'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി; മന്ത്രിയെ തല്ലിയോ അതോ ബഹളത്തിനിടെ പരിക്കേറ്റതോ? കോണ്‍ഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് പിണറായി; കേരളത്തിലുടനീളം പ്രതിഷേധത്തിന് ഗോവിന്ദന്റെ ആഹ്വാനം; ആക്രോശിച്ചു വന്നത് മന്ത്രിയെന്ന് കെ എസ് യു; എല്ലാം നാടകമെന്ന് വി ഡി സതീശന്‍

'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്..! ആശുപത്രിയിലെത്തി മുഖ്യമന്ത്രി

Update: 2026-02-25 12:05 GMT

കണ്ണൂര്‍: വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യാനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെഎസ് യു പ്രവര്‍ത്തകര്‍ ശാരീരികമായി കൈയേറ്റം ചെയ്ത സംഭവം കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

മുഖ്യമന്ത്രിയെ വിളിച്ച് മന്ത്രി

അക്രമം നടന്ന ഉടന്‍ തന്നെ മന്ത്രി വീണാ ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ച് സാഹചര്യം വിശദീകരിച്ചു. ശാരീരികമായ വേദനയേക്കാള്‍, ഒരു ജനപ്രതിനിധിക്കു നേരെയുണ്ടായ ഈ അപ്രതീക്ഷിത ആക്രമണത്തിന്റെ ഞെട്ടലിലായിരുന്നു മന്ത്രി. 'സിഎമ്മേ, കഴുത്തിന് നല്ല വേദനയുണ്ട്. അകത്തേക്ക് കയറി വരുമ്പോള്‍ വലിയ രീതിയിലുള്ള ഉന്തും തള്ളും ഉണ്ടായിരുന്നു,' എന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മന്ത്രി തന്റെ നിശ്ചിത യാത്ര റദ്ദാക്കുകയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ സന്ദര്‍ശനവും കര്‍ശന നിലപാടും

വിവരമറിഞ്ഞ ഉടന്‍ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി മന്ത്രിയുടെ ആരോഗ്യസ്ഥിതി തിരക്കി. ഈ ആക്രമണം വെറുമൊരു പ്രതിഷേധമല്ലെന്നും മറിച്ച് ബോധപൂര്‍വമായ 'രാഷ്ട്രീയ ആഭാസം' ആണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.




കെ എസ് യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ ഉണ്ടായ കെഎസ്യു ആക്രമണം കോണ്‍ഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് ആരോഗ്യമന്ത്രിയെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചത്. അവിടെ ഉണ്ടായത് ഏതെങ്കിലും പ്രതിഷേധ പ്രകടനം അല്ല -ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്. പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജന്‍സികളും അംഗീകരിച്ചതും ആണ്. എന്നിട്ടും ചില സംഭവങ്ങള്‍ പര്‍വതീകരിച്ച് അതില്‍ ഒരുതരത്തിലും ഉള്‍പ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരെ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല; രാഷ്ട്രീയ ആഭാസം ആയിട്ടാണ് കാണാന്‍ കഴിയുക.

തങ്ങളുടെ അനുയായികളെ കയറൂരി വിട്ട് നാട്ടിലെ ക്രമസമാധാനം തകര്‍ക്കാമെന്നോ കലാപം ഉണ്ടാക്കാമെന്നോ കോണ്‍ഗ്രസ് നേതൃത്വം കരുതരുത്. ഇതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെയും യുഡിഎഫ് മുന്നണിയുടെയും നേതൃത്വത്തിന് തന്നെയാണ്. തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയത്തെ മലീമസമാക്കുന്ന അവരുടെ ശൈലിയുടെ പ്രതിഫലനമാണ് കെഎസ്യു ആക്രമികളിലൂടെ പുറത്തുവന്നത്. ഇത് അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.




അപലപിച്ച് സ്പീക്കറും എല്‍ഡിഎഫ് നേതൃത്വവും

സംഭവസമയത്ത് മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഈ ആക്രമണത്തെ ക്രൂരമെന്ന് വിശേഷിപ്പിച്ചു. സുരക്ഷാ വലയം ഭേദിച്ച് എങ്ങനെ പ്രവര്‍ത്തകര്‍ മന്ത്രിക്ക് തൊട്ടടുത്തെത്തി എന്നതില്‍ പോലീസിനെതിരെയും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി മന്ത്രിയെ സന്ദര്‍ശിച്ചു.

'രാഷ്ട്രീയമായ വിയോജിപ്പുകള്‍ പ്രകടിപ്പിക്കാന്‍ ജനാധിപത്യപരമായ വഴികളുണ്ട്, എന്നാല്‍ ഒരു സ്ത്രീ കൂടിയായ മന്ത്രിയെ ശാരീരികമായി ഉപദ്രവിക്കുന്നത് കേരളം ഇന്നുവരെ കാണാത്ത തരംതാണ രാഷ്ട്രീയമാണ്.' - എല്‍ഡിഎഫ് വൃത്തങ്ങള്‍.

