കാലിക്കടത്തുമുതല്‍ ചിട്ടിതട്ടിപ്പും കല്‍ക്കരി കുംഭകോണവും വരെ ആരോപിതനായ ബംഗാളിലെ മിസ്റ്റര്‍ മരുമകന്‍; ബംഗാളിലെ മന്നാര്‍ഗുഡി മാഫിയ ഒടുവില്‍ മമതയുമായി അടിച്ചുപിരിയുന്നു; ഫണ്ട് റെയ്സര്‍ അഭിഷേക് ബാനര്‍ജി പാര്‍ട്ടി പിളര്‍ത്തുമെന്ന് സംശയം; തൃണമൂലിലെ തിരയിളക്കങ്ങളില്‍ പ്രതീക്ഷയോടെ ബിജെപി

മമത-അഭിഷേക് ഭിന്നതയില്‍ പ്രതീക്ഷ അര്‍പ്പിച്ച് ബിജെപി

Update: 2025-01-07 16:52 GMT

രുത്തി വസ്ത്രങ്ങള്‍ മാത്രം ധരിച്ച്, ചെരുപ്പിടാതെ നടക്കുന്ന, ലാളിത്യത്തിന്റെ പ്രതീകമായ, അവിവാഹിതയായ, സ്വജനപക്ഷപാതിത്വമില്ലാത്ത അഴിമതി വിരുദ്ധ നേതാവ് എന്നായിരുന്നു, അധികാരത്തിലേറും വരെ പശ്്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ഇമേജ്. സിപിഎമ്മിന്റെ മൂന്നരപതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തെ കടപുഴക്കാന്‍ അവര്‍ക്ക് കഴിഞ്ഞതിലും ഈ അഴിമതിവിരുദ്ധ പ്രതിച്ഛായ വലിയ പങ്കുവഹിച്ചു. പക്ഷേ മക്കളിലെങ്കിലും മമതയുടെ ഭരണത്തിലും മക്കള്‍ രാഷ്ട്രീയം കടന്നുവന്നു. മരുമകന്‍ അഭിഷേക് ബാനര്‍ജി, മമതക്ക് മകന് സമാനമായിരുന്നു. ആ ബന്ധം വെച്ച് പുള്ളി നന്നായി കട്ടുമുടിക്കാന്‍ തുടങ്ങി. അഭിഷേകിനും ഭാര്യക്കും കമ്മീഷന്‍ കൊടുക്കാതെ ഒരു പെട്ടിക്കട പോലും തുടങ്ങാന്‍ കഴിയില്ല എന്ന അവസ്ഥയായി ബംഗാളില്‍.

തൃണമൂലിന്റെ ഫണ്ട് റെയ്സര്‍ കൂടിയായിരുന്നു അഭിഷേക്. ഭാവിയില്‍ മമത സഥാനം ഒഴിയുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയും ഈ മിസ്റ്റര്‍ മരുമകന്‍ തന്നെയാണെന്ന് ഏതാണ്ട് ഉറപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ മമതയും മരുമകനും അടിച്ചു പിരിയുന്ന എന്ന വാര്‍ത്തകളാണ് ബംഗാളി മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത്. അഭിഷേക് പാര്‍ട്ടി പിളര്‍ത്തുമെന്നുവരെ സുചനകള്‍ വരുന്നുണ്ട്. ഇതോടെ, പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും, ബംഗാളില്‍ ഭരണം പിടിക്കാന്‍ കഴിയാത്ത ബിജെപിയുടെ മനസ്സിലും ലഡ്ഡുപൊട്ടുകയാണ്. അഭിഷേകിനെ ബിജെപി റാഞ്ചുമെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

ബലാത്സംഗക്കൊലയില്‍ ഉടക്ക്

മമത ബാനര്‍ജിയ്ക്കും അഭിഷേക് ബാനര്‍ജിയും തമ്മില്‍ തെറ്റാനുണ്ടായ പ്രത്യക്ഷകാരണം, കൊല്‍ക്കത്തയിലെ വിവാദമായ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ ബലാത്സംഗക്കൊലയാണ്. ഈ സംഭവത്തില്‍ പാര്‍ട്ടിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച ഗായകരെ ബഹിഷ്‌കരിക്കാനുള്ള തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ ആഹ്വാനം അഭിഷേക് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

