തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു, രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൂടി മരിച്ചു; മരണം 17 ആയി ഉയര്‍ന്നു; ഗ്രീസില്‍ അമ്പതിടങ്ങളില്‍ അഗ്‌നിബാധ; നാശം വിതയ്ക്കുന്ന കാട്ടുതീ തെക്കന്‍ യൂറോപ്പില്‍ ആളിപ്പടരുമ്പോള്‍

തുര്‍ക്കിയില്‍ കാട്ടുതീ പടരുന്നു, രണ്ട് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കൂടി മരിച്ചു

Update: 2025-07-28 08:04 GMT

ഇസ്തംബൂള്‍: തെക്കന്‍ യൂറോപ്പില്‍ കാട്ടുതീ ആളിപ്പടരുന്നു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബര്‍സ നഗരത്തില്‍ കാട്ടുതീ പടര്‍ന്നതോടെ മരിച്ചവരുടെ എണ്ണം ഞായറാഴ്ച വൈകീട്ടോടെ നാലായി ഉയര്‍ന്നു. കാട്ടുതീ അണക്കാനെത്തിയ വാട്ടര്‍ ടാങ്കര്‍ മറിഞ്ഞ് അതിനടിയില്‍പെട്ട ദമ്പതികള്‍ ആശുപത്രിയില്‍ മരിച്ചതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അപകടസ്ഥലത്ത് മറ്റൊരു തൊഴിലാളിയും ഹൃദയാഘാതത്തെ തുടര്‍ന്ന് ഞായറാഴ്ച ഒരു അഗ്‌നിശമന സേനാംഗവും മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ജൂണ്‍ അവസാനത്തോടെ തുര്‍ക്കിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 17 ആയി ഉയര്‍ന്നു. ബുധനാഴ്ച പടിഞ്ഞാറന്‍ തുര്‍ക്കിയയിലെ എക്‌സീറിലുണ്ടായ തീപിടിത്തത്തില്‍ 10 അഗ്‌നിരക്ഷാപ്രവര്‍ത്തകരും വനപാലകരും കൊല്ലപ്പെട്ടു.തുര്‍ക്കിയിലെ നാലാമത്തെ വലിയ നഗരമായ ബര്‍സയിലേക്ക് പടര്‍ന്ന കാട്ടുതീ മൂലം 3,500-ലധികം ആളുകള്‍ പലായനം ചെയ്തു. തിങ്കളാഴ്ച രാവിലെയും തീപടര്‍ന്നു പിടിക്കുകയാണ്. മൂടല്‍മഞ്ഞുപോലെ നഗരത്തില്‍ പുകനിറഞ്ഞുനില്‍ക്കുന്നു.

ഉയര്‍ന്ന താപനിലയും വരണ്ട കാലാവസ്ഥയും ശക്തമായ കാറ്റും കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമാകുകയാണ്. തുര്‍ക്കിയയും കിഴക്കന്‍ മെഡിറ്ററേനിയന്റെ മറ്റ് ഭാഗങ്ങളിലും ഉഷ്ണതരംഗത്തിന്റെ അളവ് ഉയരുകയാണ്.കഴിഞ്ഞ ഒരു മാസത്തിനിടെ തുര്‍ക്കിയയില്‍ നൂറുകണക്കിന് സ്ഥലങ്ങളില്‍ തീപിടിത്തങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ചുരുക്കം വീടുകളിലേക്കുള്ള നാശനഷ്ടങ്ങള്‍ അഗ്‌നിശമന സേനാംഗങ്ങള്‍ നിയന്ത്രണവിധേയമാക്കിയെങ്കിലും, ഭൂരിഭാഗം വനപ്രദേശങ്ങളും കത്തിനശിച്ചു.

അതിനിടെ വനപാതയിലൂടെ സഞ്ചരിച്ച വാഹനം കുഴിയലകപ്പെട്ട് തീപിടിച്ചതും അപകടകാരണമായി. സന്നദ്ധപ്രവര്‍ത്തകരും അഗ്‌നിരക്ഷാപ്രവര്‍ത്തകരും തീ അണച്ചതായി ഐഎച്ച്എ റിപ്പോര്‍ട്ട് ചെയ്തു.തുര്‍ക്കിയയില്‍ ഞായറാഴ്ച മാത്രം 44 ഇടങ്ങളില്‍ തീപടരുന്നതായി വനം മന്ത്രി ഇബ്രാഹിം യുമാക്ലി പറഞ്ഞു. ബര്‍സ പ്രവിശ്യയിലെയും വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയയിലെ തീപിടുത്തങ്ങളും ഗുരുതരമായതായി അദ്ദേഹം തിരിച്ചറിഞ്ഞു.

