത്തുടർന്നു ആദ്യം ഗതാഗതതടസ്സം പുനഃസ്ഥാപിച്ചെങ്കിലും പിന്നീട് വീണ്ടും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയായിരുന്നു. ചാലക്കുടി മുതൽ എറണാകുളം ഭാഗത്തേക്കുള്ള റോഡിലാണ് ഈ ദുരിതം കനത്തത്. റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിർമാണ സ്ഥലങ്ങളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കാത്തതും ഗതാഗതക്കുരുക്ക് വർദ്ധിപ്പിക്കാൻ കാരണമായി.

മേൽപ്പാത, അടിപ്പാത നിർമാണങ്ങൾ പുരോഗമിക്കുന്നതിനാൽ നിലവിൽ യാത്രികർ സർവീസ് റോഡുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, ഈ സർവീസ് റോഡുകളുടെ ശോചനീയാവസ്ഥയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുന്നുണ്ട്. ദേശീയപാതയിലെ ഈ സ്ഥിതിഗതികൾ യാത്രാ തടസ്സത്തിന് പുറമെ സമീപ പ്രദേശങ്ങളിലെ ജനജീവിതത്തെയും കാര്യമായി ബാധിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം, മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയാണെന്ന് ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ്. ദേശീയപാത അതോറിറ്റി ആറു മാസത്തിലേറെയായി ചാലക്കുടിയിലെ ജനങ്ങളെ ബന്ദികളാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ കടുത്ത ദുരിതത്തിലാണെന്നും, ഇത് കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതിയും സുപ്രീം കോടതിയും ഉൾപ്പെടെയുള്ള ഉന്നത കോടതികൾ വിഷയത്തിൽ ഇടപെട്ടിട്ടും ദേശീയപാത അതോറിറ്റി യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് എം.എൽ.എ ആരോപിച്ചു. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News