രത്‌നങ്ങള്‍, ആഭരണങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍ എന്നീ മേഖലകളെ ഏറ്റവും അധികം ബാധിക്കും; ഫാര്‍മസിക്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, നിര്‍ണായക ധാതുക്കള്‍ എന്നിവയെ ഒഴിവാക്കിയത് ആശ്വാസം; ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയില്‍ വെള്ളം കുടിക്കുന്ന കയറ്റുമതി മേഖലകള്‍ ഏതെല്ലാം? ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍

ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയില്‍ വെള്ളം കുടിക്കുന്ന കയറ്റുമതി മേഖലകള്‍ ഏതെല്ലാം?

Update: 2025-07-30 18:47 GMT

ന്യൂഡല്‍ഹി: ഇന്ത്യക്ക് 25 ശതമാനം അധിക തീരുവയും പിഴയും ട്രംപ് ചുമത്തിയതിന് പിന്നാലെ ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാരിന്റെ ആദ്യപ്രതികരണം. യുഎസിന്റെ നീക്കത്തിന്റെ പ്രത്യാഘാതം പഠിക്കുകയാണെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം അളന്നുമുറിച്ചുള്ള മറുപടിയില്‍ പറഞ്ഞു.

'ഉഭയകക്ഷി വാണിജ്യ കരാറിനെ കുറിച്ചുള്ള യുഎസ് പ്രസിഡന്റിന്റെ പ്രസ്താവന സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടു. പ്രഖ്യാപനത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയും യുഎസും തമ്മില്‍ ന്യായവും, സന്തുലിതവും പരസ്പരം ഗുണകരവുമായ ഉഭയകക്ഷ വാണിജ്യ കരാറിനായി ചര്‍ച്ച നടത്തി വരികയാണ്. ആ ലക്ഷ്യത്തിനോട് പ്രതിജ്ഞാബദ്ധതയുണ്ട്'- മന്ത്രാലയും ബുധനാഴ്ച വൈകുന്നേരം ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കര്‍ഷകരുടെയും സംരംഭകരുടെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെയും ക്ഷേമവും താല്‍പര്യവും സംരക്ഷിക്കുന്നതിനാണ് പരമപ്രാധാന്യം നല്‍കുന്നതെന്നും മന്ത്രാലയം പറഞ്ഞു. യുകെയുമായുള്ള സമഗ്ര സാമ്പത്തിക വാണിജ്യ കരാര്‍ അടക്കം മറ്റും വാണിജ്യ കരാറുകള്‍ പോലെ ദേശീയ താല്‍പര്യം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി.

ഓഗസ്റ്റ് ഒന്നുമുതല്‍ 25 ശതമാനം അധിക തീരുവ നിലവില്‍ വരുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ, കയറ്റുമതിമേഖലയില്‍ വലിയ ആശങ്ക ഉടലെടുത്തിരിക്കുകയാണ്. റഷ്യയുമായുളള ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന പ്രതിരോധ, ഊര്‍ജ്ജ പങ്കാളിത്തവുമായി ബന്ധപ്പെട്ടാണ് പിഴകള്‍ ചുമത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതുവെറുമൊരു വ്യാപാര-വാണിജ്യ പകപോക്കല്‍ നടപടിയായി കാണാനാവില്ല. മറിച്ച് ആഗോള രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗം കൂടിയാണ്.

താരിഫ് കയറ്റം എങ്ങനെ ബാധിക്കും?

കയറ്റുമതി രംഗത്ത് ഇന്ത്യ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന മേഖലകളെയാണ് തീരുവ ലക്ഷ്യമിടുന്നത്. ഓട്ടോമൊബൈല്‍സ്, ഓട്ടോ പാര്‍ട്ടുകള്‍. ഉരുക്ക്, അലുമിനിയം, സ്മാര്‍ട്ട് ഫോണുകള്‍, സോളാര്‍ മൊഡ്യൂളുകള്‍, സമുദ്ര ഉത്പന്നങ്ങള്‍, രത്നങ്ങള്‍, ആഭരണങ്ങള്‍, ചില തിരഞ്ഞെടുത്ത സംസ്‌കരിച്ച ഭക്ഷ്യ ഉത്പന്നങ്ങള്‍, കാര്‍ഷികയിനങ്ങള്‍ എന്നിവയെല്ലാം 25 ശതമാനം തീരുവ പട്ടികയില്‍ ഉണ്ട്. ഫാര്‍മസിക്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, നിര്‍ണായ ധാതുക്കള്‍ എന്നിവയെ ഒഴിവാക്കിയത് ആശ്വാസകരം.

'യുഎസിലേക്കുള്ള മുഖ്യ കയറ്റുമതി മേഖലകള്‍ ഫാര്‍മ, ഇലക്ട്രോണിക്സ്, രത്നങ്ങള്‍, ആഭരണങ്ങള്‍, ടെക്സ്റ്റൈല്‍, വസ്ത്രങ്ങള്‍ എന്നിവയാണ്'- ഫൗണ്ടേഷന്‍ ഫോര്‍ ഇക്കണോമിക് ഡവല്പെമന്റ് സ്ഥാപക ഡയറക്ടര്‍ രാഹുല്‍ അഹ്ലുവാലിയ പറഞ്ഞു. ഇക്കൂട്ടത്തില്‍ ഫാര്‍മയെയും ഇലക്ട്രോണിക്‌സിനെയും നേരത്തെ താരിഫ് വര്‍ദ്ധനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ആ ഒഴിവ് തുടരുകയാണെങ്കില്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ടെക്‌സ്റ്റൈല്‍സ്, വസ്ത്രങ്ങള്‍ എന്നിവയെ സാരമായി ബാധിക്കും.

ഉയര്‍ന്ന മൂല്യമുളള വാഹനങ്ങള്‍ക്കും, വാഹന ഭാഗങ്ങള്‍ക്കും ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് അമേരിക്കയില്‍ നേരിട്ടുള്ള ഇടിവ് ടാറ്റ മോട്ടോഴ്‌സ്, ഭാരത് ഫോര്‍ജ് എന്നീ കമ്പനികള്‍ പ്രതീക്ഷിക്കുന്നു. അധിക തീരുവയ്ക്കു മുമ്പ് തന്നെ നേരിയ മാര്‍ജിന്‍ മാത്രം ഉണ്ടായിരുന്ന സ്മാര്‍ട്ട് ഫോണ്‍, സോളാല്‍ പാനല്‍ എന്നിവ അസംബിള്‍ ചെയ്യുന്ന കരാര്‍ നിര്‍മ്മാക്കള്‍ വെല്ലുവിളി നേരിടും. ആഭരണം, സമുദ്രോത്പന്നം എന്നീ കയറ്റുമതി മേഖലകളില്‍ കൂടിയ ചെലവ് സ്വയം വഹിക്കുകയോ, അത് ഉപഭോക്താക്കള്‍ക്ക് കൈമാറുകയോ അതല്ലെങ്കില്‍ പുതിയ വിപണി അടിയന്തരമായി കണ്ടെത്തേണ്ടി വരികയോ ചെയ്യാം. ടെക്‌സ്‌റ്റൈല്‍-വസ്ത്ര വിപണിയില്‍ സമ്മിശ്ര പ്രതികരണമാണ്.

ഇന്ത്യുടെ ആഭ്യന്തര ധനേത്പാദനത്തില്‍ നിന്ന് 0.2 ശതംമാനം മുതല്‍ 0.5 ശതമാനം വരെ അധിക തീരുവ ചോര്‍ത്തി കളയാമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്കുകൂട്ടുന്നു.

Tags:    

Similar News