ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്

ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും

Update: 2025-11-19 05:19 GMT

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരുക്കിയ അത്താഴവിരുന്നില്‍ അതിഥിയായി ഫുട്‌ബോള്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലാണ് അപ്രതീക്ഷിത അതിഥിയായി റൊണാള്‍ഡോ എത്തിയത്. വിരുന്നിലേക്ക് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ സൗദി അറേബ്യയിലെ ഫുട്‌ബോള്‍ ലീഗിലാണ് ക്രിസ്റ്റിയാനോ കളിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് റൊണാള്‍ഡ് രാജ്യത്തലവന്‍മാര്‍ ഒരുക്കിയ വിരുന്നിലേക്ക് എത്തിയത്.

അഞ്ച് തവണ ബാലണ്‍ദ്യോര്‍ പുരസ്‌കാരം നേടിയ റൊണോള്‍ഡോ തന്റെ വിരുന്നില്‍ പങ്കെടുത്തതിന് ട്രംപ് നന്ദി പറഞ്ഞു. തന്റെ ഇളയമകന്‍ ബാരോണ്‍ ക്രിസ്റ്റ്യാനോയുടെ കടുത്ത ആരാധകനാണെന്നും ട്രംപ് വെളിപ്പെടുത്തി. ക്രിസ്റ്റ്യാനോയെ നേരിട്ട് കാണാന്‍ കഴിഞ്ഞതില്‍ മകന് വലിയ സന്തോഷമുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഡോണാള്‍ഡ് ട്രംപിനും മുഹമ്മദ് ബിന്‍ സല്‍മാനും സമീപത്തായി തന്നെയാണ് റൊണോള്‍ഡോക്കും ഇരിപ്പിടമൊരുക്കിയത്.

ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്, ടെസ്‌ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ, ഷെവ്‌റണ്‍ ചീഫ് എക്‌സിക്യൂട്ടീവ് മൈക് വിര്‍ത്, ബ്ലാക്ക് സ്റ്റോണ്‍ സഹസ്ഥാപകന്‍ സ്റ്റീഫന്‍ ഷെവാര്‍മാന്‍, ജനറല്‍ മോട്ടോഴ്‌സ് സി.ഇ.ഒ മേരി ബാര, ഫോഡ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ വില്യം ക്ലേ ഫോഡ്, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്, ഡോണള്‍ഡ് ട്രംപ് ജുനിയര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

യു.എസും മെക്‌സിക്കോയും കാനഡയും ആതിഥേയത്വം വഹിക്കുന്ന ലോകകപ്പായിരിക്കും തന്റെ കരിയറിലെ അവസാന ടൂര്‍ണമെന്റെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. 2014 ആഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ അവസാനമായി അമേരിക്കന്‍ മണ്ണില്‍ കളിച്ചത്. റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൗഹൃദ മത്സരത്തിന് വേണ്ടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യു.എസിലെത്തിയത്.

2017ല്‍ വാഷിങ്ടണ്‍ ഡി.സിയിലേക്ക് നടത്തിയ ആദ്യ സന്ദര്‍ശനത്തിന് എട്ട് വര്‍ഷത്തിന് ശേഷമാണ് ഡോണള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ ഈ സന്ദര്‍ശനം. സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളില്‍ സുപ്രധാന വഴിത്തിരിവായിരിക്കുമെന്നാണ് പൊതുവായ വിലയിരുത്തല്‍. പ്രതിരോധ പങ്കാളിത്തം ശക്തിപ്പെടുത്താനും എഫ്-35 യുദ്ധവിമാനങ്ങളുടെയും മറ്റു നൂതന പ്രതിരോധ സംവിധാനങ്ങളുടെയും വിതരണം ഉള്‍പ്പെടെ പ്രാദേശിക സുരക്ഷയില്‍ സഹകരണം വികസിപ്പിക്കുകയുമാണ് പ്രധാന ലക്ഷ്യം. ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുന്നത് ട്രംപ് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Similar News