കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്; പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്‌തെന്ന് മന്ത്രി; കഴുത്തിനും കൈക്കും പരിക്ക്; സംഭവം കരിങ്കൊടി സമരത്തിനിടെ; മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി; പ്രതിഷേധിക്കാം പക്ഷേ, കയ്യേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും ഒപ്പം ഉണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍ ഷംസീര്‍
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ കെ എസ് യു പ്രതിഷേധത്തിനിടെ മന്ത്രി വീണ ജോര്‍ജിന് പരിക്ക്
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടെ മര്‍ദനമേറ്റു. ഇന്ന് (ഫെബ്രുവരി 25, 2026) ഉച്ചകഴിഞ്ഞ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. കഴുത്തിനും കൈക്കും പരുക്കേറ്റ മന്ത്രിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ വന്ദേ ഭാരത് ട്രെയിന്‍ കയറാനെത്തിയ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവസമയം സ്പീക്കര്‍ എ.എന്‍. ഷംസീറും ഇതേ ട്രെയിനില്‍ യാത്ര ചെയ്യാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. മന്ത്രിയെ കയ്യേറ്റം ചെയ്തതിനെ സ്പീക്കര്‍ ശക്തമായി അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെങ്കിലും കയ്യേറ്റം ചെയ്യുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടു. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് പ്രവര്‍ത്തകരെ നീക്കിയത്. കയ്യേറ്റത്തെ തുടര്‍ന്ന് കഴുത്തിനും കൈക്കും സാരമായ വേദനയുണ്ടെന്ന് മന്ത്രി പോലീസിനെ അറിയിച്ചതിന് പിന്നാലെ വന്‍ പോലീസ് സന്നാഹത്തോടെയാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പെരിങ്ങോം അങ്ങാടിയില്‍ വെച്ച് കരിങ്കൊടി കാണിച്ചിരുന്നു. ഷജീറിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തിലും മന്ത്രിയെ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിക്കൂര്‍, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലും മന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നുവെന്നായിരുന്നു ഈ പ്രതിഷേധങ്ങളോട് മന്ത്രിയുടെ പ്രതികരണം. ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ക്കുള്ള കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുമെന്നും കല്ലെറിയുകയല്ലല്ലോ ചെയ്യുന്നതെന്നും അവര്‍ അന്ന് പ്രതികരിച്ചിരുന്നു.
