ബ്രിട്ടനിലും രാഷ്ട്രീയ പാര്‍ട്ടികളുടെ എണ്ണം കൂടുന്നു; നേര്‍ക്ക് നേര്‍ പോരാടുന്ന ലേബര്‍ - ടോറി യുഗത്തിന് അവസാനം; റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേ

റീഫോം വന്നതോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ ബ്രിട്ടനും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വഴിയേ

Update: 2025-05-06 04:49 GMT

ലണ്ടന്‍: ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ശക്തി കാണിച്ച റിഫോം യു കെ പാര്‍ട്ടി ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ലമെന്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത വിജയവും അറുന്നൂറിലധികം കൗണ്‍സില്‍ സീറ്റുകളില്‍ വിജയിച്ചതുമെല്ലാം വലതുപക്ഷ ആശയങ്ങള്‍ വെച്ചുപുലര്‍ത്തുന്ന റിഫോം യു കെയ്ക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നിരിക്കുകയാണ്. മാത്രമല്ല, പത്തോളം കൗണ്‍സിലുകളുടെ നിയന്ത്രണവും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

ഇതോടെ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയതായും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതുവരെ ബ്രിട്ടന്‍ പിന്തുടര്‍ന്നുപോന്ന ദ്വികക്ഷി രാഷ്ട്രീയത്തിന്റെ കടയ്ക്കലാണ് തന്റെ വിജയത്തിലൂടെ നെയ്ജല്‍ ഫരാജ് കത്തി വെച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടുകളിലെല്ലാം ബ്രിട്ടനിലെ അധികാരം ലേബര്‍ പാര്‍ട്ടിക്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും ഇടയില്‍ പങ്കുവയ്ക്കപ്പെടുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഫരാജിന്റെ പാര്‍ട്ടിക്ക് വ്യക്തമായ വിജയം ലഭിക്കുകയും മറ്റ് ചെറു പാര്‍ട്ടികളെല്ലാം നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തതോടെ നൂറ്റാണ്ടുകള്‍ നീണ്ട ബ്രിട്ടീഷ് രാഷ്ട്രീയ വ്യവസ്ഥിതിയുടെ അടിവേരിളകാന്‍ തുടങ്ങിയിരിക്കുകയാണ്.

രണ്ട് പ്രധാന പാര്‍ട്ടികള്‍ക്കും, നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കിയിരിക്കുകയാണ് ബ്രിട്ടീഷ് ജനത എന്നാണ് മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസര്‍ റോബര്‍ട്ട് ഫോര്‍ഡ്. കഴിഞ്ഞ വര്‍ഷം അധികാരം നഷ്ടപ്പെട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. തകരുന്ന സമ്പദ്വ്യവസ്ഥയില്‍ രോഷാകുലരായ ജനങ്ങള്‍ ലേബര്‍ പാര്‍ട്ടിക്കും തിരിച്ചടി നല്‍കി.

തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം അടുത്ത പൊതു തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും എന്നാണ് പ്രൊഫസര്‍ ഫോര്‍ഡ് പറയുന്നത്. അങ്ങനെയെങ്കില്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ഇനിയൊരിക്കലും പാര്‍ലമെന്റില്‍ ഒരു ശക്തമായ സാന്നിദ്ധ്യമായി തുടരാനാകില്ലെന്നും പ്രൊഫസര്‍ പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്ന ഫലം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുമെന്നാണ് സ്റ്റാര്‍മറുടെ മുന്‍ പോളിസി ഉപദേഷ്ടാവായ ക്ലെയര്‍ ഐന്‍സ്ലി പറയുന്നത്. വോട്ടര്‍മാര്‍ പാരമ്പര്യമായി ഏതെങ്കിലും ഒരു പാര്‍ട്ടിയോട് കാണിക്കുന്ന വിധേയത്വം മാറിമറയുമെന്നും എയ്ന്‍സ്ലി പറയുന്നു. രണ്ട് പ്രധാന പാര്‍ട്ടിക്കുള്ള പിന്തുണ ക്രമേണ മറ്റ് ചെറു പാര്‍ട്ടികള്‍ക്കായി വിഭജിക്കപ്പെടും.

Tags:    

Similar News