ഒരു നിര്‍ണായക വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാടെടുത്തതിന്റെ പേരില്‍ ആര്‍ട്ടിസ്റ്റുകളെ ബഹിഷ്‌കരിക്കുന്ന തരത്തിലുള്ള പാര്‍ട്ടിയുടെ ഈ നീക്കത്തെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ അഭിഷേക് പ്രകടിപ്പിച്ചു. കലാകാരന്മാര്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോള്‍ പക്ഷം ചേരാന്‍ ആവശ്യപ്പെടുകയോ, ഭീഷണിപ്പെടുത്തുകയോ പാടില്ലെന്നും സര്‍ക്കാരിന്റെ പക്ഷം പിടിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും അഭിഷേക് പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് മമത ബാനര്‍ജിയോ താനോ ഔദ്യോഗിക അറിയിപ്പൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

'പാര്‍ട്ടിക്കുവേണ്ടി ആരെങ്കിലും ഇത് പറഞ്ഞോ? നിങ്ങള്‍ എന്തെങ്കിലും അറിയിപ്പുകള്‍ കണ്ടിട്ടുണ്ടോ? എവിടെ, ആരുടെ കൂടെ, എപ്പോള്‍ പാടണം എന്ന് തീരുമാനിക്കാന്‍ ആരെയും നിര്‍ബന്ധിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്,''വ്യക്തിസ്വാതന്ത്ര്യത്തിന് ആഹ്വാനം ചെയ്തു കൊണ്ട് അഭിഷേക് ബാനര്‍ജി ഇക്കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു കൊണ്ടേയിരുന്നു. ഇതാണ് ശരിക്കും മമതയെ ചൊടിപ്പച്ചത് എന്നാണ് പറയുന്നത്.

അഭിഷേകിന്റെ പരാമര്‍ശത്തിന് പിന്നാലെ ടിഎംസിയുടെ മുതിര്‍ന്ന വക്താവ് കുനാല്‍ ഘോഷ് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പ്രതികരണം മമതയുടെ നിലപാടിന്റെ വിളിച്ചോതല്‍ കൂടിയായിരുന്നു. ടിഎംസി പ്രവര്‍ത്തകരുടെ മനസാക്ഷിയാണ് ഇക്കാര്യത്തില്‍ തീരുമാനിക്കുകയെന്നും മമതാ ബാനര്‍ജി എന്ത് പറഞ്ഞാലും അത് വിഷയത്തില്‍ അന്തിമ വാക്ക് ആയിരിക്കുമെന്ന് ഘോഷ് വ്യക്തമാക്കി. ഘോഷിന്റെ പ്രസ്താവന മമത ബാനര്‍ജിയുടെ കഴിഞ്ഞ മാസത്തെ പ്രതികരണവുമായി ചേര്‍ന്ന് പോകുന്നതായിരുന്നു. പാര്‍ട്ടി കാര്യങ്ങളില്‍ 'അവസാന വാക്ക്'' തനിക്കാണെന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. ഇതോടെ ശീതസമരം രൂക്ഷമായി. ഇപ്പോള്‍ അഭിഷേകിനെ അനുകൂലിക്കുന്ന മന്ത്രിമാരെപ്പോലും മുഖ്യമന്ത്രി നിരീക്ഷിക്കയാണ്. അവര്‍ക്ക് കാര്യമായ ഒരു പണിയും കൊടുക്കുന്നുമില്ലെന്നാണ് ബംഗാള്‍ മീഡിയ പറയുന്നത്. പക്ഷേ യഥാര്‍ത്ഥകാരണം ഇതല്ല പണം ആണെന്നാണ് പ്രചാരണം. മമതയെ മുന്നില്‍നിര്‍ത്തി ശതകോടികളാണ് മരുമകന്‍ സമ്പാദിച്ച് കൂട്ടിയത്. ഇതേചൊല്ലിയുള്ള തകര്‍ക്കാമണ് യഥാര്‍ത്ഥ വിഷയമെന്നും ആരോപണമുണ്ട്.




 കുംഭകോണങ്ങളുടെ രാജാവ്

ബംഗാളിലെ സഞ്ജയ് ഗാന്ധി, രണ്ടാം ചന്ദന്‍ ബസു എന്ന കുപ്രസിദ്ധിയുള്ള ആളാണ് അഭിഷേക്. ജ്യോതി ബസു ഭരണത്തില്‍ മകന്‍ ചന്ദന്‍ബസു കോടികള്‍ ഉണ്ടാക്കിയത് ചൂണ്ടിക്കാട്ടിയാണ്, രണ്ടാം ചന്ദന്‍ബസുവെന്ന് വിമര്‍ശകര്‍ കളിയാക്കുന്നുന്നത്. ത്രിണമൂലിന്റെ ഗുണ്ടാ പ്രവര്‍ത്തനങ്ങളുടെയും നേതൃത്വം ഈ 38കാരനായ തീപ്പൊരി പ്രാസംഗികന് മാധ്യമങ്ങള്‍ കല്‍പ്പിച്ചുകൊടുക്കുന്നുണ്ട്.

