ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; പെരിന്തല്‍മണ്ണയില്‍ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനെന്ന് സി.പി.എം; ആരോപണവുമായി തട്ടിപ്പിന് ഇരയായ ഉണ്ണികൃഷ്ണനും

നജീബ് കാന്തപുരം എം.എല്‍.എയുടെ നേതൃത്വത്തില്‍ കോടികളുടെ തട്ടിപ്പെന്ന് ആരോപണം

Update: 2025-02-06 15:20 GMT

മലപ്പുറം: ഇരുചക്ര വാഹനങ്ങള്‍ പകുതി വിലയ്ക്ക് വാഗ്ദാനം ചെയ്ത് നജീബ് കാന്തപുരം എം.എല്‍.എയും മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനും കോടികള്‍ തട്ടിയതായി സിപിഎം പെരിന്തല്‍മണ്ണ ഏരിയ കമ്മിറ്റി ആരോപിച്ചു. പെരിന്തല്‍മണ്ണ എം.എല്‍.എ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ വഴി മണ്ഡലത്തിലെ നൂറുകണക്കിന് പേരില്‍ നിന്ന് കോടികളാണ് പിരിച്ചതെന്നാണു പരാതി.

നജീബ് കാന്തപുരം എം എല്‍ എ സ്ഥാനം രാജിവെക്കണമെന്നും സി പി എം പെരിന്തല്‍മണ്ണ ഏരിയാ കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ആയിരം കോടിയുടെ തട്ടിപ്പിനു കൂട്ടുനിന്നത് നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള മുദ്രാ ചാരിറ്റബിള്‍ ഫൗണ്ടേഷനാണ്. പത്രക്കുറിപ്പിറക്കി ആവശ്യക്കാരോട് എം എല്‍ എ ഓഫീസുമായി ബന്ധപ്പെടാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സി പി എം പെരിന്തല്‍മണ്ണ ഏരിയാ സെക്രട്ടറി ഇ രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പണമടച്ചവര്‍ക്ക് മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ രസീതിയാണ് നല്‍കിയത്. പണമടച്ചാല്‍ 40 ദിവസത്തിനുള്ളില്‍ ലാപ്ടോപ്പും സ്‌കൂട്ടറും നല്‍കുമെന്നായിരുന്നു വാഗ്ദാനം. മുസ്ലിംലീഗിന്റെ ഭാരവാഹികളടക്കം പരിപാടിയുടെ പ്രചാരകരായിട്ടുണ്ട്. തട്ടിപ്പാണെന്ന് അറിഞ്ഞിട്ടും എം എല്‍ എ കൂട്ടുനില്‍ക്കുകയായിരുന്നു. കമ്പനിയുടെ ഉറവിടം അറിയേണ്ടത് അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണ്. പണം നല്‍കിയവര്‍ പെരിന്തല്‍മണ്ണ പോലീസിലടക്കം പരാതി നല്‍കിയിട്ടുണ്ട്. പണം തിരിച്ചുകൊടുക്കാന്‍ ആവശ്യമായ നടപടിയുണ്ടാവണമെന്നും രാജേഷ് പറഞ്ഞു.

നജീബ് കാന്തപുരത്തിന്റെ ഫണ്ടിങ് ഉറവിടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ ശ്യാംപ്രസാദ് ആവശ്യപ്പെട്ടു. മറ്റിടങ്ങളില്‍ വാങ്ങിയ തുകയേക്കാള്‍ കൂടുതലാണ് പെരിന്തല്‍മണ്ണയില്‍ വാങ്ങിയത്. മറ്റിടങ്ങളില്‍ ലാപ്ടോപ്പിനു 20,000 വാങ്ങിയപ്പോള്‍, പെരിന്തല്‍മണ്ണയില്‍ 21,000 ആണ്. സ്‌കൂട്ടറിനു 4000 രൂപ അധികം വാങ്ങിയിട്ടുണ്ട്. ലഭിച്ച വിവരങ്ങള്‍ പ്രകാരം രണ്ടുകോടിയുടെ തട്ടിപ്പാണുണ്ടായത്.

എം എല്‍ എയുടെ പല പദ്ധതികളിലും സ്വര്‍ണ്ണക്കടത്തുകാരുടെ കള്ളപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നുള്ള പ്രാഥമിക വിവരമുണ്ട്. കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നും അന്വേഷണ ഏജന്‍സികളെ അറിയിക്കുമെന്നും ശ്യാംപ്രസാദ് പറഞ്ഞു. രാവിലെ ഒന്‍പതിനു ഡി വൈ എഫ് ഐ പെരിന്തല്‍മണ്ണ ബ്ലോക്ക് കമ്മിറ്റി എം എല്‍ എ യുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. പണം തിരികെ നല്‍കിയില്ലെങ്കില്‍ തുടര്‍ച്ചയായ പ്രക്ഷോഭമുണ്ടാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

'കഴിഞ്ഞ സെപ്റ്റംബറില്‍ എന്റെ മകള്‍ക്കായി 21,000 രൂപ നല്‍കിയാണ് ഒരു ലാപ്ടോപ്പ് ബുക്ക് ചെയ്തത്. എനിക്ക് ലഭിച്ച രസീത് എംസി.എഫിന്റെ പേരിലായിരുന്നു. 40 ദിവസത്തിനുള്ളില്‍ ഉല്‍പ്പന്നം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു, പിന്നീട് ഇത് നാല് മാസമായി മാറ്റി. ഇപ്പോഴും ലാപ്ടോപ് ലഭിച്ചിട്ടില്ല. എംഎല്‍എ ഓഫീസില്‍ അന്വേഷണത്തിന് പോയപ്പോള്‍ ലാപ്ടോപ് എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് അവര്‍ക്കും വ്യക്തതയില്ല,' തട്ടിപ്പിന് ഇരയായ ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

പെരിന്തല്‍മണ്ണ പോലീസിന് ഇതുവരെ രണ്ടു ഔദ്യോഗിക പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായതായി സംശയിക്കുന്നതായും അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ ഡി വൈ എഫ് ഐ നാളെ എം എല്‍ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും. സി എസ് ആര്‍ ഫണ്ടിന്റെ മറവില്‍ എം എല്‍ എ കള്ളപ്പണം വെളുപ്പിക്കുന്നതായുള്ള ആരോപണം ഡി വൈ എഫ് ഐ ഉന്നയിച്ചു. ഇത് സംബന്ധിച്ച കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉടനെ ഉണ്ടാകുമെന്ന് ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ് പറഞ്ഞു.


Tags:    

Similar News