ലയണ്‍ കിംഗ് കണ്ട് മടങ്ങവേ വിധി തട്ടിയെടുത്തത് ഒരു കുടുംബത്തെയാകെ; മാതാപിതാക്കളും സഹോദരനും കണ്മുന്നില്‍ പൊലിഞ്ഞു; സ്‌പെയിനെ കണ്ണീരിലാഴ്ത്തിയ ആ ട്രെയിന്‍ ദുരന്തത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ട ആറുവയസ്സുകാരി ലോകത്തിന്റെ നൊമ്പരമാകുന്നു
ലയണ്‍ കിംഗ് കണ്ട് മടങ്ങവേ വിധി തട്ടിയെടുത്തത് ഒരു കുടുംബത്തെയാകെ
മാഡ്രിഡ്: സ്പെയിനില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ട്രെയിനപകടത്തില്‍ മരിച്ചവരുടെ എണ്ണം നാല്‍പ്പത് കഴിഞ്ഞു. അപകടത്തില്‍ ഏറ്റവും വലിയ ദുഖമായി മാറിയിരിക്കുന്നത് ഒരു ആറ് വയസുകാരിക്കുണ്ടായ ദുര്യോഗമാണ്. ഈ കുട്ടിക്ക് മാതാപിതാക്കളേയും സഹോദരനേയും അടുത്ത ബന്ധുവിനെയുമാണ് അപകടത്തില്‍ നഷ്ടമായത്. ഈ പെണ്‍കുട്ടിയും അപകടത്തില്‍ മരിച്ചു എന്നാണ് അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും കരുതിയിരുന്നത്.
കോര്‍ഡോബ നഗരത്തിനടുത്തുള്ള ആദമുസില്‍ ഞായറാഴ്ചയാണ് ഒരു ട്രെയിന്‍ പാളം തെറ്റി മറ്റൊരു ട്രാക്കിലേക്ക് കടന്നു കയറിയത്. ആദ്യം 21 പേര്‍ കൊല്ലപ്പെട്ടു എന്നാണ് അധികൃതര്‍ അറിയിച്ചിരുന്നത് എങ്കിലും പിന്നീട് മരണസംഖ്യ നാല്‍പ്പതായി ഉയര്‍ന്നതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചത്. എന്നാല്‍ അപകടത്തില്‍ കൃത്യമായി എത്ര പേരാണ് മരിച്ചത് എന്നറിയാന്‍ ഇനിയും സമയമെടുക്കും എന്നാണ് കരുതപ്പെടുന്നത്.
അതേസമയം അപകടത്തില്‍ രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ സഹോദരനെ ആശുപത്രിയില്‍ കണ്ടെത്തിയതായി കുടുംബവും പട്ടണത്തിന്റെ മേയറും നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മേയര്‍ തന്നെയാണ് അവളുടെ അച്ഛനമ്മമാരും സഹോദരനും മരിച്ചതായി സ്ഥിരീകരിച്ചത്. ജോസ് സമോറാനോ, ക്രിസ്റ്റീന അല്‍വാരസ് എന്നിങ്ങനെയാണ് ദമ്പതികളുടെ പേര്. 12 വയസ്സുള്ള മകന്‍ പെപ്പെ സമോറാനോ, കസിന്‍ ഫെലിക്സ് സമോറാനോ എന്നിവരും അപകടത്തില്‍ മരിച്ചത്.
ലയണ്‍ കിംഗ് മ്യൂസിക്കല്‍ കാണാന്‍ പോയി തലസ്ഥാനത്ത് നിന്ന് മടങ്ങുകയായിരുന്നു കുടുംബം. രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ പേര് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. പരിക്കേറ്റ പെണ്‍കുട്ടിയുടെ തലയ്ക്ക് മൂന്ന് തുന്നലുകള്‍ ഇടേണ്ടിവന്നതിനെത്തുടര്‍ന്ന് ആറ് വയസ്സുള്ള പെണ്‍കുട്ടി ഇപ്പോള്‍ കോര്‍ഡോബയിലെ ഒരു ഹോട്ടലില്‍ മുത്തശ്ശിയോടൊപ്പം കഴിയുകയാണ്. മരിച്ചവരോടുള്ള ആദരസൂചകമായി മുനിസിപ്പല്‍ കെട്ടിടങ്ങളില്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാനും എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.