കെയറര്‍ വിസക്ക് യുകെയില്‍ ഉള്ളവരെ ആദ്യം പരിഗണിക്കണം; മിനിമം സാലറി ഉയര്‍ത്തി; ഡിപന്‍ഡന്റുമാര്‍ക്ക് വിസയില്ല; എന്‍എച്ച്എസ് സര്‍ചാര്‍ജും ഉയര്‍ത്തി; വിസ ഫീസുകളും ഉയര്‍ന്നു; ഫാമിലി വിസക്ക് ഉയര്‍ന്ന ശമ്പള മാനദണ്ഡം: ഈ മാസം മുതല്‍ നിലവില്‍ വന്ന യുകെയിലെ മാറിയ കുടിയേറ്റ നിയമങ്ങള്‍ ഇങ്ങനെ

കെയറര്‍ വിസക്ക് യുകെയില്‍ ഉള്ളവരെ ആദ്യം പരിഗണിക്കണം

Update: 2025-04-20 05:15 GMT

ലണ്ടന്‍: ഏതെങ്കിലും ഒരു വിസയില്‍ ഇന്ത്യയില്‍ നിന്നുമെത്തി യുകെയില്‍ താമസിക്കുന്ന ഒരു വ്യക്തിയാണ് നിങ്ങളെങ്കില്‍ ഈമാസം ഈ രാജ്യത്ത് സംഭവിച്ചിരിക്കുന്ന കുടിയേറ്റ നിയമങ്ങളെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ബ്രിട്ടീഷ് പൗരത്വമോ പിആറോ ഇല്ലാത്ത എല്ലാവരെയും ബാധിക്കുന്ന സമഗ്രമായ മാറ്റമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. പിആര്‍ ഉള്ളവരാണെങ്കില്‍ കൂടി അവരുടെ ആശ്രിത വിസയില്‍ ആരെങ്കിലും ഇന്ത്യന്‍ പൗരത്വം ഉള്ളവരാണെങ്കില്‍ അവരെയും കൂടി ബാധിക്കും.

ഏറ്റവും പ്രധാനപ്പെട്ടത് ഒന്ന് വിസാ എക്സ്റ്റന്‍ഷന്റെ ഫീസ് അടക്കമുള്ളയില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നു. ഇമിഗ്രേഷന്‍ സര്‍ചാര്‍ജ്ജ് ഓരോ വര്‍ഷവും ഓരോ വ്യക്തിക്കും ആയിരം കടന്ന് മുന്നേറിയിരിക്കുന്നു. ഒരാളെ ആശ്രിത വിസയില്‍ കൊണ്ടുവരാനുള്ള യോഗ്യത മാറിയിരിക്കുന്നു. അങ്ങനെ അടിസ്ഥാനപരമായി മാറ്റം വന്നിട്ടുള്ള ഓരോ കാര്യങ്ങളും നിങ്ങളുടെ യുകെയിലെ താമസത്തെ ബാധിക്കുന്നതാണ്. വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു.

2025 ഏപ്രില്‍ 9 മുതല്‍ യു കെ ഇമിഗ്രേഷന്‍ നിയമങ്ങളില്‍ നിലവില്‍ വന്ന മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഈ മാറ്റങ്ങള്‍ എന്‍ എച്ച് എസ് ട്രസ്റ്റുകളുടെ വിദേശ റിക്രൂട്ട്‌മെന്റുകളെ എങ്ങനെ ബാധിക്കുമെന്ന് എന്‍ എച്ച് എസ് വിശദീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച്, പുതിയ കെയര്‍ വര്‍ക്കര്‍മാരെയും സീനിയര്‍ കെയര്‍ വര്‍ക്കര്‍മാരെയും വിദേശത്തുനിന്നും റിക്രൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, ഇംഗ്ലണ്ടില്‍ താമസിക്കുന്ന വര്‍ക്കറെ, റീജിയണല്‍ പാര്‍ട്ട്ണര്‍ഷിപ്പ് പദ്ധയുമായി ബന്ധപ്പെട്ട് നിയമിക്കാന്‍ ശ്രമിച്ചു എന്നതിന് തെളിവ് നല്‍കേണ്ടി വരും.