പടിഞ്ഞാറന്‍ പ്രവിശ്യകളായ ഇസ്മിര്‍, ബിലെസിക് എന്നീ പ്രദേശങ്ങളെ ദുരന്തപ്രദേശങ്ങളായി പ്രഖ്യാപിച്ചു. തുര്‍ക്കിയിലെ 81 പ്രവിശ്യകളില്‍ 33 എണ്ണത്തിലായി 97 പേര്‍ക്കെതിരെ തീപിടുത്തവുമായി ബന്ധപ്പെട്ട് കേസെടുത്തതായി നീതിന്യായ മന്ത്രി യില്‍മാസ് തുങ്ക് പറഞ്ഞു. കാട്ടുതീ തെക്കന്‍ യൂറോപ്പിനെ വിഴുങ്ങിയപ്പോള്‍ പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടി. പ്രദേശവാസികളെ പലരെയും സ്വന്തം വീടുകളില്‍ നിന്നും ഒഴിപ്പിക്കേണ്ടതായും വന്നു. അന്തരീക്ഷ താപനില 44 ഡിഗ്രി സെല്‍ഷ്യസിലെത്തിയ ഗ്രീസിലും കാട്ടുതീ കടുത്ത നാശം വിതയ്ക്കുമ്പോള്‍ മോണ്ടെനെഗ്രൊ, അല്‍ബേനിയ എന്നിവിടങ്ങളിലും കാട്ടുതീ പടരുകയാണ്.

മോണ്ടെനെഗ്രോയുടെ തലസ്ഥാനമായ പോഡ്‌ഗോറിക്കയില്‍ ഇന്നലെ കത്തിയെരിഞ്ഞ മരക്കൊമ്പുകളില്‍ നിന്നുയര്‍ന്ന പുക അന്തരീക്ഷമാകെ വ്യാപിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വലിയ അഗ്‌നിജ്വാലകളും ദൃശ്യമായിരുന്നു. അതിനിടയില്‍ ഈ വാരാന്ത്യത്തില്‍ അല്‍ബേനിയയില്‍ ബ്യുക്വിസയിലും തീ പടര്‍ന്നു. തീയണയ്ക്കാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ കഠിന പ്രയത്‌നം നടത്തുകയാണ്.രാജ്യത്ത് ഇന്നലെ 26 ഇടങ്ങളിലാണ് അഗ്‌നിബാധയുണ്ടായത്. അതിനു മുന്‍പായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഡീവിന പട്ടണത്തിലും വലിയ തോതില്‍ അഗ്‌നിബാധയുണ്ടായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏകദേശം രണ്ടായിരത്തോളം പേരെയാണ് അവിടെ നിന്നും ഒഴിപ്പിക്കേണ്ടതായി വന്നത്.

അസാധാരണമാം വിധം ഉയര്‍ന്ന താപനിലയാണ് അഗ്‌നിബാധക്ക് കാരണമായത്. ഉണങ്ങിയ സസ്യജാലങ്ങളും ശക്തമായ കാറ്റും തീ പടരുവാന്‍ കാരണമായി. അതിനിടെ തുര്‍ക്കിയിലെ ബര്‍സ നഗരത്തെ ചുറ്റിക്കിടക്കുന്ന പര്‍വ്വത പ്രദേശങ്ങളിലെ വന മേഖലയില്‍ നിന്നും ഇന്നലെ രാത്രി വന്‍ അഗ്‌നിനാളങ്ങള്‍ അന്തരീക്ഷത്തിലേക്ക് ഉയരുന്നത് കാണാമായിരുന്നു. സൈപ്രസ്സും കാട്ടുതീയ്ക്ക് ഇരയായിരിക്കുകയാണ്.ബുര്‍സ നഗരത്തില്‍ നിന്നും 1760 പേരെ ഒഴിപ്പിച്ചതായി ഗവര്‍ണറുടെ ഓഫീസ് അറിയിച്ചു. ബുര്‍സയില്‍ നിന്നും തലസ്ഥാനമായ അങ്കാറയിലെക്കുള്ള ഹൈവേക്ക് സമീപമുള്ള കാടുകള്‍ക്കും തീ പിടിച്ചതോടെ ഹൈവെ പൂര്‍ണ്ണമായും അടച്ചിട്ടു.

Tags:    

Similar News