അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നല്‍കുന്നത് നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍; കുടിയേറ്റം നിയന്ത്രിക്കാന്‍ ഇമ്മിഗ്രേഷന്‍ കോണ്‍ക്ലേവും സംഘടിപ്പിക്കും; അഭയാര്‍ത്ഥികളോട് കടുപ്പിക്കാന്‍ യുകെയും
അനധികൃത കുടിയേറ്റക്കാര്‍ക്ക് ഡിപെന്‍ഡന്റ് വിസ നല്‍കുന്നത് നിരോധിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍
ലണ്ടന്‍: അനധികൃതമായി ബ്രിട്ടനില്‍ എത്തിയവര്‍ക്ക് ബ്രിട്ടനില്‍ താമസം ഉറപ്പാക്കുന്നതില്‍ അന്താരാഷ്ട്ര നിയമങ്ങള്‍ എപ്രകാരം ഉപയോഗിക്കപ്പെടുന്നു എന്നതിനെ കുറിച്ച് പരിശോധിക്കുകയാണെന്ന് ഹോം സെക്രട്ടറി യുവെറ്റ് കൂപ്പര്‍ അറിയിച്ചു. ബ്രിട്ടനില്‍ താമസിക്കുന്നതിനായി പലരും ഉയര്‍ത്തിക്കാണിക്കുന്ന കുടുംബത്തോടൊപ്പം താമസിക്കുന്നതിനുള്ള അവകാശം എന്ന മനുഷ്യാവകാശ നിയമത്തിലെ ആര്‍ട്ടിക്കിള്‍ ഏട് എപ്രകാരം പ്രയോജനപ്പെടുത്തുന്നു എന്നതാണ് പഠന വിധേയമാക്കുന്നത്. ചെറു യാനങ്ങളില്‍ ചാനല്‍ കടന്നെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നതിനായി ഹോം ഡിപ്പാര്‍ട്ട്‌മെന്റ് എടുക്കുന്ന നടപടികളുടെ ഭാഗമാണിത്.
മതിയായ വിസ സ്റ്റാറ്റസ് ഇല്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കുന്ന ടേക്ക് എവേകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് നേരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്. അതുകൂടാതെ, അനധികൃത കുടിയേറ്റ കുറ്റങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് ലണ്ടനില്‍ ഒരു അന്താരാഷ്ട്ര ഉച്ചകോടി വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. അഭയാര്‍ത്ഥികളുമായി ബന്ധപ്പെട്ട നിരവധി കേസുകളില്‍ ആര്‍ട്ടിക്കിള്‍ എട്ട് വിവാദത്തിലായിട്ടുണ്ട്. യുക്രെയിന്‍ സെറ്റില്‍മെന്റ് പദ്ധതി അനുസരിച്ച്, യു കെയില്‍ താമസിക്കാന്‍ ഒരു പാലസ്തീനിയന്‍ കുടുംബം സമര്‍പ്പിച്ച പരാതിയില്‍ ഉള്‍പ്പടെ ഈ ആര്‍ട്ടിക്കിളായിരുന്നു ഉപയോഗിച്ചിരുന്നത്.
അനധികൃത കുടിയേറ്റം നിയന്ത്രിക്കാന്‍ ഇമിഗ്രേഷന്‍ കോണ്‍ക്ലേവ്
നാല്‍പ്പതിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത, അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉച്ചകോടിക്ക് ആതിഥേയത്വം ഒരുക്കുകയാണ് ബ്രിട്ടന്‍. അനധികൃത കുടിയേറ്റത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടു. മനുഷ്യക്കടത്ത് സംഘങ്ങളെ തകര്‍ക്കുവാന്‍, പുതിയ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ആദ്യമായി നടക്കുന്ന ഉച്ചകോടിയാണിത്.
അന്താരാഷ്ട്ര ലോ എന്‍ഫോഴ്സ്‌മെന്റ് ടീമുകളെ ഉള്‍പ്പെടുത്തി മനുഷ്യക്കടത്ത് സംഘത്തിന്റെ പ്രവര്‍ത്തനവും അവരെ സഹായിക്കുന്ന രീതിയില്‍, ചെറു ബോട്ടുകള്‍ നിര്‍മ്മിച്ചു നല്‍കുക തുടങ്ങി പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രവര്‍ത്തനവും തടയുന്നതിനായി ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡെയ്ലി മെയിലില്‍ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യൂറോപ്പ്, ബാള്‍ക്കന്‍, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന മനുഷ്യക്കടത്ത് പാതകളും, മനുഷ്യക്കടത്ത് സംഘങ്ങളുടെ അനധികൃത ധനവും, വിതരണ ശൃംഖലയുമെല്ലാം തകര്‍ക്കുന്നതിനായി 30 മില്യന്‍ പൗണ്ടിന്റെ സഹായം ഏര്‍പ്പെടുത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യക്കടത്തു സംഘങ്ങളെ പ്രോസിക്യൂട്ട് ചെയ്യുന്നത് വേഗത്തിലാക്കുന്നതിനായി ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വ്വീസിന് 3 മില്യന്റെ അധിക ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.