ചുക്കില്ലാത്ത കഷായമില്ല, എന്ന പറഞ്ഞതുപോലെ അഭിഷേക് ബാനര്‍ജിയില്ലാത്ത തട്ടിപ്പുകേസുകള്‍ ബംഗാളിലില്ല എന്ന അവസ്ഥ വന്നിരിക്കയാണ്. കാലിക്കടത്തുമുതല്‍ കല്‍ക്കരി കുംഭകോണത്തില്‍വരെ ആരോപിതനായി. ബംഗാളിലെ ആയിരത്തോളം ഗ്രാമങ്ങളെ പാപ്പരാക്കിയ ശാരദ ചിട്ടി തട്ടിപ്പിലെ പ്രതികളെ രക്ഷിച്ചുവെന്നും അഭിഷേകിനെതിരെ ആരോപണം ഉയര്‍ന്നു. ഇതെല്ലാം കൊണ്ടായിരിക്കാം, മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായ തന്റെ മരുകനെ ഒരു കൈയലത്ത് വെച്ചിരിക്കയാണ്. നേരത്തെ മമത കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ രണ്ടാമന്‍ എന്ന നിലയിലായിരുന്ന അഭിഷേകിന്റെ വളര്‍ച്ച്. ഒന്നും രണ്ടുമല്ല 9 ഇ ഡികേസുകളാണ് ഇദ്ദേഹത്തിനെതിരെയുള്ളത്.

മമതയെപ്പോലെ പടിപടിയായി കയറിവന്ന ഒരു രാഷ്ട്രീയ ജീവിതമല്ല അഭിഷേകിന്റെത്്. മമതയുടെ അനന്തരവന്‍ എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍െ യോഗ്യത. 1987 നവംബര്‍ 7ന് കൊല്‍ക്കത്തയിലാണ് അദ്ദേഹം ജനിച്ചത്. 34 വര്‍ഷത്തെ ഇടതുമുന്നണി ഭരണത്തെ നിഷ്‌ക്കാസനം ചെയ്ത് മമത ബംഗാളില്‍ അധികാരം പിടിച്ച 2011- ലാണ് അഭിഷേക് ബാനര്‍ജി എന്ന പേര് പുറംലോകം അറിയുന്നത്. ആവര്‍ഷം തന്നെ അഖിലേന്ത്യാ തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷനായി അഭിഷേക് തിരഞ്ഞെടുക്കപ്പെട്ടു. എത്രപെട്ടന്നാണ് വളര്‍ച്ചയെന്ന് നോക്കുക.

പക്ഷേ ഇപ്പോള്‍ അഭിഷേകിന്റെ പുതിയ ചരിത്രം തൃണമൂലുകാര്‍ പറഞ്ഞ് ഉണ്ടാക്കുന്നുണ്ട്. കോളജില്‍ പഠിക്കുമ്പോള്‍ തന്നെ അയാള്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ ആയിരുന്നെന്ന്. പക്ഷേ ഇത് വ്യാജമാണെന്നാണ് ദ ടെലഗ്രാഫ് പോലുള്ള മാധ്യമങ്ങള്‍ പറയുന്നത്. അഭിഷേക് ജനിച്ചതും വളര്‍ന്നതും കൊല്‍ക്കത്തയിലാണ്. കൊല്‍ക്കത്തയിലെ നവ നളന്ദ ഹൈസ്‌കൂളിലും എംപി ബിര്‍ള ഫൗണ്ടേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും പഠിച്ചു. പിന്നീട് അദ്ദേഹം ഡല്‍ഹിയിലേക്ക് മാറി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റില്‍, 2009-ല്‍ ഹ്യൂമന്‍ റിസോഴ്‌സ് ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ ബിബിഎയും എംബിഎയും പഠിച്ചു. 2012-ല്‍ അദ്ദേഹം തായ് സ്വദേശിയായ റുജിറയെ വിവാഹം കഴിച്ചു. അവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇപ്പോള്‍ ഈ റുജിറയുടെ ബിസിനസ് ബന്ധങ്ങളും വിവാദമായിട്ടുണ്ട്. അഭിഷേകിനെ നിയന്ത്രിക്കുന്നതുപോലും ഭാര്യയാണെന്ന് ഒരു ഘട്ടത്തില്‍ ആരോപണം ഉയര്‍ന്നു.

