ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും; സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്; വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്സൈറ്റ് പുറത്തിറക്കും; ബിജെപി ലക്ഷ്യം വര്‍ഗീയ വിഭജനമെന്ന് കോണ്‍ഗ്രസ്

ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് ഇന്ന് നിലവില്‍ വരും

Update: 2025-01-27 02:51 GMT

റാഞ്ചി: ഉത്തരാഖണ്ഡില്‍ തിങ്കളാഴ്ച മുതല്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പിലാക്കും. ഇതോടെ സ്വാതന്ത്ര്യത്തിന് ശേഷം ഏക സിവില്‍ കോഡ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. വിവാഹം ഉള്‍പ്പടെയുള്ളവ രജിസ്റ്റര്‍ ചെയ്യാനുള്ള യു.സി.സി വെബ്സൈറ്റ് തിങ്കളാഴ്ച ഉച്ചക്ക് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഉദ്ഘാടനം ചെയ്യും.

നേരത്തെ ഇത് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് ജനുവരി മുതല്‍ ഏക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പുഷ്‌കര്‍ സിംഗ് ധാമി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഉത്തരാഖണ്ഡില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം സംസ്ഥാനത്ത് യുസിസി നടപ്പാക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാന്‍ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ തീരുമാനിച്ചിരുന്നു. ഈ കമ്മറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് യു.സി.സി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. യുണിഫോം സിവില്‍ കോഡ് ഉത്തരാഖണ്ഡ് 2024 ബില്‍ ഫെബ്രുവരി ഏഴിന് സംസ്ഥാന നിയമസഭയില്‍ പാസാക്കി. രാഷ്ട്രപതിയുടെ അനുമതി ലഭിച്ചതിന് ശേഷം മാര്‍ച്ച് 12 ന് വിജ്ഞാപനം ചെയ്യുകയായിരുന്നു. നാല് സെക്ഷനുകളിലായി 182 പേജാണ് ബില്ലിനുള്ളത്.

ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും. ഏത് മതാചാര പ്രകാരം വിവാഹം നടന്നാലും 60 ദിവസത്തിനകം യു സി സി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ സ്വത്തവകാശം, ലിവിംഗ് ടുഗെദര്‍ ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധം, എന്നിവയാണ് നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍.

അതേസമയം കേന്ദ്ര വിഷയം ആയതിനാല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പാസാക്കിയാല്‍ മാത്രമേ, രാജ്യവ്യാപകമായി നിയമം പാസാകുകയുള്ളൂ. എന്നാല്‍, വര്‍ഗീയ വിഭജനമാണ് ബി ജെ പി ലക്ഷ്യമിടുന്നതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ആദിവാസികളെയും ചില പ്രത്യേക സമുദായത്തെയും നിയമത്തിന്റെ പരിധിയില്‍ നിന്നും നിലവില്‍ ഒഴിവാക്കിയിട്ടുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഒറ്റ നിയമമാകും ഇന്ന് മുതല്‍ ബാധകമാക്കുക. എല്ലാതരം വിവേചനങ്ങളും ഇല്ലാതാക്കുകയാണ് യു സി സിയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ പക്ഷം.

അതേസമയം യു സി സിക്കെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പ് തുടരുകയാണ്. യു സി സി നടപ്പാക്കുക അസാധ്യമാണെന്നും, മതാടിസ്ഥാനത്തില്‍ ആളുകളെ വിഭജിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. നാളെ പ്രധാനമന്ത്രി സംസ്ഥാനത്തെത്താനിരിക്കെയാണ് നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലടക്കം ബി ജെ പിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി ബി ജെ പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും ബി ജെ പി, യു സി സി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം ഇനി സജീവമാക്കിയേക്കും.

Tags:    

Similar News