നിലവില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വിദഗ്ധ പരിശോധനകള്‍ക്ക് ശേഷം വിശ്രമത്തിലാണ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ കുറ്റക്കാരായ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കാനാണ് പോലീസ് നീക്കം.

കേരളത്തില്‍ ഉടനീളം പ്രതിഷേധിക്കുമെന്ന് എം വി ഗോവിന്ദന്‍

മന്ത്രിക്ക് നേരെ ഉണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്നും സംഭവം ആസൂത്രിതമാണെന്നും എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിന്റെ അറിവോടെയാണ് ആക്രമണം ഉണ്ടായതെന്നും ഇന്ന് കേരളത്തില്‍ ഉടനീളം പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണ്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും ആക്രമിക്കുകയാണ്. ഇന്ന് കേരളത്തില്‍ ഉടനീളം പ്രതിഷേധിക്കും. അതി ശക്തമായ സമരങ്ങള്‍ രൂപപ്പെടണം. കനകോലു സിദ്ധാന്തത്തെ അടിസ്ഥാനപ്പെടുത്തി എന്തും ചെയ്യുക എന്ന നിലയാണ്. കോണ്‍ഗ്രസ് അറിയാതെ പ്രതിഷേധം നടക്കില്ല. ഒരു വനിതാ മന്ത്രിക്കെതിരായ ഇത്തരത്തിലുള്ള പ്രതിഷേധം കേരള ചരിത്രത്തില്‍ ആദ്യമാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.


പ്രതിഷേധക്കാര്‍ മന്ത്രിയെ തൊട്ടിട്ടില്ലെന്ന് കെ എസ് യു

മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ലെന്ന് കെ എസ് യു. മന്ത്രിയാണ് ആക്രോശിച്ചുവന്നതെന്നും കെ എസ് യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഞങ്ങള്‍ കയ്യേറ്റം ചെയ്തിട്ടില്ല,പ്രതിഷേധക്കാര്‍ മന്ത്രിയുടെ അടുത്തെത്തിയിട്ട് പോലുമില്ല': അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തില്‍ കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ അടുത്തെത്തിയതായി സൂചനയില്ലെന്നും കയ്യേറ്റം ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു.

 ഇന്ന് ഉച്ചകഴിഞ്ഞ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം. കഴുത്തിനും കൈക്കും പരുക്കേറ്റ മന്ത്രിയെ ഉടന്‍തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചെത്തിയ കെഎസ്‌യു പ്രവര്‍ത്തകര്‍ ഒന്നാം പ്ലാറ്റ്ഫോമില്‍ വന്ദേ ഭാരത് ട്രെയിന്‍ കയറാനെത്തിയ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സംഭവസമയം സ്പീക്കര്‍ എ.എന്‍. ഷംസീറും ഇതേ ട്രെയിനില്‍ യാത്ര ചെയ്യാനായി റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. മന്ത്രിയെ കയ്യേറ്റം ചെയ്തതിനെ സ്പീക്കര്‍ ശക്തമായി അപലപിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യത്തില്‍ ഉണ്ടെങ്കിലും കയ്യേറ്റം ചെയ്യുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

പോലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ തുടക്കത്തില്‍ പ്രയാസപ്പെട്ടു. പിന്നീട് ഏറെ പ്രയാസപ്പെട്ടാണ് പ്രവര്‍ത്തകരെ നീക്കിയത്. കയ്യേറ്റത്തെ തുടര്‍ന്ന് കഴുത്തിനും കൈക്കും സാരമായ വേദനയുണ്ടെന്ന് മന്ത്രി പോലീസിനെ അറിയിച്ചതിന് പിന്നാലെ വന്‍ പോലീസ് സന്നാഹത്തോടെയാണ് അവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

കഴിഞ്ഞ ദിവസങ്ങളിലായി കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ മന്ത്രി വീണാ ജോര്‍ജിനെതിരെ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. പെരിങ്ങോം താലൂക്ക് ആശുപത്രി കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോള്‍ പെരിങ്ങോം അങ്ങാടിയില്‍ വെച്ച് കരിങ്കൊടി കാണിച്ചിരുന്നു. ഷജീറിനെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ നഗരത്തിലും മന്ത്രിയെ തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇരിക്കൂര്‍, തലശ്ശേരി, ചാലോട്, ആയിപ്പുഴ എന്നിവിടങ്ങളിലും മന്ത്രിയെ കരിങ്കൊടി കാണിച്ചു. കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുന്നുവെന്നായിരുന്നു ഈ പ്രതിഷേധങ്ങളോട് മന്ത്രിയുടെ പ്രതികരണം. ആരോഗ്യമേഖലയിലെ മാറ്റങ്ങള്‍ക്കുള്ള കരിങ്കൊടിയെ പൂമാലയായി സ്വീകരിക്കുമെന്നും കല്ലെറിയുകയല്ലല്ലോ ചെയ്യുന്നതെന്നും അവര്‍ അന്ന് പ്രതികരിച്ചിരുന്നു.

Tags:    

Similar News