2014-ല്‍, വെറും 27ാം വയസ്സില്‍ ഡയമണ്ട് ഹാര്‍ബര്‍ മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായി അഭിഷേക് വന്‍ ഭൂരിപക്ഷത്തിന് ജയിച്ച് കയറി. അക്കാലത്ത്, രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പാര്‍ലമെന്റേറിയനായിരുന്നു, ബാനര്‍ജി. കായിക, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്നതിനായി അദ്ദേഹം തന്റെ നിയോജക മണ്ഡലത്തില്‍ എം പി കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടപ്പിലാക്കിയത് അടക്കമുള്ള പദ്ധതികള്‍ ഹിറ്റായി. 2019- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് 3,20,594 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ബിജെപിയെ തോല്‍പ്പിച്ചത്.

വളരെപെട്ടന്നുതന്നെ ത്രിണമൂലിലെ യുവരാജാവ് എന്ന പേരിലൊക്കെ അഭിഷേക് അറിയപ്പെടാന്‍ തുടങ്ങി. റാലികളില്‍ ആദരവ് പ്രകടിപ്പിച്ച് അഭിഷേകിന് മുന്നില്‍ പാര്‍ട്ടിക്കാര്‍ എഴുന്നേറ്റു നില്‍ക്കണമെന്ന പതിവണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ, പാര്‍ട്ടിയിലെ അഭിഷേകിന്റെ സ്വാധീനവും വര്‍ധിച്ചിട്ടുണ്ട്. 2019 ല്‍ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതല്‍ തൃണമൂലിന്റെ പ്രധാന തന്ത്രജ്ഞരില്‍ ഒരാളായി അദ്ദേഹം മാറി. തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതില്‍ പ്രധാന പങ്കുവഹിച്ചതും അഭിഷേകാണ്.




കൊള്ളയടിക്കുന്ന മരുമകന്‍

മമത കഴിഞ്ഞാല്‍, തൃണമൂലില്‍ യാത്രകള്‍ക്കായി ഹെലികോപ്ടര്‍ ഉപയോഗിക്കുന്ന നേതാവുകൂടിയാണ് അഭിഷേക്. എന്നാല്‍ അഭിഷേക് ബാനര്‍ജിയെ ബിജെപി തുടര്‍ച്ചയായി ആക്ഷേപിക്കുന്നു. 'തോലാബാജ് ഭൈപ്പോ' (കൊള്ളയടിക്കുന്ന മരുമകന്‍) എന്ന് വിളിച്ച് പരിഹസിക്കുന്നു. ബിജെപി തന്നെ ലക്ഷ്യമിടുകയാണെന്ന് അഭിഷേക് പറയുന്നു. സംസ്ഥാനത്തെ പശു, കല്‍ക്കരി കള്ളക്കടത്ത് റാക്കറ്റുകളുമായി തന്നെ ബന്ധിപ്പിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും തനിക്കെതിരെ ഒരു കേസുമില്ലെന്നുമാണ് അഭിഷേകിന്റെ വാദം.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നേരത്തെ അഭിഷേക് ബാനര്‍ജിയെയും ഭാര്യയെയും ഇഡി ചോദ്യം ചെയ്യിരുന്നു. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡിന്റെ കല്‍ക്കരി പാടങ്ങളില്‍ നിന്ന് അനധികൃത ഖനനവും കല്‍ക്കരി മോഷണവും ആരോപിച്ചാണ് കേസ്. പ്രാദേശിക കല്‍ക്കരി വ്യവസായി അനൂപ് മാജി എന്ന ലാലയാണ് കേസിലെ പ്രധാന പ്രതി. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കല്‍ക്കരി മാഫിയ സ്ഥിരമായി പണം നല്‍കിയിരുന്നതായി ആരോപണമുണ്ടായിരുന്നു. അതുപോലെ ബംഗാളിലെ മറ്റൊരു പ്രശ്നമാണ് അതിര്‍ത്തിയിലുടെ ബംഗ്ലാദേശിലേക്കുള്ള കാലിക്കടത്ത്. ത്രിണമൂലിന്റെ പ്രാദേശിക നേതാക്കള്‍ ഇതിലുടെ വന്‍ തുകയാണ് ഉണ്ടാക്കുന്നത്. ഈ സിന്‍ഡിക്കേറ്റിന്റെയും നിയന്ത്രണം അഭിഷേകിനാണെന്നാണ് ബിജെപി ആരോപണം.

