ട്രംപിന് ഇനി സ്വന്തമായി ക്രിപ്റ്റോ കറന്‍സിയും; സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ പുറത്തിറക്കിയ ട്രംപ് മീം കോയിന് മിനിട്ടുകള്‍ക്കുള്ളില്‍ 200 ശതമാനം വളര്‍ച്ച; ബിറ്റ് കോയിന്‍ വിലയും ഉയരങ്ങളിലേക്ക്; ഡോളറും ശക്തിപ്പെടും; ട്രംപ് ഒരുങ്ങുന്നത് ശക്തമായ വാണിജ്യയുദ്ധത്തിനോ?
ട്രംപിന് ഇനി സ്വന്തമായി ക്രിപ്റ്റോ കറന്‍സിയും
വാഷിങ്ടണ്‍: അമേരിക്ക ഫസ്റ്റ്! സാമ്പത്തിക വിഷയത്തിലടക്കം അമേരിക്കയെ നമ്പര്‍ വണ്ണാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ച്, പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറുമ്പോള്‍, ലോകം സാക്ഷ്യം വഹിക്കുക ശക്തമായ വാണിജ്യയുദ്ധത്തിന്. ഒരിക്കലും തോക്കേടുക്കാതെ നാക്കുകള്‍ കൊണ്ട് മാത്രം യുദ്ധം ചെയ്യുന്ന നേതാവ് എന്നാണ് ട്രംപ് അറിയപ്പെടുന്നത്. ലോക പൊലീസ് ചമഞ്ഞ്, അമേരിക്കന്‍ സൈന്യം നടത്തുന്ന യുദ്ധങ്ങളൊക്കെയും, പാഴ്ചെലവാണെന്നന്ന അഭിപ്രായക്കാരനാണ് ട്രംപ്. സാമ്പത്തിക മാന്ദ്യം ക്ഷണിച്ചുവരുത്തുന്ന യുദ്ധത്തിനല്ല, വ്യാപാര യുദ്ധത്തിനാണ് ട്രംപ് ലക്ഷ്യമിടുന്നത്.
അതിന്റെ ആദ്യപടിയായിരുന്നു, ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനായുള്ള ശ്രമം. ചൈനയടക്കമുള്ള രാജ്യങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്താനാണ്, ട്രംപിന്റെ തീരുമാനം. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ചുങ്കം ചുമത്തുന്ന രാജ്യങ്ങള്‍ക്കും, കൂടിയ ചുങ്കം എന്നതാണ് ട്രംപിന്റെ നിലപാട്. ഇത്് ഫലത്തില്‍ ഇന്ത്യക്കും ദോഷമായി മാറും. പക്ഷേ മോദിയും ട്രംപും തമ്മിലുള്ള, സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍, കൂടുതല്‍ നിക്ഷേപങ്ങള്‍ ഇന്ത്യയില്‍ വരുമെന്നും കരുതുന്നുണ്ട്.
സ്വന്തമായി ക്രിപ്റ്റോ കറന്‍സി
അമേരിക്കയെ ലോകത്തിന്റെ ക്രിപ്റ്റോ കറന്‍സി തലസ്ഥാനമാക്കി മാറ്റുമെന്നു ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞയ്ക്ക് മണിക്കൂറുകള്‍ ശേഷിക്കെ സ്വന്തം ക്രിപ്റ്റോ കോയിനും ട്രംപ് പുറത്തിറക്കി. ട്രപ്ം മീം കോയിന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ ക്രിപ്റ്റോ കറന്‍സി 200 ശതമാനത്തിലധികം വളര്‍ച്ചയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉണ്ടാക്കിയത്. ട്രംപിന്റെ ഭാഗത്ത് നിന്ന് നിരവധി ക്രിപ്റ്റോ കറന്‍സ് പോളിസികളും ഉടന്‍ പ്രതീക്ഷിക്കാം. ബിറ്റ്‌കോയിന്‍
2024 ല്‍ 137 ശതമാനവും ട്രംപ് ജയിച്ച ശേഷം 43 ശതമാനവും കയറിയിട്ടുണ്ട്. 2025 ക്രിസ്മസോടെ രണ്ടു ലക്ഷം ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷ.
അമേരിക്കയില്‍ ട്രംപ് ജയിച്ച ദിവസം ബിറ്റ് കോയിന്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരുന്നു. ചരിത്രത്തില്‍ ആദ്യമായി ബിറ്റ് കോയിന്‍ 80,000 ഡോളറിന് സമീപം ക്ലോസിങ് നടത്തിയത് അന്നാണ്. ഡിജിറ്റല്‍ ആസ്തികള്‍ക്ക് പ്രതികൂലമായ നിലപാട് സ്വീകരിച്ച ജോ ബൈഡന്റ രീതികള്‍ക്ക് കടകവിരുദ്ധമാണ് ട്രംപിന്റെ നിലപാടുകള്‍. ഇതാണ് വിപണികളില്‍ ചലനം ഉണ്ടാക്കിയത്. ആ കുതിപ്പ് ഇപ്പോഴും തുടരുകയാണ്.
