നിയന്ത്രണമില്ലാതെ കെയറര്‍ വിസ കൊടുത്തതോടെ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍; പൊടുന്നനെ വാതില്‍ അടച്ചപ്പോള്‍ ഷോര്‍ട്ടേജ് ഉള്ള മേഖലകളിലും ആളില്ലാതായി; തലതിരിഞ്ഞ കുടിയേറ്റ നിയമങ്ങള്‍ അപ്പാടെ മാറ്റിയെഴുതാന്‍ നീക്കങ്ങളുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

നിയന്ത്രണമില്ലാതെ കെയറര്‍ വിസ കൊടുത്തതോടെ ഒഴുകിയെത്തിയത് ലക്ഷങ്ങള്‍

Update: 2025-04-08 01:34 GMT

ലണ്ടന്‍: കുടിയേറ്റക്കാരില്ലാതെ ബ്രിട്ടന് മുന്‍പോട്ട് പോകാന്‍ കഴിയില്ല. എന്നാല്‍ കുടിയേറ്റത്തിന് നിയന്ത്രണം ഇല്ലെങ്കില്‍ ജനരോഷം ശക്തമാകും. അതിനുള്ള ഏക വഴി നെറ്റ് ഇമ്മിഗ്രെഷന്‍ നിയന്ത്രിക്കുകയാണ്. അങ്ങനെ ചെയ്യുമ്പോള്‍ ഷോര്‍ട്ടേജ് ഉള്ള മേഖലകളിലും ആളില്ലാതാവും. ഇതിനെ എങ്ങനെ മാറി കടക്കണം എന്നറിയാതെ വിഷമിക്കുകയാണ് ബ്രിട്ടീഷ് ബ്യുറോക്രസി.

കോവിഡിന് ശേഷമുള്ള പ്രതിസന്ധി മറികടക്കാന്‍ ഇളവ് അനുവദിച്ചതോടെ ലക്ഷങ്ങളാണ് കെയറര്‍ വിസയില്‍ കയറി വന്നത്. സ്റ്റുഡന്റ് വിസയില്‍ എത്തി കെയറര്‍ വിസയിലേക്ക് മാറി രക്ഷപ്പെട്ടതും ആയിരങ്ങളാണ്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ ഊര്‍ദ്ധശ്വാസം വലിച്ചു തുടങ്ങി. കാരണം വിസ പുതുക്കാന്‍ പ്രയാസങ്ങള്‍ നേരിടുന്നു. അതിനിടയിലാണ് ആളെ എടുക്കേണ്ട മേഖലകളില്‍ പോലും നിയന്ത്രണം വിനയാകുന്നത്. കുടിയേറ്റ നിയമങ്ങള്‍ അടിമുടി പൊളിച്ചെഴുതി പ്രശ്‌ന പരിഹാരത്തിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ ഇപ്പോള്‍.

ഇതിന് ഫലപ്രദമായ ഒരു പരിഹാരവുമായി മുന്‍പോട്ട് വരാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനിടയിലാണ് ബ്രിട്ടന്‍ നല്‍കിയ വിസകളില്‍ മൂന്നിലൊന്നും നല്‍കിയിരിക്കുന്നത് ഉയര്‍ന്ന നൈപുണികളുള്ള വിദേശ തൊഴിലാളികള്‍ക്കാണ് എന്ന വിവരം പുറത്തു വരുന്നത്. ബ്രിട്ടന്റെ സാമ്പത്തിക വളര്‍ച്ചയെ സഹായിക്കും എന്നതിനാലാണിത്. 2024 അവസാനം വരെയുള്ള നാല് വര്‍ഷക്കാലയളവില്‍, 5,60,000 വിസകളില്‍ 1,81,000 ല്‍ താഴെ വിസകള്‍ മാത്രമാണ് അതീവ പ്രാധ്യാന്യമുള്ള മേഖലകള്‍ക്കായി നല്‍കിയിരിക്കുന്നത് എന്ന് ഹോം ഓഫീസ് രേഖകള്‍ കാണിക്കുന്നു.

അതായത്, സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതില്‍ സുപ്രധാനമെന്ന് സര്‍ക്കാര്‍ വിലയിരുത്തിയ എട്ട് മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ലഭിച്ചിരിക്കുന്നത് 32 ശതമാനത്തില്‍ താഴെ വിസ മാത്രമാണെന്ന് ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് 2030 ആകുമ്പോഴേക്കും ലൈഫ് സയന്‍സുമായി ബന്ധപ്പെട്ട 1,33,000 ഒഴിവുകള്‍ ഉണ്ടാകുമെങ്കിലും അതുമായി ബന്ധപ്പെട്ട നൈപുണി ഉള്ളവര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടെ നല്‍കിയത് 16,000 വിസകള്‍ മാത്രമാണെന്നാണ്.

സമാനമായ രീതിയില്‍, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഡിഫന്‍സ്, അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, ക്രിയേറ്റീവ് ഇന്‍ഡസ്ട്രീസ്, ഡിജിറ്റല്‍ ആന്‍ഡ് ടെക്‌നോളജി മേഖല, ക്ലീന്‍ എനെര്‍ജി മേഖല എന്നിവയിലും കടുത്ത രീതിയില്‍ സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെ ക്ഷാമ നേരിടുന്നുണ്ടെന്ന് ഡാറ്റകള്‍ പറയുന്നു. ഇതോടെ ബ്രിട്ടന്റെ വിസ സിസ്റ്റം കാര്യപ്രാപ്തിയില്ലാത്തതും ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിവില്ലാത്തതുമാണെന്ന ആരോപണം ഉയരുകയാണ്. മാത്രമല്ല, കൂടുതല്‍ ഹൈലി - സ്‌കില്‍ദ് വര്‍ക്കര്‍മാരെ ബ്രിട്ടനിലെത്തിക്കാന്‍ വിസ സിസ്റ്റം അടിമുടി പരിഷ്‌കരിക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്.

നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള സര്‍ കീര്‍ സ്റ്റാര്‍മറുടെ പദ്ധതികള്‍ ഈസ്റ്ററിന്‌ശേഷം മാത്രമെ പുറത്തു വിടുകയുള്ളു എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുടെ പുതിയ ടാരിഫില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്ന വ്യവസായ മേഖലയെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ് ഇത് വൈകുന്നത്. ഇമിഗ്രേഷന്‍ നിരക്ക് കുറയ്ക്കുന്നതിനായി നിയമങ്ങള്‍ കര്‍ശനമാക്കുമെന്ന് നവംബറില്‍ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. 2024 ജൂണില്‍ അവസാനിച്ച ഒരു വര്‍ഷത്തില്‍ നെറ്റ് ഇമിഗ്രേഷന്‍ 7,28,000 ആയി കുറഞ്ഞിരുന്നു. എന്നാല്‍, അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പായി ഇത് ഇനിയും വലിയ തോതില്‍ കുറയ്ക്കുവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Tags:    

Similar News