നേരത്തെ ഭൂമി കയ്യേറ്റ കേസില്‍ അന്വേഷണം നേരിടുന്ന വ്യവസായി രാജ് കിഷോറില്‍നിന്ന് അഭിഷേക് ബാനര്‍ജി 1.15 കോടി രൂപ സ്വീകരിച്ചതും വിവാദമായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ മമതാ ബാനര്‍ജിയാണു രാജ് കിഷോറിനെതിരെ ഭൂമി കയ്യേറ്റ കേസില്‍ നടപടി ആവശ്യപ്പെട്ടിരുന്നത്. അധികാരത്തിലെത്തിയ ശേഷം രാജ് കിഷോറിനെ സഹായിക്കുന്ന നിലപാടാണു മമത കൈക്കൊണ്ടത്.അധ്യാപക നിയമന അഴിമതി കേസിലും അഭിഷേക് ബാനര്‍ജിയുടെ പ്രതിയായി. പ്രൈമറി അധ്യാപകരെ മെറിറ്റ് നോക്കാതെ കാശുവാങ്ങി നിയമിച്ചുവെന്നാണ് ആരോപണം. ഇതിലും ഇഡി അഭിഷേകിനെ ചോദ്യം ചെയ്തിരുന്നു.

അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ്, ബംഗാളിലെ സകലവിധ അഴിമതിയും അക്രമവും അരങ്ങേറുന്നത് എന്നാണ് ബിജെപി ഉള്‍പ്പെടുയുള്ള പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. ത്രിണമൂലിന്റെ ക്വട്ടേഷന്‍ സംഘടനയായ ബൈക്ക് ബ്രിഗേഡിന്റെ നിയന്ത്രണവും ഇദ്ദേഹത്തിന് തന്നെ.തൃണമൂല്‍ അക്രമം സഹിക്കവയ്യാതെയാണ് സിപിഎം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയില്‍ എത്തിയത്. പണ്ട് സിപിഎം പയറ്റിയ ഏരിയാ ഡോമിനേഷന്‍ എന്ന തന്ത്രം ഇപ്പോള്‍ തൃണമൂല്‍ അതിഭീകരമായി പുറത്തെടുക്കയാണ്. ഒരു പ്രദേശത്ത് നിന്ന് തങ്ങള്‍ക്ക് വോട്ട് ചെയ്യാത്തവരെ തെരഞ്ഞെടുപിടിച്ച് അടിച്ച് ഓടിക്കുക. ഇതിന് ബൈക്ക് ബ്രിഗേഡ് എന്ന തൃണമൂലിന്റെ ഗുണ്ടാ സംഘങ്ങളും ഉണ്ട്. മമതയുടെ ക്രൂരനായ മരുമകന്‍ അഭിഷേകാണ് ഈ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് എന്നാണ് സിപിഎം അടക്കം ആരോപിക്കുന്നത്. ഇയാളെ എതിര്‍ക്കുന്നവര്‍ ദുരൂഹമായി കൊല്ലപ്പെടുകയും ചെയ്യുന്നു.




സ്വന്തമായി കമ്പനിയുള്ള അഭിഷേക് ഒരു വ്യവസായി കൂടിയാണ്. അഭിഷേകിനും ഭാര്യക്കും കമ്മീഷന്‍ നല്‍കാതെ ബംഗാളില്‍ ഒരു വ്യവസായവും തുടങ്ങാന്‍ കഴിയില്ലെന്നാണ് ആരോപണം. ജയലളിതയുടെ ഭരണകാലത്തെ ശശികലയുടെ നേതൃത്വത്തിലുള്ള മന്നാര്‍ഗുഡി മാഫിയയെ ആണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ഭാര്യ റുജിറ ബാനര്‍ജിയുടെ കൈയിലെ കളിപ്പാട്ടമാണ് അഭിഷേക് എന്നും ആരോപണം ഉണ്ട്. 'ബാനര്‍ജി മാഫിയ' എന്നാണ് ഇവര്‍ വിളിക്കപ്പെടുന്നത്.

2023-ല്‍ കല്‍ക്കരി കേസുമായി ബന്ധപ്പെട്ട് അഭിഷേകിന്റെ ഭാര്യയെയും മക്കളെയും കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച സംഭവവും വിവാദമായിരുന്നു. ഈ രീതിയില്‍ അഴിമതിക്കാരന്‍ ആണെങ്കിലും പണം കൊണ്ടും പ്രവര്‍ത്തകരുമായുള്ള ബന്ധം കൊണ്ടും കരുത്തനാണ് അഭിഷേക്. അതുകൊണ്ടുതന്നെ ത്രിണമൂല്‍ പിളരമോ, അതോ അഭിഷേകിനെ ബിജെപി റാഞ്ചുമോ എന്നെല്ലാമാണ് ഇപ്പോള്‍ ഉയരുന്ന ചര്‍ച്ചകള്‍.

Tags:    

Similar News