ജനുവരി എട്ട് മുതല്‍ യുകെ വിസ വേണമെങ്കില്‍ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസാവണം; മറ്റ് കടുംവെട്ട് നിയന്ത്രണങ്ങള്‍ക്ക് ഒപ്പം ബി2 ലെവല്‍ ഇംഗ്ലീഷ് പരീക്ഷയും തലവേദനയാകും; ബ്രിട്ടീഷുകാര്‍ക്ക് പോലും സാധിക്കാത്തത് മലയാളികള്‍ അടക്കമുള്ള കുടിയേറ്റക്കാര്‍ക്ക് പറ്റുമോ?

ജനുവരി എട്ട് മുതല്‍ യുകെ വിസ വേണമെങ്കില്‍ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസാവണം

Update: 2025-11-10 00:44 GMT

ലണ്ടന്‍: 2026 മുതല്‍ ചില കുടീയേറ്റക്കാര്‍ക്ക് ബ്രിട്ടനിലേക്കുള്ള വിസ ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷാ പ്രാവിണ്യം തെളിയിക്കുന്നതിനുള്ള എ ലെവല്‍ സ്റ്റാന്‍ഡേഎര്‍ഡ് ഇംഗ്ലീഷ് ടെസ്റ്റ് പാസ്സാകേണ്ടി വരും. കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ നിയമങ്ങളുടെ ഭാഗമായിട്ടാണിത്. കഴിഞ്ഞയാഴ്ചയായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. അടുത്ത വര്‍ഷം ജനൂവരി 8 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അതിന് ശേഷം സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കോ, സ്‌കെയില്‍ അപ് വിസയ്ക്കോ അപേക്ഷിക്കുന്നവര്‍ക്ക് ഇത് ബാധകമായിരിക്കും.

ഈ വിസകള്‍ക്കായി അപേക്ഷിക്കുന്നവര്‍ക്ക് ഇംഗ്ലീഷില്‍ ബ്2 ലെവല്‍ നേടേണ്ടതായി വരും. നിലവില്‍ ജി സി എസ് ഇയിലെ ബി1 സ്റ്റാന്‍ഡേര്‍ഡിന് തത്തുല്യമായ ഭാഷാ പ്രാവീണ്യം മതിയാകും. ജനുവരി മുതല്‍ വിസ അപേക്ഷ പരിഗണിക്കപ്പെടുന്നതിന് ഇംഗ്ലീഷില്‍ എ ലെവല്‍ പരീക്ഷ എഴുതി പാസ്സാകേണ്ടതായി വരും. എന്നാല്‍, പ്രമുഖ പത്രപ്രവര്‍ത്തക ടിക്ടോക്കില്‍ സാധാരണ എ ലെവല്‍ സ്റ്റാന്‍ഡേര്‍ഡ് ചോദ്യങ്ങള്‍ പങ്കു വച്ചതിന് നിരവധി ബ്രിട്ടീഷ് പൗരന്മാര്‍ക്ക് പോലും ശരിയായ ഉത്തരം നല്‍കാനായില്ല എന്നതാണ് വസ്തുത. മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസാണ് ഇക്കാര്യം പങ്ക് വച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടനിലെക്കെത്തുന്ന സ്‌കില്‍ഡ് വര്‍ക്കര്‍ വിഭാഗത്തില്‍ പെടുന്ന കുടിയേറ്റക്കാര്‍ നിര്‍ബന്ധമാവും വിജയിച്ചിരിക്കേണ്ട ഈ ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമോ എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലെ ചോദ്യങ്ങള്‍ പരിശോധിച്ച്, എത്രയെണ്ണത്തിന്, എത്രപേര്‍ക്ക് ശരിയായ ഉത്തരം നല്‍കാനാകും എന്ന് നോക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നുണ്ട്. സങ്കീര്‍ണ്ണമായ ഇംഗ്ലീഷ് വ്യാകരണം ഉള്‍പ്പെടുന്നതാണ് ചോദ്യങ്ങളില്‍ പലതും.

ഈ ചോദ്യങ്ങളിലെ വ്യാകരണ അസംബന്ധങ്ങളാണ് ബി 2 ലെവല്‍ പഠിതാക്കള്‍ അറിഞ്ഞിരിക്കണമെന്ന് വാശിപിടിക്കുന്നത് എന്നും വീഡിയോയുടെ അവസാനം അവര്‍ പറയുന്നു. ബ്രിട്ടീഷുകാരില്‍ തന്നെ എത്രപേര്‍ക്ക് ഈ ചോദ്യങ്ങള്‍ക്ക് ശരിയുത്തരം നല്‍കാന്‍ കഴിയുമെന്ന് അറിയണമെന്നും അവര്‍ പറയുന്നു. എന്നാല്‍, ഈ പോസ്റ്റിനോട് പ്രതികരിച്ചവരില്‍ കൂടുതല്‍ പേരും തങ്ങള്‍ക്ക് പരീക്ഷ പാസ്സാകാന്‍ കഴിഞ്ഞില്ലെന്ന് സമ്മതിക്കുന്നുണ്ട്. സ്‌കൂള്‍ കാലഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ എ ലെവല്‍ നേടിയവര്‍പോലും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുക ക്ലേശമേറിയ ഒരു കാര്യമാണെന്ന് പറയുന്നു.

അടുത്തവര്‍ഷം മുതല്‍ സ്‌കില്‍ഡ് വര്‍ക്കര്‍, സ്‌കെയില്‍ അപ്, ഹൈ പൊട്ടെന്‍ഷ്യല്‍ ഇന്‍ഡിവിഡ്വല്‍ (എച്ച് പി ഐ) വിസകളില്‍ ബ്രിട്ടനിലേക്ക് വരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ മാറ്റങ്ങള്‍ ബാധകമാവും. ഇതില്‍ സ്‌കെയില്‍ അപ് വിസകള്‍ അതിവേഗം വളരുന്ന കമ്പനികളിലെ ജോലികള്‍ക്കായി എത്തുന്നവര്‍ക്ക് നല്‍കുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടയില്‍ ഏതെങ്കിലും ഗ്ലോബല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും വിദ്യാഭ്യാസ യോഗ്യത നേടിയവര്‍ക്കുള്ളതാണ് എച്ച് പി ഐ വിസ.

Tags:    

Similar News