അതുപോലെ മിനിമം ശമ്പളം 25,000 പൗണ്ട് (മണിക്കൂറില്‍ 12.82 പൗണ്ട്) ആയിരിക്കണം. ഇത് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കും ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസക്കും ബാധകമാണ്. ശമ്പളം നിശ്ചയിക്കുമ്പോള്‍, സ്പോണ്‍സര്‍ ചെയ്യുന്ന വര്‍ക്കറില്‍ നിന്നും ഈടാക്കിയേക്കാവുന ബിസിനസ്സ് കോസ്റ്റ്, ഇമിഗ്രേഷന്‍ കോസ്റ്റ് തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ട്. സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് പുതിയ വിസകള്‍ക്കും വിസ പുതുക്കുന്നതിനും 525 പൗണ്ട് ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇമിഗ്രേഷന്‍ ഫീസിലൗം വിസ ഫീസിലും 7 ശതമാനത്തിന്റെ വര്‍ദ്ധനയും ഉണ്ടായിട്ടുണ്ട്.

അതുപോലെ 2024 മാര്‍ച്ച് 11 ന് ശേഷം റിക്രൂട്ട് ചെയ്യപ്പെട്ട കെയര്‍ വര്‍ക്കര്‍മാര്‍ക്കും (എസ് ഒ സി 6135) സീനിയര്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്കും (എസ് ഒ സി 6136) അവരുടെ ആശ്രിതരെ യു കെയിലേക്ക് കൊണ്ടുവരാന്‍ അനുവാദം ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍, മറ്റ് ഒക്കുപ്പേഷന്‍ കോഡില്‍ ഉള്ളവര്‍ക്ക് കുടുംബത്തെ കൂടെ കൊണ്ടുവരാന്‍ കഴിയും. അതുപോലെ സി ക്യു സിയില്‍ റെജിസ്റ്റര്‍ ചെയ്ത സേവന ദായകര്‍ക്ക് മാത്രമായിരിക്കും ഇംഗ്ലണ്ടില്‍ വിദേശ കെയര്‍ വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുവാന്‍ കഴിയുക. അതുപോലെ 2025 ഏപ്രില്‍ 9 ന് ശേഷമാണ് റിക്രൂട്ട് ചെയ്യുന്നതെങ്കില്‍, തൊഴിലുടമക്ക് ലൈസന്‍സ് നഷ്ടമായതിനാലോ, മതിയായ അളവില്‍ തൊഴില്‍ നല്‍കാന്‍ കഴിയാത്തതിനാലോ തൊഴില്‍ നഷ്ടപ്പെട്ട് ഇംഗ്ലണ്ടില്‍ താമസിക്കുന്നവരെ ആദ്യം പരിഗണിക്കണം.

ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ്ജിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. നിലവില്‍ ഒരു വ്യക്തിക്ക് ഒരു വര്‍ഷത്തേക്ക് ഇത് 1,035 പൗണ്ട് ആണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ക്കാണെങ്കില്‍ പ്രതിവര്‍ഷം 776 പൗണ്ട് നല്‍കിയാല്‍ മതിയാകും. എന്നാല്‍, എല്ല ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസ ഉടമകളെയും ഇമിഗ്രേഷന്‍ ഹെല്‍ത്ത് ചാര്‍ജ്ജ് നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സമാനമായ രീതിയില്‍ 2025 ഏപ്രില്‍ 9 മുതല്‍ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഫീസ് 239 പൗണ്ടില്‍ നിന്നും 525 പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. വിസ ഫീസിലും ഇമിഗ്രേഷന്‍ ഫീസിലും 7 ശതമാനത്തിന്റെ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

ഇതില്‍ സ്പോണ്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് സ്പോണ്‍സര്‍ തന്നെ വഹിക്കണം. അത് സ്പോണ്‍സര്‍ ചെയ്യപ്പെടുന്ന വ്യക്തികളില്‍ നിന്നും വാങ്ങൂവാന്‍ പാടില്ല. പുതിയ വിസക്കും, വിസ പുതുക്കലിനും എല്ലാം ഈ നിരക്കുകള്‍ ബാധകമായിരിക്കും. അതുപോലെ ഏപ്രില്‍ 11 മുതല്‍, ബ്രിട്ടനിലേക്ക് കുടുംബത്തെ കൊണ്ടുവരണമെങ്കില്‍ ചുരുങ്ങിയത് 29,000 പൗണ്ട് ശമ്പളമെങ്കിലും വേണം. ഇത് 38,700 പൗണ്ട് ആക്കി ഉയര്‍ത്താനുള്ള നടപടി തത്ക്കാലം മരവിപ്പിച്ചിരിക്കുകയാണ്.

Tags:    

Similar News