2024-ല്‍ മാത്രം ബിറ്റ് കോയിന്‍ മൂല്യം ഇരട്ടിയിലധികമായി ഉയര്‍ന്നിരുന്നു. ട്രംപിന്റെ വിജയം ഉറപ്പായതിന് ശേഷം നാല് ആഴ്ച്ചകള്‍ കൊണ്ട് 45% ഉയര്‍ച്ചയാണ് ബിറ്റ് കോയിന്‍ നേടിയത്. കോണ്‍ഗ്രസിലേക്ക് ക്രിപ്‌റ്റോ നിയമ വിദഗ്ധര്‍ തെരഞ്ഞെടുക്കപ്പെട്ടതും റാലിക്ക് കാരണമായി. കഴിഞ്ഞ മാസം ബിറ്റ് കോയിന്‍ 1,00,000 മാര്‍ക്ക് മറികടന്നത് ഒരു നാഴികക്കല്ല് മാത്രമല്ല പകരം ഫിനാന്‍സ്, ടെക്‌നോളജി, ജിയോ പൊളിറ്റിക്‌സ് തുടങ്ങിയവയിലെ ഷിഫ്റ്റ് ആണെന്നും വിലയിരുത്തപ്പെടുന്നു. 16 വര്‍ഷംമുമ്പ് ഒരു ഡോളര്‍ കൊണ്ട് 13,000 ബിറ്റ്കോയിന്‍ വാങ്ങാംമായിരുന്നു. ഇന്ന് ഒന്നിന് മുല്യം ഒരു ലക്ഷം ഡോളര്‍ ആയിരിക്കയാണ്. ഇപ്പോഴിതാ ട്രംപ് കൂടി ആ മേഖലിയിലേക്ക് കടന്നതോടെ, ക്രിപ്റ്റോ വിപണി കൂടുതല്‍ കരുത്താര്‍ജിച്ചിരിക്കയാണ്.
ഡോളര്‍ കരുത്താര്‍ജിക്കും
ട്രംപിന്റെ നയങ്ങള്‍ യുഎസ് ഡോളറിനെയും ശക്തമാക്കുമെന്ന് ഉറപ്പാണ്. ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഫലത്തില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ഇന്ത്യക്കാര്‍ക്ക് വിദേശയാത്രയും, വിദേശ പഠനവും, വിദേശ ഉല്‍പ്പനങ്ങള്‍ വാങ്ങലും കൂുടതല്‍ ചെലവേറിയാതാവും. ഡോളറിന് പകരം വിനിമയത്തിന് മറ്റ് കറന്‍സികളെ ആശ്രയിച്ചാല്‍ 100% നികുതിയെന്ന ഭീഷണി ട്രംപ് നേരത്തെ തന്നെ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടുന്ന ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ പുതിയ കറന്‍സി നിര്‍മിക്കാനോ യു.എസ്. ഡോളറിന് പകരം മറ്റൊരു കറന്‍സിയെ പിന്തുണയ്ക്കാനോ ശ്രമിച്ചാല്‍ 100% ചുങ്കം ചുമത്തുമെന്നാണ് സ്വന്തം സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ഇക്കാര്യത്തില്‍ ബ്രിക്‌സ് രാജ്യങ്ങളില്‍നിന്ന് ഉറപ്പ് വേണം. മറിച്ചൊരു ശ്രമമുണ്ടായാല്‍ അമേരിക്കന്‍ വിപണിയോട് വിടപറയേണ്ടിവരുമെന്നും ട്രംപ് ഓര്‍മപ്പെടുത്തി.
അന്താരാഷ്ട്ര വിനിമയത്തിന് ഡോളറിതര കറന്‍സികള്‍ ഉപയോഗിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഒക്ടോബറില്‍ ചേര്‍ന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ തുടക്കമിട്ടിരുന്നു. ഇന്ത്യയ്ക്ക് പുറമേ ബ്രസീല്‍, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക, ഇറാന്‍, ഈജിപ്ത്, എത്ത്യോപ്യ, യു.എ.ഇ. രാജ്യങ്ങളാണ് ബ്രിക്‌സ് അംഗരാജ്യങ്ങള്‍. അതേസമയം, ഡീ- ഡോളറൈസേഷന്‍ പരിഗണനയിലില്ലെന്ന് ഇന്ത്യയും റഷ്യയും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയില്‍നിന്നുള്ള ഔഷധ കയറ്റുമതിക്കും ട്രംപ് ഭരണകുടം വിലങ്ങുതടികള്‍ തീര്‍ക്കാനിടയുണ്ട്. 2017-21 കാലയളവില്‍ ജനറിക്ക് മരുന്നുകളുടെ വില കുറക്കാന്‍ ട്രംപ് നിയമ നിര്‍മ്മാണം തന്നെ നടത്തിയിരുന്നു. ജീവന്‍ രക്ഷാമരുന്നകള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കാന്‍ നിര്‍ബന്ധിക്കുന്ന നിയമവും തയ്യാറാക്കി. ഇത്തവണയും അവര്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രംപ് ശ്രമിച്ചാല്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികളും ബുദ്ധിമുട്ടും. പക്ഷേ ഇന്ത്യയുടെ പ്രധാന ആശ്വാസം, ചൈനയുടേതിനേക്കാള്‍ കുറവാവും ഇന്ത്യന്‍ ഉല്‍പ്പനങ്ങള്‍ക്കുള്ള ചുങ്കം എന്നതാണ്. അത് ചൈനയിലുള്ള വിദേശ കമ്പനികളുടെ ഇന്ത്യയിലേക്ക് കൂടുമാറാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍. ആപ്പിള്‍ ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മാണ യൂണിറ്റുകള്‍ തുടങ്ങിയതുപോലെ കൂടുതല്‍ കമ്പനികള്‍ വരാന്‍ ഇത് സഹായിക്കും എന്നാണ് കരുതുന്നത്.