സ്റ്റാര്‍ലൈനറിന് തകരാറ് സംഭവിച്ച ദിവസം ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്; ത്രസ്റ്ററുകള്‍ നഷ്ടമായതോടെ ബഹിരാകാശ നിലയത്തിലേക്ക് എത്തുമോ എന്നു പോലും ആശങ്കപ്പെട്ടു; സുനിതാ വില്യംസും വില്‍മോറും ബഹിരാകാശ യാത്രയിലെ ഭയപ്പെടുത്തിയ കാര്യങ്ങള്‍ തുറന്നു പറയുന്നു

സ്റ്റാര്‍ലൈനറിന് തകരാറ് സംഭവിച്ച ദിവസം ജീവിതം തന്നെ നഷ്ടപ്പെട്ടുവെന്നാണ് കരുതിയത്

Update: 2025-04-04 07:30 GMT

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിപ്പോയ ബഹിരാകാശ സഞ്ചാരികളായ സുനിതാ വില്യംസും ബുച്ച് വില്‍മോറും തങ്ങള്‍ അവിടെ നേരിടേണ്ടി വന്ന ഭീകരാനുഭവങ്ങള്‍ ഇപ്പോള്‍ പുറത്തു വിടുകയാണ്. ഇവരുടെ സ്റ്റാര്‍ലൈനറിന് തകരാറ് സംഭവിച്ച ദിവസം ജീവിതം തന്നെ നഷ്ടപ്പെട്ടു എന്നാണ് കരുതിയത് എന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായി ബഹിരാകാശത്ത് എത്തിയ ഇരുവരും ബഹിരാകാശ വാഹനത്തിന് തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് 268 ദിവസാണ് അവിടെ കഴിയേണ്ടി വന്നത്.

ബഹിരാകാശത്ത് നിന്ന് തിരിച്ചെത്തിയതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കണ്ട ഇരുവരും തങ്ങളുടെ ബഹിരാകാശ വാഹനം ആദ്യം മുതല്‍ തന്നെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി വെളിപ്പെടുത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിരവധി പ്രതിസന്ധികള്‍ തങ്ങള്‍ നേരിട്ടു എന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. വില്‍മോര്‍ ബഹിരാകാശ വാഹനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനുശേഷം അവര്‍ക്ക് നാല് ത്രസ്റ്ററുകള്‍ നഷ്ടപ്പെട്ടതായി സുനിതാ വില്യംസ് വെളിപ്പെടുത്തി.

അതോടൊപ്പം വാഹനത്തെ സുരക്ഷിതമായി നയിക്കാനുള്ള കഴിവും നഷ്ടപ്പെട്ടതായും അവര്‍ ഓര്‍മ്മിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തൊട്ടടുത്താണ് തങ്ങള്‍ ഉണ്ടായിരുന്നതെങ്കിലും അവിടേക്ക് എത്താന്‍ കഴിയാത്ത വിധം ബഹിരാകാശ വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണമായി നഷ്ടപ്പെട്ടിരുന്നു. ആ ഘട്ടത്തില്‍ ഭൂമിയിലേക്ക് മടങ്ങാന്‍ കഴിയുമോ എന്ന ആശങ്ക തനിക്ക് ഉണ്ടായിരുന്നു എന്നാണ് വില്‍മോര്‍ വ്യക്തമാക്കുന്നത്. ഒരു മടങ്ങിവരവ് അസാധ്യമാണ് എന്ന് പോലും കരുതിപ്പോയ നിമിഷങ്ങളും ഉണ്ടായിരുന്നു.

ഈ അപകടകരമായ സാഹചര്യം നേരിടുമ്പോള്‍, ഭൂമിയിലേക്ക് തിരികെ മടങ്ങാന്‍ ശ്രമിക്കുന്നതാണോ അതോ അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനില്‍ ഡോക്ക് ചെയ്യാന്‍ ശ്രമിക്കുന്നതാണോ കൂടുതല്‍ അപകടകരമെന്ന് തീരുമാനിക്കേണ്ടി വന്നതായി വില്‍മോര്‍ വ്യക്തമാക്കി. ബഹികാരാശ വാഹനത്തിനുള്ളില്‍ പല കാര്യങ്ങളെ കുറിച്ചും നിശബ്ദമായി ആശയവിനിമയം നടത്തേണ്ടി വന്നതായി സുനിതാ വില്യംസും പറഞ്ഞു. യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്നും ത്രസ്റ്ററുകള്‍ എന്തിനാണ് വീഴുന്നതെന്നും ഇതിന് പരിഹാരം എന്താണെന്നും ഇരുവര്‍ക്കും അറിയില്ലായിരുന്നു.

ത്രസ്റ്ററുകള്‍ വീണതിന് ശേഷം ഭൂമിയിലേക്ക് മടങ്ങി വരാന്‍ തനിക്ക് കഴിയുമായിരുന്നോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ലായിരുന്നതായും വില്‍മോര്‍ വെളിപ്പെടുത്തി. തങ്ങള്‍ രണ്ട് പേരും ഈ നിമിഷങ്ങളില്‍ അല്‍പ്പം പരിഭ്രാന്തരായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ നാസയ്ക്ക് ത്രസ്റ്ററുകള്‍ റീബൂട്ട് ചെയ്യാന്‍ കഴിഞ്ഞത് ഏറെ സഹായകരമായി എന്നാണ് ഇരുവരും പറയുന്നത്. അതിന് മുമ്പ് താനും സുനിതാ വില്യംസും ബഹിരാകാശത്ത് പൊങ്ങിക്കിടക്കാന്‍ നിര്‍ബന്ധിതരായിരുന്നു എന്നാണ് വില്‍മോര്‍ പറയുന്നത്.

ത്രസ്റ്ററുകള്‍ റീബൂട്ട് ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒടുവില്‍ ത്രസ്റ്ററുകള്‍ ഓണ്‍ലൈനില്‍ വന്ന നിമിഷത്തെ സൂപ്പര്‍ ഹാപ്പി എന്നാണ് സുനിതാ വില്യംസ് വിശേഷിപ്പിക്കുന്നത്.

Tags:    

Similar News