ട്രംപിന് മറവി രോഗമോ? പിതാവിന്റെ രോഗത്തിന്റെ പേരു പറയാന്‍ തപ്പിത്തടഞ്ഞ് യുഎസ് പ്രസിഡന്റ്; വാക്ക് കിട്ടാതെ കുഴങ്ങി; കരോലിന്‍ രക്ഷക്കെത്തിയെങ്കിലും കളി കൈവിട്ടു! രോഗാവസ്ഥയെ കുറിച്ച് എഴുതിയാല്‍ വക്കീല്‍നോട്ടീസെന്ന് ഭീഷണിയും; ഇടതുകൈയിലെ തഴമ്പും കേള്‍വിക്കുറവും; ട്രംപിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ചര്‍ച്ചയില്‍

ട്രംപിന് മറവി രോഗമോ?

Update: 2026-01-27 07:37 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. ട്രംപിന് മറവി രോഗം ബാധിച്ചിട്ടുണ്ടോ എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ അതിനെ തളളിക്കളയാനായി ട്രംപ് നടത്തിയ പ്രതികരണം തന്നെ അദ്ദേഹത്തിന് തിരിച്ചടിയായി മാറുകയാണ്. എഴുപത്തി ഒമ്പതുകാരനായ ട്രംപിന് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ട്. ട്രംപിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഒരു ലേഖനം തയ്യാറാക്കുന്നതിനായി ന്യൂയോര്‍ക്ക് മാഗസീനിന്റെ പ്രതിനിധികള്‍ ട്രംപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

മറവിരോഗം ബാധിച്ച് 1999 ല്‍ 93 ആം വയസ്സില്‍ മരിച്ച തന്റെ പിതാവും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറുമായ ഫ്രെഡ് ട്രംപിനെക്കുറിച്ച് പ്രസിഡന്റ് വളരെ വൈകാരികമായിട്ടാണ് അഭിമുഖത്തില്‍ സംസാരിച്ചത്. ട്രംപ് തന്റെ പിതാവിനെക്കുറിച്ച് പറഞ്ഞത് ഏകദേശം 86, 87 വയസ്സുള്ളപ്പോള്‍, അദ്ദേഹത്തിന് രോഗം പിടിപെടാന്‍ തുടങ്ങി എന്നാണ്. എന്നാല്‍ ഈ രോഗത്തിന്റെ പേരിനായി ട്രംപ് തപ്പിത്തടയുക ആയിരുന്നു. ഓവല്‍ ഓഫീസില്‍ ന്യൂയോര്‍ക്ക് മാഗസിനിലെ ബെന്‍ ടെറിസിനോട് സംസാരിക്കുമ്പോള്‍, ട്രംപ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനെ സഹായത്തിനായി നോക്കി.

പെട്ടെന്നാണ് കരോലിന്‍ ലീവിറ്റ് മറുപടിയായി അല്‍ഷിമേഴ്സ് രോഗമായിരുന്നു ട്രംപിന്റെ പിതാവിന് എന്ന് വിശദീകരിച്ചു. തുടര്‍ന്ന് ട്രംപ് തന്റെ പിതാവിന് 'അല്‍ഷിമേഴ്‌സ് പോലുള്ള ഒരു പ്രശ്‌നം' ഉണ്ടായിരുന്നു എന്ന് വിശദീകരിച്ചു. കൂടാതെ തനിക്ക് ഈ അസുഖം ഇല്ല എന്നും

ട്രംപ് ചൂണ്ടിക്കാട്ടി. ട്രംപിനോട് അതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ എന്ന് ടെറിസ് ചോദിച്ചപ്പോള്‍ ഒട്ടംു ചിന്തിക്കുന്നില്ല എന്നും തന്റെ മനോഭാവം എന്തായാലും അങ്ങനെയാണ് എന്നും തുറന്നടിച്ചു.

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ എങ്ങനെ ആയിരുന്നോ ഇന്നും അത് പോലെ തന്നെ തുടരുകയാണ് എന്നും ട്രംപ് വീമ്പിളക്കി. രണ്ടാം വട്ടം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരുന്ന, ജോ ബൈഡനെപ്പോലെ, ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാജനകമായ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയുമ്പോള്‍ ട്രംപ് അമേരിക്കയുടെ

ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി മാറും.

അഭിമുഖത്തിനിടെ പല ചോദ്യങ്ങളോടും ട്രംപ് അസ്വസ്ഥനായിട്ടാണ് പ്രതികരിച്ചത്. വെറുതേ സമയം കളയാനില്ലെന്നും തന്റെ ആരോഗ്യത്തെക്കുറിച്ച് ഒരു മോശം കഥ എഴുതാന്‍ പോകുകയാണെങ്കില്‍, ന്യൂയോര്‍ക്ക് മാഗസിനെതിരെ കേസ് കൊടുക്കാന്‍

മടിക്കില്ലെന്നും അദ്ദേഹം ടെറിസിനോട് പറഞ്ഞു. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍, സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കുന്നതിനിടെ ട്രംപിന്റെ ഇടതുകൈയില്‍ പ്രത്യക്ഷപ്പെട്ട ഒരു ചതവിന് വൈറ്റ് ഹൗസിന് വിശദീകരണം നല്‍കേണ്ടി വന്നു.

വ്യാഴാഴ്ച നടന്ന ബോര്‍ഡ് ഓഫ് പീസ് പരിപാടിക്കിടെ പ്രസിഡന്റിന്റെ കൈ മേശയില്‍ ഇടിച്ചതായും ആസ്പിരിന്‍ കഴിക്കുന്നത് കാരണം അദ്ദേഹത്തിന് എളുപ്പത്തില്‍ മുറിവേല്‍ക്കുമെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞു. ട്രംപിന്റെ കേള്‍വി ശക്തിക്കും കുറവുണ്ടെന്നാണ് പറയപ്പെടുന്നത്. പ്രസിഡന്റിന്റെ കടുത്ത വിമര്‍ശകയായ അദ്ദേഹത്തിന്റെ അനന്തരവള്‍ മേരി ട്രംപ് മാത്രമാണ് ട്രംപിന്് ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പറയാന്‍ ധൈര്യപ്പെട്ടത്. ട്രംപിന് ഉറക്കക്കുറവ് ഉണ്ടെന്നും സൂചനയുണ്ട്.

Tags:    

Similar News